KeralaNEWS

മലയാളി മറന്നുപോയ കിഴങ്ങ് വർഗങ്ങൾ

രച്ചീനിയും മധുരക്കിഴങ്ങും നനക്കിഴങ്ങും കാച്ചിലും ചേനയും ചേമ്പുമൊക്കെ നിറഞ്ഞ നമ്മുടെ കാർഷിക സംസ്കാരത്തിൽ നിന്ന് കിഴങ്ങ് വർഗങ്ങൾ അകന്നുപോയിട്ട് കാലം കുറച്ചായി. മരച്ചീനി മലയാളിയുടെ പ്രിയ വിഭവമായതു കൊണ്ടു തന്നെ ചെറിയ രീതിയിലെങ്കിലും കൃഷി ചെയ്യുന്നവർ ഒരുപാടുണ്ട്.എന്നാൽ മറ്റു കിഴങ്ങുകളെപ്പറ്റി അധികമാർക്കും അറിവുണ്ടാകില്ല.മരച്ചീനി പോലെത്തന്നെ മലയാളിയുടെ ഊൺ മുറികളിൽ ചുവന്നുള്ളിയും പച്ചമുളകും ഉപ്പും ചേർത്തുണ്ടാക്കിയ ചമ്മന്തിയിൽ തൊട്ട് വായിലേക്ക് വച്ചിരുന്ന വേറെ ചില കിഴങ്ങു വർഗ്ഗങ്ങൾ കൂടിയുണ്ട്.നനക്കിഴങ്ങ്,മുക്കിഴങ്ങ്,ചെറുവള്ളിക്കിഴങ്ങ്,ചെറുകിഴങ്ങ്..ഇങ്ങനെ പോകുന്നു അവയുടെ പേരുകൾ.
കാച്ചിൽ വർഗ്ഗത്തിൽപ്പെട്ട ഒരിനമാണ് നനകിഴങ്ങ്. ഡയസ്ക്കോറിയേസി സസ്യ കുടുംബത്തിൽപ്പെടുന്ന നനകിഴങ്ങിന്റെ ശാസ്ത്രനാമം ഡയസ്കോറിയ എസ്കുലെന്റ എന്നാണ്. 8 മുതൽ 10 മാസങ്ങൾ കൊണ്ട് കിഴങ്ങുകൾ പാകമാകുന്നു.
നനക്കിഴങ്ങ് നട്ട് കിഴങ്ങ് എടുക്കാതെ മൂന്നു വർഷം കഴിഞ്ഞ് വെട്ടിയെടുത്താൽ കിട്ടുന്നതാണ് മുക്കിഴങ്ങ്.നനക്കിഴങ്ങിന്റെ കാലം കഴിയുമ്പോൾ ഇലയ്ക്കു രൂപമാറ്റം ഉണ്ടാകും.വള്ളിയുടെ ചുവട്ടിൽ മുള്ള് നിറഞ്ഞിട്ടുണ്ടാകും.കിഴങ്ങിന്റെ രൂപത്തിലും ഗുണത്തിലും മാറ്റം വരും.
കാച്ചിൽ വർഗ്ഗത്തിൽപ്പെട്ട ഒരിനമാണ് ചെറുവള്ളിക്കിഴങ്ങ്.കിഴങ്ങിനു ചുറ്റും രോമ കൂപങ്ങൾ നിറഞ്ഞിരിക്കും.വള്ളിക്ക് ഘനം കുറവായിരിക്കും.ഒരു വള്ളിയിൽ നിന്ന് ലഭിക്കുന്ന കിഴങ്ങുകളുടെ എണ്ണം കൂടുതലായിരിക്കുമെങ്കിലും ഇവയ്ക്ക് വലുപ്പം കുറവായിരിക്കും.
കാച്ചിൽ വർഗത്തിൽ തന്നെയാണ് ചെറുകിഴങ്ങും ഉൾപ്പെടുന്നത്.കാർഷിക കാലാവസ്ഥയും നടീൽ സമയവും വളപ്രയോഗവും കാച്ചിൽ കൃഷിയുടേതിന് സമാനമാണ്.
കണ്ടാൽ ഉരുളക്കിഴങ്ങാണെന്നു തോന്നുമെങ്കിലും അതിന്റെ മറ്റൊരു രൂപമാണ് മധുരക്കിഴങ്ങ്.പേരു പോലെതന്നെ മധുരമാണ് ഈ കിഴങ്ങിന്റെ പ്രത്യേകത.എല്ലാത്തരം മണ്ണിലും വിളയുന്ന ഒരു വിളയാണിത്.നല്ലതുപോലെ ഫലപുഷ്ടിയും നീർവാഴ്ചയുമുള്ള മണ്ണിൽ ഏറ്റവും നന്നായി വിളവു തരുന്ന ഒരു വിള കൂടിയാണ് മധുരക്കിഴങ്ങ്.രണ്ടു നിറങ്ങളിലാണ് പ്രധാനമായും മധുരക്കിഴങ്ങുള്ളത്.ചുവന്നതും മഞ്ഞയും. മധുരക്കിഴങ്ങിന് ചില സ്ഥലങ്ങലിൽ ചീനിക്കിഴങ്ങ് എന്നും പറയാറുണ്ട്.അടുത്ത തൈ വയ്ക്കുന്നതിന് മധുരക്കിഴങ്ങിന്റെ വള്ളിയോ കിഴങ്ങോ ഉപയോഗിക്കാറുണ്ട്.
അധികം ഉൽപ്പാദനച്ചെലവില്ലാതെ വളർത്തിയെടുക്കാവുന്നതാണ് കിഴങ്ങ് വർഗ വിളകൾ. ഇവ നമ്മുടെ മണ്ണിനും കാലാവസ്ഥയ്‌ക്കും പൊതുവെ യോജിച്ചതുമാണ്.മലയാളിയുടെ ആഹാരക്കൂട്ടിനും.ഏത് പ്രതികൂല സാഹചര്യങ്ങളിലും പൂർണ കൃഷി നാശം സംഭവിക്കില്ല എന്നതും ചെറുകിട കൃഷിക്കാരെ സംബന്ധിച്ച്‌  ആശ്വാസകരവുമാണ് ഇവ.തനിവിള എന്നതിലുപരി നമ്മുടെ തെങ്ങിൻ തോപ്പുകളിലും മറ്റും ഇടവിളയായും കൃഷി ചെയ്യാം.ജനുവരി-ഫെബ്രുവരി മാസങ്ങളാണ് ഇവയുടെ നടീൽ കാലം.

Back to top button
error: