കോൺഗ്രസ്സ് നേതാവിൻ്റെ വീടിന് മുന്നിൽ നാട്ടുകാരുടെ സത്യാഗ്രഹസമരം
വയനാട് ഡി.സി.സി വൈസ് പ്രസിഡൻ്റ് ഒ.വി. അപ്പച്ചൻ്റെ വഞ്ചനാപരമായ നടപടികളിൽ പ്രതിഷേധിച്ച് നാട്ടുകാർ വീടിനു മുന്നിൽ സത്യാഗ്രഹ സമരം ആരംഭിച്ചു. ഒടുവിൽ സമരക്കാരുമായി ടി. സിദ്ദിഖ് എം.എൽ.എ ചർച്ച നടത്തി. ഉടൻപരിഹാരം കാണാമെന്ന ഉറപ്പിൽ സത്യാഗ്രഹസമരം താത്കാലികമായി അവസാനിപ്പിച്ചു
പനമരം: സ്ഥലം വാങ്ങി, 2 വർഷമായിട്ടും റജിസ്ട്രേഷൻ നടപടികൾ ചെയ്ത് കൊടുക്കാത്തതിൽ പ്രതിഷേധിച്ച്, ഡി.സി.സി വൈസ് പ്രസിഡൻ്റ് ഒ.വി അപ്പച്ചൻ്റെ വീടിന് മുന്നിൽ നാട്ടുകാരുടെ സത്യാഗ്രഹ സമരം. സ്ഥലം വാങ്ങിയ വിളമ്പുകണ്ടം സ്വദേശികളായ സുനിതാലയം വീട്ടിൽ വി.കെ അനിൽ, കല്ലറക്കൽ സനീഷ്, ചുണ്ടക്കര സ്വദേശികളായ ജയിംസ് പുതിയ വീട്ടിൽ, സനിൽ അമ്പലമൂട്ട്, കോട്ടത്തറ സ്വദേശി ടോമി എന്നിവരാണ് അര ഏക്കറോളം സ്ഥലം വാങ്ങിയിട്ടും റജിസ്റ്റർ ചെയ്ത് കൊടുത്തിട്ടില്ലെന്ന പരാതിയുമായി സമരം ചെയ്യുന്നത്. ഒടുവിൽ ടി. സിദ്ദിഖ് എം.എൽ എ സ്ഥലത്തെത്തി സ്ഥലം വാങ്ങിയവരുമായി ചർച്ചനടത്തി. അങ്ങനെ ഒത്തു തീർപ്പിലെത്തി. എം.എൽ.എയുടെ ഉറപ്പിൽ സത്യാഗ്രഹസമരം താത്കാലികമായി അവസാനിപ്പിച്ചു.
എം.എൽ. എക്കൊപ്പം പി. പി ആലി, കണിയാമ്പറ്റ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നജീബ് കരണി, ബിനു ജേക്കബ് എന്നിവരും ചർച്ചകളിൽ പങ്കെടുത്തിരുന്നു.