KeralaLead NewsNEWS

സ്ത്രീധനപീഡന മരണങ്ങൾ ദൗർഭാഗ്യകരം; മോഫിയയുടെ വീട് സന്ദര്‍ശിച്ച് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാൻ

കൊച്ചി: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത നിയമ വിദ്യാര്‍ഥിനി മോഫിയ പര്‍വീണിന്റെ വീട് സന്ദര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മോഫിയയുടെ ആലുവയിലെ വീട്ടിലെത്തിയ ഗവര്‍ണര്‍ ബന്ധുക്കളോട് സംസാരിച്ചു. മോഫിയയുടെ മരണം ഹൃദയഭേദകമാണെന്നും സ്ത്രീധന പീഡന മരണങ്ങളുണ്ടാകുന്നത് ദൗർഭാഗ്യകരമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തെ മികച്ച പൊലീസ് സേനയാണ് കേരളത്തിലേത്. എല്ലായിടത്തും പുഴുക്കുത്തുകളുണ്ട്. പൊലീസിന്റെ പ്രവർത്തനം ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്നും ഗവർണർ ആരിഫ് ഖാൻ പറഞ്ഞു.

കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ വീട് നേരത്തേ ഗവര്‍ണര്‍ സന്ദര്‍ശിച്ചിരുന്നു. സ്ത്രീധന പീഡനത്തിനെതിരെ കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് പരസ്യമായി ഗവര്‍ണര്‍ രംഗത്തെത്തിയതും വലിയ ചര്‍ച്ചയായി. സ്ത്രീധനം വാങ്ങില്ലെന്ന് ഉറപ്പു നല്‍കുന്നവര്‍ക്കേ സര്‍വകലാശാലകളില്‍ പ്രവേശനം നല്‍കാവൂ എന്നും, പ്രവേശന സമയത്തും ബിരുദം നല്‍കുന്നതിന് മുന്‍പും വിദ്യാര്‍ഥികളില്‍നിന്നു ബോണ്ട് ഒപ്പിട്ടു വാങ്ങണമെന്നും അടക്കമുള്ള നിര്‍ദേശങ്ങള്‍ ഗവര്‍ണര്‍ മുന്നോട്ട് വച്ചിരുന്നു.

Signature-ad

സര്‍ക്കാരിന്റെ പ്രതിനിധിയായി മന്ത്രി പി.രാജീവ് മോഫിയയുടെ വീട്ടില്‍ എത്തിയിരുന്നു. അതിനിടെ, മോഫിയ പര്‍വീണിന്റെ മരണത്തില്‍ അറസ്റ്റിലായ ഭര്‍ത്താവിന്റെയും മാതാപിതാക്കളെയും ജാമ്യാപേക്ഷയില്‍ കോടതി ചൊവ്വാഴ്ച തീരുമാനമെടുക്കും.

Back to top button
error: