സംഘ്പരിവാർ ആക്രമണങ്ങളിൽനിന്ന് രക്ഷ നേടാൻ ഞായറാഴ്ച പ്രാർത്ഥന ഒഴിവാക്കണമെന്ന് ക്രിസ്ത്യൻ സമൂഹത്തോട് കർണാടക പൊലീസ്. സംഘർഷം ഇല്ലാതാക്കാൻ ഞായറാഴ്ചത്തെ പ്രാർത്ഥനാ സംഗമങ്ങൾ ഒഴിവാക്കണമെന്നാണ് ക്രിസ്ത്യൻ പുരോഹിതന്മാർക്ക് പൊലീസ് നിർദേശം നൽകിയത് കർണാടകയിലെ ബെലഗവിയിലാണ് ഇത്തരത്തിൽ ക്രിസ്ത്യൻ സമൂഹത്തിന് പൊലീസിന്‍റെ വിചിത്രമായ ഉപദേശം. സംസ്ഥാനത്ത് നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ക്രിസ്ത്യൻ സമൂഹത്തിനെതിരെ നടന്ന സംഘ്പരിവാർ അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് പൊലീസ് മതപുരോഹിതന്മാരെ സമീപിച്ച് ഇക്കാര്യം വ്യക്തമാക്കിയത്.
സംഘ്പരിവാർ സംഘങ്ങളുടെ ആക്രമണമുണ്ടാകാൻ സാധ്യതയുണ്ട്. ഇതിനാൽ പ്രാർത്ഥനാ സംഗമങ്ങൾ ഒഴിവാക്കണമെന്നും തങ്ങൾക്ക് സംരക്ഷണം നൽകാനാകില്ലെന്നുമാണ് പൊലീസ് പ്രദേശത്തെ പുരോഹിതന്മാരെ വിളിച്ച് അറിയിച്ചതെന്ന് വൈദികനും മലയാളിയുമായ തോമസ് ജോൺസൺ പറയുന്നു.
ഏതാനും മാസങ്ങളായി ശ്രീരാമസേന, ബജ്രംഗ്ദൾ അടക്കമുള്ള ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിൽ കർണ്ണാടകയിൽ ക്രിസ്ത്യൻ പുരോഹിതന്മാർക്കെതിരെ നിരവധി അക്രമങ്ങളാണ് നടന്നത്.നിർബന്ധിത മതപരിവർത്തനം ആരോപിച്ചായിരുന്നു ആക്രമണം. മതപരിവർത്തന നിരോധന നിയമം കൊണ്ടുവരാനുള്ള ബിജെപി സർക്കാർ നീക്കത്തിന്‍റെ ഭാഗമാണ് ഈ അക്രമങ്ങളെന്നാണ് ക്രിസ്ത്യൻ സമൂഹം കരുതുന്നത്.