NEWS

ഭാര്യക്ക് അമിതവൃത്തി, സോഫ്റ്റ് വെയർ എഞ്ചിനീയറായ ഭർത്താവ് വിവാഹമോചനം തേടി കോടതിയിൽ

ഭർത്താവിന്റെ ലാപ്പ്‌ടോപ്പും മൊബൈൽ ഫോണും സോപ്പുപൊടി ഉപയോഗിച്ച്‌ കഴുകുന്ന ഭാര്യ. ഈ ഭാര്യ ഒരു ദിവസം ആറുതവണ കുളിക്കും. കുളിക്കുന്ന സോപ്പ് വൃത്തിയാക്കാൻ മാത്രമായി മറ്റൊരു സോപ്പ് സൂക്ഷിക്കുന്നു. ഭർതൃമാതാവ് മരിച്ച സമയത്ത് വീട് വൃത്തിയാക്കാൻ വേണ്ടി ഭർത്താവിനെയും കുട്ടികളെയും ഇവർ വീടിന് പുറത്താക്കി. കുട്ടികളുമായി 30 ദിവസമാണ് പാവം വീടിനു പുറത്ത് കഴിച്ചുകൂട്ടിയത്… അമിത വൃത്തിക്കാരിയായ  ഭാര്യയിൽ നിന്നു  വിവാഹമോചനം തേടി കോടതിയിലെത്തിയിരിക്കുകയാണ് ഭർത്താവ്

ബംഗളൂരു: ഭാര്യയുടെ അമിത വൃത്തിയുടെ പേരിൽ വിവാഹമോചനം തേടി സോഫ്റ്റ് വെയർ എൻജിനീയർ.

കോവിഡ് കാലത്ത് വീട്ടിൽ ഇരുന്ന് ജോലി ചെയ്യുന്ന സമയത്ത് തന്റെ ലാപ്പ്‌ടോപ്പും മൊബൈൽ ഫോണും സോപ്പുപൊടി ഉപയോഗിച്ച്‌ ഭാര്യ ‘കഴുകി വെടിപ്പാക്കി’ എന്നും യുവാവ് തന്റെ പരാതിയിൽ ആരോപിക്കുന്നു.
അമിത വൃത്തി കാരണം, ജീവിതം തന്നെ പൊറുതിമുട്ടി എന്നാണ് ഭർത്താവ് പറയുന്നത്.

ബംഗളൂരുവിലാണ് സംഭവം. 2009ലായിരുന്നു ഇരുവരുടെയും വിവാഹം. കല്യാണം കഴിഞ്ഞ് ഉടൻ തന്നെ ജോലിയുടെ ഭാഗമായി സോഫ്റ്റ് വെയർ എൻജിനീയറും ഭാര്യയും ബ്രിട്ടനിൽ പോയി. പ്രമുഖ ഐ.ടി കമ്പനിയിലാണ് യുവാവ് ജോലി ചെയ്യുന്നത്. എം.ബി.എ ബിരുദധാരിയായ ഭാര്യ പക്ഷേ ജോലിക്ക് പോകാതെ വീട്ടിൽ തന്നെയായിരുന്നു.

ആദ്യ രണ്ടുവർഷം ജീവിതം സന്തോഷം നിറഞ്ഞതായിരുന്നുവെന്ന് ഭർത്താവ് സമ്മതിച്ചു. രണ്ടുവർഷം കഴിഞ്ഞ് ആദ്യ കുഞ്ഞ് ജനിച്ചപ്പോൾ മുതലാണ് ഭാര്യയുടെ സ്വഭാവത്തിൽ മാറ്റം വന്നത്. ഭാര്യയ്ക്ക് ഒസിഡി രോഗമാണ് എന്ന് പിന്നീട് തിരിച്ചറിഞ്ഞു.

ജോലി കഴിഞ്ഞ് വീട്ടിൽ വരുമ്പോഴെല്ലാം വസ്ത്രം അലക്കാനും ചെരിപ്പുകളും മൊബൈൽ ഫോണും വൃത്തിയാക്കി സൂക്ഷിക്കാനും ഭാര്യ നിർബന്ധിക്കുമായിരുന്നു എന്ന് ഇരുവരുടെയും വിവാഹമോചന കേസ് ഏറ്റെടുത്ത കൗൺസിലർ ബി.എസ് സരസ്വതി പറയുന്നു.

ബ്രിട്ടനിൽ നിന്ന് തിരിച്ചുവന്ന ശേഷം ഫാമിലി കൗൺസിലിങ്ങിന് വിധേയമായി. തുടർന്ന് പഴയപോലെ സമാധാനാന്തരീക്ഷം തിരികെ വന്നു. അതിനിടെ ഇരുവർക്കും രണ്ടാമത്തെ കുഞ്ഞ് ജനിച്ചു. ലോകത്ത് കോവിഡ് മഹാമാരി പടരാൻ തുടങ്ങിയതോടെയാണ് വീണ്ടും കുടുംബബന്ധം വഷളായതെന്ന് ഭർത്താവ് പറയുന്നു.
ഭാര്യയുടെ ഒസിഡി രോഗം കൂടി. വീട്ടിലെ എല്ലാ സാധനങ്ങളും കഴുകി വൃത്തിയാക്കാനും സാനിറ്റൈസ് ചെയ്യാനും തുടങ്ങി. വർക്ക് ഫ്രം ഹോം മാതൃകയിൽ വീട്ടിൽ ഇരുന്ന് ജോലി ചെയ്യുന്നതിനിടെ, തന്റെ ലാപ്പ്‌ടോപ്പും മൊബൈൽ ഫോണും സോപ്പുപൊടി ഉപയോഗിച്ച്‌ കഴുകിയതായി യുവാവ് ആരോപിക്കുന്നു.

ഒരു ദിവസം ഭാര്യ ആറുതവണ കുളിക്കും. കുളിക്കുന്ന സോപ്പ് വൃത്തിയാക്കാൻ മാത്രമായി മറ്റൊരു സോപ്പ് സൂക്ഷിച്ചിരുന്നതായും യുവാവ് ആരോപിക്കുന്നു. ഭർതൃമാതാവ് മരിച്ച സമയത്ത് ഭർത്താവിനെയും കുട്ടികളെയും വീടിന് പുറത്താക്കി. വീട് വൃത്തിയാക്കുന്നതിനു വേണ്ടി 30 ദിവസമാണ് പുറത്തുനിർത്തിയത്.

കുട്ടികളോട് അവരുടെ വസ്ത്രങ്ങളും ബാഗും ചെരിപ്പുകളും കഴുതി വൃത്തിയാക്കാൻ പറഞ്ഞുതുടങ്ങിയതോടെ, സഹിക്കാൻ കഴിയാതെയാണ് വിവാഹമോചനം തേടിയതെന്നും യുവാവ് പറയുന്നു. ഇരുവർക്കും മൂന്ന് കൗൺസിലിങ്ങ് നടത്തിയെങ്കിലും ഫലം കണ്ടില്ല.
തന്റെ സ്വഭാവത്തിൽ ഒരു കുഴപ്പവുമില്ലെന്നാണ് ഭാര്യ പറയുന്നത്. വിവാഹ മോചനം ലഭിക്കുന്നതിന് ഭർത്താവ് നുണ പറയുകയാണ് എന്നും ഭാര്യ ആരോപിക്കുന്നു.

Back to top button
error: