KeralaNEWS

അനിത എന്ന നല്ല ശമരിയാക്കാരി

കോഴിക്കോട് വൈ എം സി എ ക്രോസ്സ് റോഡില്‍ വെച്ചാണ് ആ മനുഷ്യനെ സ്വകാര്യ ബസ്സിടിച്ച് തെറിപ്പിച്ചത്. ഇടിക്കുന്നതും, അദ്ദേഹം തെറിച്ച് വീഴുന്നതും ബസ്സ് ഡ്രൈവര്‍ കണ്ടിരുന്നു.പക്ഷെ ആ മനുഷ്യന്‍ ബസ്സ് നിര്‍ത്താൻപോലും തയാറാകാതെ കൂടുതൽ വേഗത്തിൽ ഓടിച്ചുപോയി. നൂറ് കണക്കിന് യാത്രക്കാരുണ്ടായിരുന്നു ബസ്സില്‍, ഒന്ന് ബസ്സ് നിര്‍ത്താന്‍ ഒരാള്‍ പോലും ആവശ്യപ്പെട്ടില്ല…വൈകീട്ട് വീട്ടിലെത്താനുള്ള തിരക്കിലായിരിക്കണം എല്ലാവരും…!!
ബസ്സിടിച്ച് തെറിച്ചു വീണ മനുഷ്യന്‍ റോഡരികില്‍ കിടക്കുന്നു.ഒലിച്ചിറങ്ങുന്ന രക്തം കട്ടപിടിച്ച് തുടങ്ങുന്നു. ചുറ്റിനും കൂടി നില്‍ക്കുന്നവര്‍, ഒന്ന് വലിഞ്ഞ് നോക്കി കടന്ന് പോകുന്നവര്‍. ഒരാള്‍ക്ക് പോലും അയാളെ താങ്ങിയെഴുന്നേല്‍പ്പിക്കാനോ ആശുപത്രിയിലെത്തിക്കാനോ തോന്നിയില്ല…ആയിരങ്ങള്‍ കടന്ന് പോയിരുന്നു, അതില്‍ ഒരു നല്ല മനുഷ്യന്‍ പോലുമുണ്ടായിരുന്നില്ല…
ഇതിനിടയിലാണ് അവര്‍ കടന്ന് വന്നത്. ചോരയില്‍ കുളിച്ച മനുഷ്യനെ ചേര്‍ത്ത് പിടിച്ചു, ബീച്ച് ഹോസ്പിറ്റലിലെത്തിച്ചു, അവിടെ നിന്ന് മെഡിക്കല്‍ കോളേജിലെത്തിച്ചു.ബന്ധുക്കളാരും എത്തിച്ചേരാത്ത അദ്ദേഹത്തെ കഴിഞ്ഞ അഞ്ച് ദിവസമായി ഇവര്‍ ഒരു മകളെ പോലെ പരിചരിക്കുന്നു. ആസ്റ്റര്‍ മിംസിലെ ക്ലിനിക്കല്‍ ഫാര്‍മസി വിഭാഗം മേധാവിയാണ് ഈ നല്ല ശമരിയാക്കാരി.പേര്: അനിത.
 വൈകിട്ട് 7 മണിക്ക് ജോലി തീര്‍ന്ന ശേഷം സുഹൃത്ത് ജസീലുമൊത്ത് ഈ ദിവസങ്ങളിലത്രയും ഇവര്‍ മെഡിക്കല്‍ കോളേജിലെത്തി.ആദ്യ ദിവസം തന്നെ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.പിന്നീട് ആ പരാതിയുടെ പിന്നാലെ നടന്നു. ഒടുക്കം പോലീസിനെ കൊണ്ട് ദിവസങ്ങള്‍ക്ക് ശേഷം കേസ്സെടുപ്പിച്ചു…
ഇപ്പോള്‍ ആ മനുഷ്യന്റെ ബന്ധുക്കളെ കണ്ടെത്താനുള്ള പരിശ്രമത്തിലാണിവര്‍…
ബിഗ് സല്യൂട്ട് അനിത !!

Back to top button
error: