ഇടുക്കി ജില്ലയിലാണ് യഥാര്‍ത്ഥ ചുരുളി എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്.സിനിമയില്‍ നിന്നും വ്യത്യസ്തമായ കര്‍ഷക പോരാട്ടങ്ങളുടെ ചരിത്രമുള്ള ഒരു നാടാണ് യഥാര്‍ത്ഥ ചുരുളി.1960 കളില്‍ ജീവിക്കാനായി ചുരുളി കീരിത്തോട്ടത്തില്‍ കുടിയേറിയ കര്‍ഷകരെ സര്‍ക്കാര്‍ ഇറക്കിവിടാന്‍ നോക്കുകയും ഇതിനുവേണ്ടി ബലപ്രയോഗം നടത്തുകയും ചെയ്തിരുന്നു. കീരിത്തോട്ടിലും ചുരുളിയിലും കര്‍ഷകര്‍ ലാത്തിച്ചാര്‍ജ്ജടക്കമുള്ള പീഡനങ്ങള്‍ക്ക് ഇരയുമായി. ഇതിനെതിരെ എകെജി, ഫാ. വടക്കന്‍, മാത്തായി മാഞ്ഞൂരാന്‍ എന്നിവരടക്കമുള്ളവര്‍ കീരിത്തോട്ടിലും ചുരുളിയിലും സമരം നടത്തുകയും മർദ്ദനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തിട്ടുണ്ട്.കുടിയിറക്കിനെതിരെ എകെജി നിരാഹാര സമരം പോലും നടത്തി.അങ്ങനെ ഏറെ ത്യാഗം സഹിച്ച് നേടിയെടുത്തതാണ് ചുരുളിയെന്ന ഗ്രാമം. എന്നാല്‍ സിനിമയില്‍ ചുരുളിയെ അപകീർത്തിപ്പെടുത്തി എന്നാരോപിച്ച് ഗ്രാമവാസികൾ രംഗത്തെത്തിയതോടെയാണ് ചുരുളിയെന്ന ഗ്രാമത്തിന്റെ കൂടുതൽ ചുരുളഴിഞ്ഞു തുടങ്ങിയത്.
ഈ സിനിമയ്ക്ക് അടിസ്ഥാനമായ കഥയെഴുതിയ വിനോയ് തോമസിനെ അതിലേക്കെത്തിച്ചത് ഒരു പൊലീസ് ഓഫിസറായിരുന്നു. കണിച്ചാർ സ്വദേശിയായ ജോസ് ജോസഫ്. പേരാവൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് സബ് ഇൻസ്പെക്ടറായാണ് ഇദ്ദേഹം വിരമിച്ചത്. ഇവർ തമ്മിലുണ്ടായ സംസാരത്തിനിടെ കടന്നു വന്ന ഒരു കേസിന്റെ അന്വേഷണ കഥ, അതിനിടെയുണ്ടായ അനുഭവങ്ങൾ ഇതിന്റെ അടിസ്ഥാനത്തിലാണ് ‘കളിഗെമിനാറിലെ കുറ്റവാളികൾ’ എന്ന കഥ വിനോയ് തോമസ് എഴുതിയത്. അതിന്റെ ചലച്ചിത്രാവിഷ്ക്കാരമാണ് ചുരുളി എന്ന സിനിമ.