ഇയർഫോൺ വച്ച് പാളത്തിലൂടെ സഞ്ചരിച്ച വൈദ്യുതിവകുപ്പ് ജീവനക്കാരന്‍ തീവണ്ടി തട്ടി മരിച്ചു
ചെവിയിൽ ഇയർഫോൺ വെച്ചതിനാൽ തീവണ്ടി വരുന്ന ശബ്‌ദം ശരണ്‍കുമാര്‍ കേട്ടില്ല. റെയിൽ പാളത്തിലൂടെ ശരണ്‍കുമാര്‍ നടക്കുന്നതു കണ്ട സമീപത്തെ ഓട്ടോ ഡ്രൈവർമാർ ശബ്‌ദമുണ്ടാക്കിയെങ്കിലും യുവാവ് കേട്ടില്ല
കാഞ്ഞങ്ങാട്: വൈദ്യുതി വകുപ്പ് ജീവനക്കാരന്‍ തീവണ്ടിതട്ടി മരിച്ചു. പെരിയകായക്കുളം ശരണ്‍കുമാര്‍ (26) ആണ് മരിച്ചത്. ഇന്ന് (തിങ്കൾ) ഉച്ചയോടെയായിരുന്നു അപകടം. കഴിഞ്ഞ മൂന്ന് വർഷമായി കെ.എസ്.ഇ.ബി ചിത്താരി സെക്ഷനിലെ താൽക്കാലിക മീറ്റർ റീഡിങ് ജീവനക്കാരനാണ്.
ചോറ്റുകുണ്ട് ഭാഗങ്ങളിലെ വിടുകളിൽ റീഡിങ് എടുക്കാനായി റെയിൽ പാളത്തിന് സമീപം ബൈക്ക് പാർക്ക് ചെയ്‌ത ശേഷം നടന്നു പോകുകയായിരുന്ന ശരണ്‍കുമാറിനെ മംഗാലപുരം ഭാഗത്തേക്ക് പോകുകയായിരുന്ന ഇന്റർസിറ്റി എക്‌സ്‌പ്രസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ചെവിയിൽ ഇയർഫോൺ വെച്ചതിനാൽ തീവണ്ടി വരുന്ന ശബ്‌ദം യുവാവ് കേട്ടിരുന്നില്ല.
റെയിൽ പാളത്തിലൂടെ ശരണ്‍കുമാര്‍ നടക്കുന്ന കണ്ട സമീപത്തെ ഓട്ടോ ഡ്രൈവർമാർ ശബ്‌ദമുണ്ടാക്കിയെങ്കിലും യുവാവ് കേട്ടില്ല.
ബേക്കൽ എസ്.ഐ ബാബുവിന്റെ നേതൃത്വത്തിൽ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റുമോർട്ടത്തിനായി ജില്ലാ ആശുപത്രിലേക്ക് മാറ്റി.
കായക്കുളം തൊട്ടത്തിൽ ശശിധരന്റെയും കാഞ്ഞങ്ങാട് നഴ്‌സിങ് ഹോമിലെ ലാബ് ടെക്‌നിഷ്യൻ ഇന്ദിരയുടെ മകനാണ്. ഏകസഹോദരൻ ശരത്.