MovieNEWS

അമിതാഭ് ബച്ചനും പ്രഭാസിനും ദീപികയും ഒന്നിക്കുന്ന ചിത്രം ആരംഭിച്ചു

ദീപിക പദുകോണും പ്രഭാസും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ‘പ്രോജക്ട് കെ’ എന്നാണ് താല്‍ക്കാലികമായി നാമകരണം ചെയ്തിരിക്കുന്നത്. നാഗ് അശ്വിനാണ് സംവിധായകന്‍. ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രമാണ്.

ഹൈദരാബാദിലെ ഫിലിം സിറ്റിയില്‍ ഒരുക്കിയിരിക്കുന്ന ഭീമന്‍ സെറ്റിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്. ഡിസംബര്‍ 4 ന് പ്രൊജക്ട് കെയുടെ ചിത്രീകരണത്തിനായി ദീപിക ഹൈദരാബാദില്‍ എത്തിയിരുന്നു. ദീപികയും പ്രഭാസും ഒരുമിച്ചുള്ള രംഗങ്ങളാണ് ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്. പ്രഭാസിനും ദീപിക പദുക്കോണിനുമൊപ്പം അമിതാഭ് ബച്ചനും ചിത്രത്തിലെ ശക്തമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

‘ബച്ചന്‍ സാര്‍ ഞങ്ങളുടെ സിനിമ തിരഞ്ഞെടുത്ത് ഭാഗ്യവും അനുഗ്രഹവുമാണ്. ഇതിലൊരു മുഴുനീളവേഷമാണ് അദ്ദേഹം ചെയ്യുന്നത്. ആ ഇതിഹാസനായകനോട് നീതി പുലര്‍ത്താന്‍ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷയും.’ സംവിധായകന്‍ നാഗ് അശ്വിന്‍ പറഞ്ഞു.

ഈ പ്രൊജക്ടിലേയ്ക്കുള്ള അമിതാഭ് ബച്ചന്റെ രംഗപ്രവേശത്തെ സ്വാഗതം ചെയ്തുകൊണ്ട് നിര്‍മ്മാതാക്കളായ വൈജയന്തി മൂവീസ് ഒരു മിനിറ്റ് ദൈഘ്യമുള്ള ഒരു വീഡിയോയും പുറത്ത് വിട്ടിരുന്നു.

Back to top button
error: