ന്യൂഡല്‍ഹി: ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച സംയുക്ത സേനാമേധാവി ബിപിന്‍ റാവത്തിന്റേയും ഭാര്യ മധുലിക റാവത്തിന്റേയും ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആരംഭിച്ചു. കാംരാജ് മാര്‍ഗിലെ ഔദ്യോഗിക വസതിയിലെ പൊതുദര്‍ശനത്തിന് ശേഷമാണ് വിലാപയാത്ര ആരംഭിച്ചത്.
അമര്‍ രഹേ വിളികളുമായി വന്‍ ജനക്കൂട്ടമാണ് സൈനിക മേധാവിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വാഹനത്തെ അനുഗമിക്കുന്നത്. ആയിരക്കണക്കിന് ജനങ്ങളാണ് വിലാപയാത്ര പോകുന്ന വഴിയില്‍ സൈനിക മേധാവിക്ക് അന്തിമോപചാരം അര്‍പ്പിക്കാനായി കാത്തുനില്‍ക്കുന്നത്.
മൃതദേഹങ്ങള്‍ ഡല്‍ഹി കന്റോണ്‍മെന്റിലെ ബ്രാര്‍ സ്‌ക്വയറിലെത്തിച്ച് പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്‌കരിക്കും. ഇന്ന് രാവിലെ മുതലാണ് ബിപിന്‍ റാവത്തിന്റേയും ഭാര്യയുടേയും മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെ പൊതുദര്‍ശനം പൂര്‍ത്തിയാക്കാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും ആളുകളുടെ തിരക്ക് കൂടിയതോടെ പൊതുദര്‍ശന നീണ്ടുപോവുകയായിരുന്നു.