NEWS

ദൈവങ്ങളുമായി സംസാരിക്കാറുണ്ടെന്ന് അവകാശപ്പെട്ടിരുന്ന ഭാവി പ്രവാചകനെ മോഷപ്രാപ്തിക്കു വേണ്ടി ഭാര്യ ജീവനോടെ കുഴിച്ചിട്ടു

ഭാവി പ്രവാചകൻ എന്ന് അവകാശപ്പെട്ടിരുന്ന നാഗരാജിന് കഴിഞ്ഞ ദിവസം നെഞ്ചുവേദന അനുഭവപ്പെട്ടു. ഉടൻ, തന്നെ കുഴിച്ചിടാന്‍ ഇയാള്‍ ഭാര്യയോട് നിർദ്ദേശിച്ചു. എങ്കില്‍ മാത്രമേ തനിക്ക് അനശ്വരനാകാന്‍ കഴിയൂ എന്നും പറഞ്ഞു. ഭാര്യ ലക്ഷ്മി ഭർത്താവിന്റെ ആവശ്യം അംഗീകരിച്ചു

ചെന്നൈ: ഭര്‍ത്താവിന് മോഷപ്രാപ്തി ലഭിക്കാന്‍ വേണ്ടി ഭാര്യ അദ്ദേഹത്തെ ജീവനോടെ വീട്ടുമുറ്റത്ത് കുഴിച്ചിട്ടു. ഒരു ഭാവി പ്രവാചകനായിരുന്നു ഇദ്ദേഹം. തമിഴ്‌നാട്ടിലെ പെരുമ്പാക്കത്താണ് സംഭവം.
ജോലി കഴിഞ്ഞെത്തിയ മകള്‍ സംഭവം കാണുകയും പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.
സ്വയം പ്രഖ്യാപിത ഭാവി പ്രവചനക്കാരനായ നാഗരാജിനെയാണ് ജീവനോടെ കുഴിച്ച് മൂടിയത്. കലൈഞ്ജര്‍ കരുണാനിധി നഗറിലെ താമസക്കാരനായ നാഗരാജ്, താന്‍ ദൈവങ്ങളുമായി സംവദിക്കാറുണ്ടെന്ന് അവകാശപ്പെട്ടിരുന്നു.
സംസ്ഥാനത്തെ ചില ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച ശേഷം തനിക്ക് ദൈവികാനുഗ്രഹമുണ്ടായതായി അദ്ദേഹം അടുത്തിടെ അവകാശപ്പെട്ടിരുന്നു.

ഇയാള്‍ തന്റെ വീട്ടുമുറ്റത്ത് ഒരു ക്ഷേത്രം നിര്‍മ്മിക്കുകയും ആളുകളെ ഇവിടേക്ക് ക്ഷണിക്കുകയും ചെയ്തു. അവരുടെ ജീവിതത്തെക്കുറിച്ചുള്ള പ്രവചനങ്ങള്‍ അതിലൂടെ സാധിക്കാനാകുമെന്നും അയാള്‍ പറഞ്ഞു.

ഈ മാസം പതിനാറിന് നാഗരാജിന് നെഞ്ചുവേദന അനുഭവപ്പെട്ടു. താന്‍ ഉടന്‍ മരിക്കാന്‍ പോകുകയാണെന്ന് ഇയാള്‍ കരുതി. ഉടന്‍ തന്നെ കുഴിച്ചിടാന്‍ ഇയാള്‍ ഭാര്യയോട് ആവശ്യപ്പെടുകയായിരുന്നു. എങ്കില്‍ മാത്രമേ തനിക്ക് അനശ്വരനാകാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. ഭാര്യ ലക്ഷ്മി അദ്ദേഹത്തിന്റെ ആവശ്യം അംഗീകരിച്ചു. തൊട്ടടുത്ത ദിവസം തന്നെ ഇവര്‍ കുഴി കുത്താനായി രണ്ട് പേരെ വിളിച്ചു. ജലസംഭരണി നിര്‍മ്മിക്കാണ് കുഴി എന്നായിരുന്നു അവര്‍ പറഞ്ഞത്. നവംബര്‍ പതിനേഴിന് ലക്ഷ്മി അയാളെ ഇരിക്കുന്ന അവസ്ഥയില്‍ കുഴിയില്‍ വച്ച് മൂടുകയായിരുന്നു. ഈ സമയത്ത് അയാള്‍ക്ക് ബോധമുണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

ഐ.ടി ഉദ്യോഗസ്ഥയായ ഇവരുടെ മകള്‍ തമിഴരശി ഒരു യാത്ര കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് പിതാവിനെ കാണാനില്ലെന്ന് മനസിലായത്. അമ്മയോട് പലവട്ടം ചോദിച്ചെങ്കിലും അവര്‍ ഒന്നും വിട്ടു പറഞ്ഞില്ല. ഒടുവില്‍ നിര്‍ബന്ധം സഹിക്കാനാകാതെ അവര്‍ സത്യങ്ങള്‍ എല്ലാം മകളോട് വെളിപ്പെടുത്തി.
തുടര്‍ന്ന് തമിഴരശി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

പൊലീസെത്തി ഇയാളുടെ ശരീരം പുറത്തെടുത്തു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ ഇയാളെ ജീവനോടെയാണോ അതോ മരിച്ച ശേഷമാണോ കുഴിച്ച് മൂടിയത് എന്ന് വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു.

Back to top button
error: