IndiaNEWS

കൂനൂർ ഹെലികോപ്റ്റർ അപകടം: ഫോട്ടോഗ്രാഫർ കസ്റ്റഡിയിൽ;ഫോൺ പരിശോധനയ്ക്ക് അയച്ചു

രാജ്യം നടുങ്ങിയ കൂനൂരിലെ ഹെലികോപ്റ്റർ അപകടത്തിന്റെ തൊട്ടുമുമ്പുള്ള വിഡിയോ ദൃശ്യങ്ങൾ പകർത്തിയ ഫോൺ പൊലീസ് പരിശോധനയ്ക്ക് അയച്ചു. കോയമ്പത്തൂർ സ്വദേശിയായ വിവാഹ ഫൊട്ടോഗ്രഫർ ജോ എന്നയാളുടെ ഫോണാണ് ഫൊറൻസിക് ലാബിലേക്ക് അയച്ചത്.ഇയാൾ പോലീസ് കസ്റ്റഡിയിലാണ്.
ഡിസംബർ എട്ടിന് ഊട്ടി കാണാനെത്തിയ ജോ, കൂനൂരിൽ റെയിൽവേ ട്രാക്കിലൂടെ നടക്കുന്നതിനിടെയാണു ഹെലികോപ്റ്റർ താഴ്ന്നു പറക്കുന്നത് കണ്ടത്. കൗതുകം തോന്നി ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. മൂടൽ മഞ്ഞിലേക്ക് ഹെലികോപ്റ്റർ മറയുന്നതാണ് 19 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിലുള്ളത്. വിഡിയോ സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു.
അതേസമയം നിബിഡ വനമേഖലയിലേക്ക് ഫൊട്ടോഗ്രഫറും അദ്ദേഹത്തോടൊപ്പമുള്ള കുറച്ചുപേരും എന്തിനാണ് പോയതെന്ന് കണ്ടെത്താൻ അന്വേഷണം നടക്കുകയാണ്.അപകടത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായി പൊലീസ് ദൃക്സാക്ഷികളെയും ചോദ്യം ചെയ്തു വരികയാണ്.
ഇക്കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് 12.20 ഓടെയാണ് ഊട്ടിക്ക് സമീപമുള്ള കുനൂരിലെ വനമേഖലയിൽ സംയുക്ത സൈനിക മേധാവിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന് വീണത്. റാവത്തും ഭാര്യയും ഉൾപ്പടെ 13 പേർ മരിച്ച അപകടത്തിൽ നിന്ന് ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് മാത്രമാണ് രക്ഷപെട്ടത്.

Back to top button
error: