കൊച്ചി: ലഹരി മാഫിയകള്‍ പിടിമുറുക്കുന്ന സാഹചര്യത്തില്‍ കൊച്ചിയിലെ ഡി ജെ പാര്‍ട്ടികളെ നിയന്ത്രിക്കാന്‍ കൊച്ചി പൊലീസ് നീക്കം തുടങ്ങി. ഇതുസംബന്ധിച്ച് ഡിജെ പാര്‍ട്ടികള്‍ നടത്തുന്ന ഹോട്ടലുകള്‍ക്ക് മുന്നറിയിപ്പ് നോട്ടീസ് നല്‍കാന്‍ പൊലീസ് തീരുമാനിച്ചു.
ഡിജെ പാര്‍ട്ടികളില്‍ ഹോട്ടല്‍ ഉടമകള്‍ക്ക് ഉത്തരവാദിത്തമുണ്ടായിരിക്കും. പാര്‍ട്ടിക്കിടെ മയക്ക് മരുന്ന് ഉപയോഗം തടയാന്‍ നടപടി എടുക്കണം. ഭാവിയില്‍ പാര്‍ട്ടിയില്‍ വെച്ച് മയക്കുമരുന്ന് പിടികൂടിയാല്‍ ഹോട്ടല്‍ ഉടമകളും സ്വമേധയാ പ്രതികളാവും. പൊലീസ് ആക്ടിലെ 67 വകുപ്പ് പ്രകാരമാണ് ഹോട്ടല്‍ ഉടമകള്‍ക്ക് നോട്ടീസ് നല്‍കുക. നര്‍കോട്ടിക്‌സ് കണ്‍ട്രാള്‍ ബ്യൂറോയുടെ കേസുകളിലും നോട്ടീസ് ബാധകമാകും. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പൊലീസ് ആരംഭിച്ചു. സ്ഥിരം ഡിജെ പാര്‍ട്ടി നടത്തുന്ന ഹോട്ടലുകളുടെ പട്ടിക പൊലീസ് ശേഖരിച്ചു. ഈ ഹോട്ടലുകള്‍ക്കാണ് ആദ്യം നോട്ടീസ് നല്‍കുക.
കൊച്ചിയില്‍ അപകടത്തില്‍ മരിച്ച മോഡലുകള്‍ പങ്കെടുത്ത പാര്‍ട്ടിയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് ഡിജെ പാര്‍ട്ടികളെയും ലഹരിമാഫിയകളുടെയും നിയന്ത്രിക്കാന്‍ പൊലീസ് നീക്കം തുടങ്ങിയത്.