Lead NewsMovieNEWS

പൃഥ്വിരാജ് – ഷാജി കൈലാസ് ചിത്രം ‘കടുവ’യുടെ റിലീസ് തടഞ്ഞ് കോടതി

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘കടുവ’യുടെ റിലീസ് താല്‍ക്കാലികമായി തടഞ്ഞ് കോടതി. സിനിമ പ്രദര്‍ശിപ്പിച്ചാല്‍ തനിക്കും കുടുംബത്തിനും
അപകീർത്തിയുണ്ടാകുമെന്നാരോപിച്ച് ജോസ് കുരുവിനാക്കുന്നേൽ നൽകിയ പരാതിയെ തുടര്‍ന്ന് ​എറണാകുളം സബ് കോടതിയുടേതാണ് ഉത്തരവ്‌.

സിനിമയിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന ‘കടുവക്കുന്നേൽ കുറുവച്ചൻ’ തന്‍റെ ജീവചരിത്രമാണെന്നും അത് പ്രദർശിപ്പിക്കുന്നത് തടയണമെന്നുമാണ് ഹർജിക്കാരന്‍റെ വാദം. സിനിമയ്ക്കാധാരമായ ജിനു വി എബ്രഹാമിന്‍റെ തിരക്കഥ പ്രസിദ്ധീകരിക്കുന്നതും കോടതി വിലക്കിയിട്ടുണ്ട്.

അതേസമയം, ജോസ് കുരുവിനാക്കുന്നേല്‍ മുന്‍പ് ഇതേ ആരോപണം മാധ്യമങ്ങളിലൂടെ ഉയര്‍ത്തിയ സമയത്ത് തന്‍റെ ചിത്രത്തിന് പ്രസ്‍തുത വ്യക്തിയുമായി ബന്ധമൊന്നുമില്ലെന്ന് ഷാജി കൈലാസ് പ്രതികരിച്ചിരുന്നു. കുരുവിനാക്കുന്നേല്‍ ജോസിനെ തനിക്ക് അറിയാമെന്നും അദ്ദേഹത്തിന്‍റെ ജീവിതം പശ്ചാത്തലമാക്കി ഒരു ചിത്രമൊരുക്കുന്ന കാര്യം രണ്‍ജി പണിക്കരുമായി മുന്‍പ് സംസാരിച്ചിരുന്നുവെന്നും എന്നാല്‍ പുതിയ സിനിമയ്ക്ക് അതുമായി ബന്ധമൊന്നുമില്ലെന്നും ഷാജി കൈലാസ് പറഞ്ഞിരുന്നു.

എട്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന രണ്ട് ചിത്രങ്ങളില്‍ ഒന്നാണ് കടുവ. വിവേക് ഒബ്റോയ് ആണ് ചിത്രത്തില്‍ പ്രതിനായകനായി എത്തുന്നത്. സംഗീതം ജേക്സ് ബിജോയ്, ഛായാഗ്രഹണം സുജിത്ത് വാസുദേവ്, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ സുപ്രിയ മേനോന്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരാണ് നിര്‍മ്മാണം.

Back to top button
error: