ന്യൂഡൽഹി: ഗ്രാമീണ മേഖലയിൽ രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിൽ വേതനം ലഭിക്കുന്നത് കേരളത്തിലാണെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങി രാജ്യത്തെ മറ്റു വികസിത സംസ്ഥാനങ്ങളിൽ ലഭിക്കുന്ന വേതനത്തിന്റെ രണ്ടിരട്ടിക്കടുത്ത് കേരളത്തിലെ ഗ്രാമീണ മേഖലയിലെ തൊഴിലാളികൾക്ക് കൂലി ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. കേരളത്തിൽ ലഭിക്കുന്ന വേതനം ദേശീയ ശരാശരിയുടെ ഇരട്ടിക്ക് മുകളിലാണെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകൾ പറയുന്നു.
കേരളത്തിലെ ഒരു ഗ്രാമീണ തൊഴിലാളിക്ക് (കാർഷികേതര വിഭാഗത്തിലെ പുരുഷന്മാർ) 2020-21 വർഷത്തിൽ പ്രതിദിനം ശരാശരി 677.6 രൂപ കൂലി ലഭിക്കുന്നതായി റിസർവ് ബാങ്ക് റിപ്പോർട്ടിൽ പറയുന്നു. ദേശീയ തലത്തിൽ ഇത് 315.3 രൂപയാണ്. രാജ്യത്തെ ഏറ്റവും വലിയ വ്യാവസായിക സംസ്ഥാനമായും മുൻനിര കാർഷികോൽപാദക സംസ്ഥാനമായും കണക്കാക്കപ്പെടുന്ന മഹാരാഷ്ട്രയിൽ ഒരു ഗ്രാമീണ തൊഴിലാളിക്ക് ലഭിക്കുന്നത് വെറും 262.3 രൂപ മാത്രമാണ്.കേന്ദ്ര സർക്കാരിന്റെ ഇന്ത്യൻ ലേബർ ജേണലിനെ അടിസ്ഥാനമാക്കിയുള്ളതാണ് വിവരങ്ങൾ.
Tags
Labour