കൊച്ചി: തൃക്കാക്കര നഗരസഭയിലെ കയ്യാങ്കളിയില്‍ 2 കൗണ്‍സിലര്‍മാര്‍ അറസ്റ്റില്‍. ഇടത് കൗണ്‍സിലര്‍ ഡിക്‌സണ്‍, കോണ്‍ഗ്രസ് കൗണ്‍സിലര്‍ സി. സി. ബിജു എന്നിവരാണ് അറസ്റ്റിലായത്. ചെയര്‍പേഴ്‌സന്റേയും ഇടത് കൗണ്‍സിലര്‍മാരുടെയും പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.
ചെയര്‍പേഴ്‌സന്റെ മുറിയുടെ പൂട്ടു നന്നാക്കാന്‍ ചെലവായ തുകയെച്ചൊല്ലിയാണ് കഴിഞ്ഞ ദിവസം തൃക്കാക്കര നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ കൂട്ടത്തല്ലുണ്ടായത്. ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍ ഉള്‍പ്പെടെ ആറ് കൗണ്‍സിലര്‍മാര്‍ക്കു പരിക്കേറ്റിരുന്നു. പരിക്കേറ്റ അജിത തങ്കപ്പന്‍, കൗണ്‍സിലര്‍മാരായ ലാലി ജോഫിന്‍, ഉണ്ണി കാക്കനാട്, പ്രതിപക്ഷത്തെ മുന്‍ ചെയര്‍പേഴ്‌സണ്‍ ഉഷ പ്രവീണ്‍, അജുന ഹാഷിം, സുമ മോഹന്‍ എന്നിവര്‍ കാക്കനാട്ടെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരിക്കുകയാണ്. തുടര്‍ന്ന് കൂട്ടത്തല്ലിനെച്ചൊല്ലി ഇരുവിഭാഗവും പരാതി നല്‍കിയതോടെയാണ് രണ്ട് പേര്‍ അറസ്റ്റിലായത്. സ്ത്രീത്വത്തെ അപമാനിച്ചു എന്നതടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പോലീസില്‍ പരാതി നല്‍കിയത്. അതിനാല്‍ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുണ്ടായേക്കും.
അതേസമയം, നഗരസഭാ ചെയര്‍പേഴ്‌സന്റേത് ഏകാധിപത്യ ഭരണമാണെന്ന് ആരോപിച്ച് ഇടത് കൗണ്‍സിലര്‍മാര്‍ പ്രതിഷേധ സമരം സംഘടിപ്പിക്കും.