IndiaLead NewsNEWS

ഒമിക്രോണ്‍; കേരളത്തില്‍ 3 പേരുടെ ഫലം ഇന്നറിഞ്ഞേക്കും, ഫെബ്രുവരിയില്‍ പാരമ്യത്തിൽ

തിരുവനന്തപുരം: റിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തി കോവിഡ് പോസിറ്റീവായ 4 പേരുടെയും സമ്പര്‍ക്കത്തിലായവരുടെയും ജനിതകശ്രേണീകരണ ഫലത്തിനായി കാത്തിരിക്കുകയാണ് കേരളം.ജര്‍മനിയില്‍ നിന്നു കോഴിക്കോട് വിമാനത്താവളത്തിലെത്തിയ തമിഴ്‌നാട് സ്വദേശിനി, ബ്രിട്ടനില്‍നിന്നു കോഴിക്കോട്ടെത്തിയ ആരോഗ്യപ്രവര്‍ത്തകന്‍, ഇദ്ദേഹത്തിന്റെ അമ്മ എന്നിവരുടെ ഫലം ഇന്നു വരുമെന്നാണ് കരുതുന്നത്.

ഇന്നലെ സെര്‍ബിയയില്‍നിന്നു കോഴിക്കോട്ടെത്തിയ പഞ്ചാബ് സ്വദേശിക്കും ഞായറാഴ്ച റഷ്യയില്‍ നിന്നു കൊച്ചിയിലെത്തിയ ഒരാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ സാംപിളുകളും പരിശോധനയ്ക്കയച്ചു.

Signature-ad

ഇതിനിടെ, മഹാരാഷ്ട്രയില്‍ 2 പേര്‍ക്കു കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കേസുകള്‍ 23 ആയി. ദക്ഷിണാഫ്രിക്ക, യുഎസ് എന്നിവിടങ്ങളില്‍നിന്നു മുംബൈയിലെത്തിയവര്‍ക്കാണ് ഇന്നലെ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ മാത്രം 10 ഒമിക്രോണ്‍ കേസുകളായി. രാജസ്ഥാന്‍ (9), കര്‍ണാടക (2), ഗുജറാത്ത് (1), ഡല്‍ഹി (1) എന്നീ സംസ്ഥാനങ്ങളിലാണ് മറ്റുള്ളവര്‍. ഇന്ത്യയില്‍ ഒമിക്രോണ്‍ വകഭേദം വഴിയുള്ള കോവിഡ് വ്യാപനം ഫെബ്രുവരിയില്‍ പാരമ്യത്തിലെത്തുമെന്ന് ഐഐടി ഗവേഷകരുടെ മുന്നറിയിപ്പ്. പ്രതിദിനം ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം വരെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാനിടയുണ്ട്.

അതസമയം, ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപന സാധ്യത നിലനില്‍ക്കുന്നതിനാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കു കോവിഡ് വാക്‌സീന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കിയേക്കും. പ്രതിരോധ കുത്തിവയ്പിനുള്ള ദേശീയ സാങ്കേതിക ഉപദേശക സമിതിയുടെ (എന്‍ടിഎജിഐ) യോഗത്തില്‍ ഇതുസംബന്ധിച്ച ധാരണയായി. ശുപാര്‍ശ ആരോഗ്യമന്ത്രാലയത്തിനു കൈമാറുന്നതിനു മുന്‍പു സമിതി ഒരിക്കല്‍ കൂടി സ്ഥിതി വിലയിരുത്തും.

Back to top button
error: