കോവിഡ് മഹാമാരി വരുത്തിവച്ച തൊഴിൽ നഷ്ടവും സാമ്പത്തിക ദുരിതവും പലരെയും ആത്മഹത്യയിലേക്കും മോഷണത്തിലേക്കും ലഹരിമരുന്ന് കടത്തിലേക്കും മറ്റ് സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിലേക്കും എത്തിച്ചിട്ടുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.അതു കൂടാതെയാണ് മൊബൈൽ ആപ്പുകളുടെ വിവിധ ആപ്പുകൾ വഴി ഇപ്പോൾ കയറെടുക്കേണ്ടി വരുന്നവർ.എളുപ്പത്തിൽ ലോൺ കിട്ടുന്ന, ഓൺലൈൻ തട്ടിപ്പുകാരുടെ വലയിൽ ചെന്ന് ചാടാൻ ആളുകളെ പ്രേരിപ്പിക്കുന്നതും മുകളിൽ പറഞ്ഞ കാര്യങ്ങൾ തന്നെയാണ്.
മൊബൈല്‍ ആപ്പ് വഴി വായ്പ നല്‍കി തട്ടിപ്പ് നടത്തുന്ന സംഘങ്ങൾക്കെതിരെ പോലീസ് നിതാന്ത ജാഗ്രത പുലർത്തിയതു മൂലം ഇത്തരം സംഘങ്ങൾ ഇടയ്ക്ക് നിർജ്ജീവമായിരുന്നു. എന്നാൽ ഒരിടവേളയ്ക്കു ശേഷം ഓൺലൈൻ ലിങ്ക് വഴിയും മറ്റും ഓൺലൈൻ തട്ടിപ്പ് രംഗത്തെ വ്യാജ ഇൻസ്റ്റന്റ് ഓൺലൈൻ ലോൺ തട്ടിപ്പ് സംഘങ്ങൾ സജീവമായിത്തുടങ്ങിയിട്ടുണ്ട്.
പ്ലേ സ്റ്റോറ് വഴിയും അല്ലാതെയുള്ള ഓൺലൈൻ ലിങ്ക് വഴിയുമുള്ള ഭൂരിഭാഗം വായ്പാ ദാതാക്കൾക്കും RBI യുടെ NBFC (Non-Banking Financial Company ) ലൈസൻസ് ഇല്ലാത്തവരാണ്.ഏഴു ദിവസം മുതൽ ആറുമാസം വരെ തിരിച്ചടവ് കാലാവധിയുള്ള ഇത്തരം വായ്പകൾക്ക് 20% മുതൽ 40% വരെയുള്ള കൊള്ളപ്പലിശയും 10 – 25 % പ്രോസസ്സിംഗ് ചാർജ്ജുമാണ് ഈടാക്കുന്നത്. കേവലം ആധാർ കാർഡിന്റെയും പാൻകാർഡിന്റെയും സോഫ്റ്റ് കോപ്പികൾ മാത്രമേ വായ്പ തുക അക്കൗണ്ടിലേക്ക് മാറ്റാൻ വേണ്ടി ഇവർ ആവശ്യപ്പെടുന്നുള്ളൂ. EMI മുടങ്ങുന്ന പക്ഷം ഇവരുടെ ഭീഷണി തുടങ്ങുകയും ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്ന വേളയിൽ ഫോൺ ഉടമ സമ്മതിച്ച ഉറപ്പ് പ്രകാരം വായ്പക്ക് ഇരയായവരുടെ കോണ്ടാക്ട് വിവരങ്ങൾ കൈക്കലാക്കി അവരുടെ സുഹൃത്തുക്കളുടെ നമ്പറുകളിലേക്ക് മെസ്സേജ് അയക്കുക മാത്രമല്ല വിളിച്ചു ശല്യം ചെയ്യുകയും ചെയ്യുന്നു. കൂടാതെ തിരിച്ചടവ് വീഴ്ചയ്ക് 1 മുതൽ 3 ശതമാനം വരെ പിഴത്തുക ഈടാക്കുന്നതും ഇവരുടെ മറ്റൊരു തട്ടിപ്പ് രീതിയാണ്.
തട്ടിപ്പിനിരയാവുന്നവർ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്ന വേളയിൽ യാതൊന്നും ശ്രദ്ധിക്കാതെ വായ്‌പ്പാ ആപ്പുകാർ ആവശ്യപ്പെടുന്ന പെർമിഷനുകൾ നൽകുന്നു. ഇതുവഴി സ്വകര്യ വിവരങ്ങൾ ചോർത്തുക മാത്രമല്ല, വായ്പ എടുത്തവരുടെ ഫോൺ പോലും വിദൂര നിയന്ത്രണത്തിലാക്കാൻ തട്ടിപ്പുകാർക്ക് അവസരം ലഭിക്കുന്നു. അതിനാൽ സാധാരണക്കാരുടെ ഡിജിറ്റൽ നിരക്ഷരത മുതലെടുത്ത് വൻതട്ടിപ്പ് നടത്തുന്ന ഇത്തരം ലോൺ സംഘങ്ങളുടെ കെണിയിൽ പെടാതെ സൂക്ഷിക്കുക എന്നു മാത്രമാണ് പറയാനുള്ളത്.
ഇതോടൊപ്പം കേന്ദ്ര നയങ്ങളും ജനങ്ങൾക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ് ഇന്ന് രാജ്യത്ത് ഉണ്ടാക്കിയിരിക്കുന്നത്.
ക്രൂഡോയിൽ വില കൂടുമ്പോൾ രാജ്യത്ത് ഇന്ധന വില കൂടുന്നുണ്ട് എന്നാൽ ക്രൂഡോയിൽ വില കുറയുമ്പോൾ രാജ്യത്ത് ഇന്ധന വില കുറയുന്നില്ല.നിർമ്മാണ വസ്തുക്കളുടെ വിലയും കേന്ദ്രം ഇരട്ടിയാക്കി.പാചകവാതക വില വർദ്ധനവ് ഉൾപ്പടെ അങ്ങനെ മറ്റു പലതും ഇതോടൊപ്പം ചൂണ്ടിക്കാട്ടുവാൻ സാധിക്കും.പതിവില്ലാതെ ഇക്കൊല്ലം നീണ്ടു നിന്ന മഴമൂലം കൃഷി നശിച്ചത് പച്ചക്കറി ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ വിലവർദ്ധനയ്ക്കും കാരണമായിട്ടുണ്ട്.അതിനു പുറമെയാണ് കാട്ടുപന്നികളുടെയും കാട്ടാനകളുടെയുമൊക്കെ ശല്യങ്ങൾ.
ജീവിതദുരിതങ്ങൾ കൊണ്ട് ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന ജനങ്ങളെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എന്ന വിത്യാസമില്ലാതെ എല്ലാവരും കൈയ്യൊഴിഞ്ഞിരിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്.
കടം വാങ്ങിയും വട്ടപ്പലിശയ്ക്ക് പണം എടുത്തും കോവിഡ് കാലത്ത് “ജീവിക്കാൻ” ശ്രമിച്ചവർ ഇപ്പോൾ കോവിഡാനന്തര കാലത്തുപോലും എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ്.തൊഴിൽ സാധ്യതകൾ മങ്ങിയതും വേതനത്തിലെ കുറവും എല്ലാം ചേർന്ന് ഇവർക്ക് പഴയ തൊഴിലുകളിലേക്ക് തിരിച്ചു പോകാൻ വയ്യാത്ത അവസ്ഥയുമാണുള്ളത്.ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലും കോവിഡ് ഒരു പൊളിച്ചെഴുത്തിന് കാരണമായിരിക്കയാണ്.സ്വദേശികളെപ്പോലും സാമ്പത്തിക പ്രതിസന്ധി വരിഞ്ഞു മുറുക്കുമ്പോൾ പുതിയ തൊഴിലവസരങ്ങൾ മറ്റു നാട്ടുകാർക്കായി ഇവിടെ സൃഷ്ടിക്കുമെന്ന് കരുതാനുമാവില്ല.
നമ്മുടെ സാമ്പത്തിക-സാമൂഹിക അസ്തിവാരങ്ങളെ മുമ്പില്ലാത്തവണ്ണം തകർത്തെറിഞ്ഞതായിരുന്നു കോവിഡ് ലോക്ഡൗൺ കാലം.കോവിഡ് മഹാമാരിയെത്തുടർന്നുള്ള അടച്ചുപൂട്ടലിൽ ഏറ്റവും കൂടുതൽ ആത്മഹത്യകൾ നടന്നതും കേരളത്തിലായിരുന്നു.ആ കാലത്തേക്കാൾ ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോഴുള്ളതെന്നതാണ് വാസ്തവം. സംസ്ഥാനത്ത് ജനങ്ങൾ സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്നതിനിടെയാണ് മാസങ്ങളായി തുടരുന്ന മഴ മനസ്സിൽ തളിർത്തു നിന്ന അവസാന പുൽനാമ്പുകളെയും ഇപ്പോൾ തല്ലിക്കെടുത്തിയിരിക്കുന്നതും