KeralaNEWS

വന്യജീവി ആക്രമണം: സ്ഥലം വിട്ടൊഴിഞ്ഞുപോകാൻ കൂടുതൽ ആളുകൾ

നിലമ്പൂർ: ജനവാസകേന്ദ്രങ്ങളിൽ കാട്ടാന, കാട്ടുപന്നി, കുരങ്ങ് തുടങ്ങിയ വന്യജീവികളുടെ ആക്രമണം ഒഴിവാക്കാനുള്ള പദ്ധതിയുടെ ഭാഗമായി സ്വകാര്യഭൂമി സംസ്ഥാനസർക്കാർ ഏറ്റെടുക്കും. പദ്ധതിക്കായി സ്ഥലം വിട്ടുനൽകാൻ കൂടുതൽ കർഷകർ തയ്യാറാകുന്നുണ്ട്.
വനം വകുപ്പിന്റേയോ സർക്കാരിന്റേയോ പ്രതിനിധികൾ കൂടിയിരുന്നാലോചിച്ച് വ്യവസ്ഥകൾ തയ്യാറാക്കി സമ്മതമാണെങ്കിൽ മാത്രമായിരിക്കും വനത്തിനോടു ചേർന്നുള്ള ഭൂമി ഏറ്റെടുക്കുക. പദ്ധതിയുടെ നടത്തിപ്പിനായി 600കോടി രൂപ കേന്ദ്രസർക്കാർ കേരളത്തിന് അനുവദിച്ചിട്ടുണ്ട്. അതിൽ ആദ്യഗഡുവായി 124 കോടി നൽകി.
വനത്തിനകത്ത് പട്ടയഭൂമിയിൽ താമസിക്കുന്ന ആദിവാസി വിഭാഗത്തിന്റെ കോളനികളിലുള്ളവർക്ക് വേണമെങ്കിൽ സ്ഥലം സർക്കാരിനു നൽകി ഒഴിഞ്ഞുപോകാം.
ഒരു കുടുംബത്തിന് 15 ലക്ഷം രൂപയാണ് ലഭിക്കുക. മാതാപിതാക്കളും 18 വയസ്സിൽത്താഴെ പ്രായമുള്ള കുട്ടികളും ഉൾപ്പെടുന്നതിനെയാണ് കുടുംബമായി കണക്കാക്കുന്നത്. ഇത്തരം ഭൂമികളിൽ രജിസ്‌ട്രേഷൻ നടത്തരുതെന്ന് രജിസ്ട്രാർമാർക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
വനത്തിനോടു ചേർന്നോ, വനത്തിനകത്തോ കൃഷിഭൂമിയുള്ളവരുടെ സ്ഥലങ്ങളും സമ്മതമാണെങ്കിൽ വനംവകുപ്പ് ഏറ്റെടുക്കും. വലുതും ചെറുതുമായ തോട്ടങ്ങളാണ് കൂടുതലും ഇത്തരത്തിലുള്ളത്.
മലപ്പുറംജില്ലയിൽ മാത്രം സ്ഥലം വിട്ടുകൊടുക്കാൻ സന്നദ്ധതയറിച്ച് 50 അപേക്ഷകൾ വനംവകുപ്പിന്റെ ഓഫീസുകളിലെത്തി. ഈ അപേക്ഷകൾ പരിഗണിച്ച് 24 പദ്ധതി നിർദേശങ്ങൾ വനംവകുപ്പ് സർക്കാരിലേക്ക് നൽകി. അപേക്ഷകളിൽ പ്രാഥമിക അന്വേഷണം നടത്തി സ്ഥിതിഗതികൾ മനസ്സിലാക്കിയാണ് സർക്കാരിലേക്ക് നൽകുന്നത്.
മുണ്ടേരി അപ്പൻകാപ്പ് വനമേഖലയിലെ 52 ഏക്കർ ഭൂമി ഇത്തരത്തിൽ സർക്കാർ ഏറ്റെടുക്കാൻ താത്പര്യം കാണിച്ചിട്ടുണ്ട്. സ്ഥലമുടമകളുമായി സംസാരിച്ച് വിദഗ്‌ധസമിതി വില നിശ്ചയിച്ച് ഉഭയസമ്മതപ്രകാരമാണ് ഏറ്റെടുക്കൽ നടത്തുക. വനം റെയ്ഞ്ച് ഓഫീസർമാർ പ്രാഥമിക പരിശോധന നടത്തി തഹസിൽദാർവഴി നിയമപ്രകാരമുള്ള സ്ഥലപരിശോധനയും നടത്തിയാണ് വില കണക്കാക്കുക.
ഇതു സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് യോഗം നടത്തിയിരുന്നു. വനത്തിനോടു ചേർന്നുള്ള ഭൂമിയാണെങ്കിൽ സ്ഥലമേറ്റെടുക്കൽ നിയമമനുസരിച്ച് വനംവകുപ്പ് ഏറ്റെടുക്കും. ഒറ്റപ്പെട്ട സ്ഥലങ്ങളാണെങ്കിൽ പഞ്ചായത്തുകൾ ഭൂമി ഏറ്റെടുത്ത് നോക്കണമെന്നാണ് യോഗത്തിലുണ്ടായ ധാരണ.
വയനാട്, കൊല്ലം, തിരുവനന്തപുരം, കാസർകോട്‌ ജില്ലകളിലാണ് പദ്ധതിയുടെ തുടക്കമുണ്ടാകുകയെന്നും തുടർന്ന് മറ്റു ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ. മാർട്ടിൻ ലോവൽ പറഞ്ഞു.

Back to top button
error: