IndiaLead NewsNEWS

ഒമിക്രോണ്‍ വകഭേദത്തില്‍ പരിഭ്രാന്തി വേണ്ടെന്ന് ഐസിഎംആര്‍

ഒമിക്രോണ്‍ വകഭേദത്തില്‍ പരിഭ്രാന്തി വേണ്ടെന്ന് ഐസിഎംആര്‍. തീവ്രവ്യാപന ശേഷിയുള്ള വകഭേദമാണ് ഒമിക്രോണ്‍ എന്ന റിപ്പോര്‍ട്ടുകള്‍ നിലവിലുണ്ടെങ്കിലും ഇത് സാധൂകരിക്കാന്‍ പര്യാപ്തമായ തെളിവുകള്‍ പുറത്ത് വന്നിട്ടില്ലെന്നാണ് ഐസിഎംആറിന്റെ നിലപാട്. അതിനാല്‍ ജാഗ്രത തുടര്‍ന്നാല്‍ മതിയാകും. നിലവില്‍ ഉപയോഗിക്കുന്ന വാക്‌സീനുകളുടെ ശേഷിയെ ബാധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. പക്ഷേ വാക്‌സീനെടുത്തവര്‍ക്ക് വൈറസ് ബാധ ഗുരുതരമാകില്ലന്ന് തന്നെയാണ് എഐസിഎംആര്‍ കരുതുന്നത്. അതിനാല്‍ വാക്‌സിനേഷന്‍ വേഗത കൂട്ടണമെന്ന് ഐസിഎംആര്‍ നിര്‍ദ്ദേശിക്കുന്നു.

രാജ്യത്തെ 16 കോടിയോളം പേര്‍ ഒരു ഡോസ് വാക്‌സീന്‍ പോലും സ്വീകരിച്ചിട്ടില്ലെന്നാണ് കണക്ക്. പുതിയ വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തില്‍ വാക്‌സീന്‍ വിമുഖത ഉപേക്ഷിക്കണമെന്നും ഐസിഎംആര്‍ ആവശ്യപ്പെടുന്നു. നിലവിലെ സാഹചര്യം വാക്‌സിനേഷന്‍ നടപടിയെ ബാധിക്കരുതെന്നും ഐസിഎംആര്‍ മുന്നറിയിപ്പ് നല്‍കുന്നു.

കൊവിഡ് ഭീഷണി വിട്ടൊഴിഞ്ഞിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍കീബാത്തില്‍ ഇന്നും ആവര്‍ത്തിച്ചു. പുതിയ വൈറസ് വകഭേദത്തിനെതിരെ ജാഗ്രത കൈവിടരുതന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒമിക്രോണ്‍ വൈറസ് കൂടുതല്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ അടിയന്തരനടപടികള്‍ ആലോചിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ നാളെ യോഗം ചേരും. യോഗം യാത്ര സാഹചര്യം പരിശോധിക്കും. വ്യോമയാന മന്ത്രാലയ പ്രതിനിധികളും പങ്കെടുക്കുന്ന യോഗത്തില്‍ ദക്ഷിണാഫ്രിക്ക, സിംബാംബേ, ഹോങ്കോങ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് യാത്ര വിലക്ക് ഏര്‍പ്പെടുത്തണമെന്ന ആവശ്യം സര്‍ക്കാര്‍ മുന്‍പോട്ട് വയ്ക്കും.

നിലവിലെ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ ഡല്‍ഹി, തമിഴ്‌നാട് കര്‍ണ്ണാടകം എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളില്‍ വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന ഫലം കര്‍ശനമാക്കിയിട്ടുണ്ട്. വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് കര്‍ണാടക പത്ത് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

hhb

Back to top button
error: