NEWS

കാര്‍ത്തിക ദീപപ്രഭയില്‍ ജ്വലിച്ച് ശബരിമല സന്നിധാനം

വിളക്കുകളിലും മണ്‍ചെരാതുകളിലും കാര്‍ത്തികദീപം തെളിയിച്ചതോടെ സന്നിധാനം ദീപാലംകൃതമായി. കിഴക്കേ മണ്ഡപത്തില്‍ പ്രത്യേകം തയാറാക്കിയ നെയ് വിളക്ക് തന്ത്രി തെളിച്ചതോടെ തൃക്കാര്‍ത്തിക ചടങ്ങുകള്‍ക്ക് തുടക്കമായി. ദീപാരാധനയ്ക്കു ശേഷം ക്ഷേത്ര പരിസരത്ത് കര്‍പ്പൂര ദീപം തെളിയിച്ചായിരുന്നു കാര്‍ത്തിക ആഘോഷം

വൃശ്ചികമാസത്തിലെ തൃക്കാര്‍ത്തിക നാളില്‍ ശബരിമല സന്നിധാനം ദീപാലങ്കാരങ്ങളാല്‍ പ്രഭ ചൊരിഞ്ഞു.
സോപാനത്ത് ദീപാരാധനയ്ക്ക് മുന്‍പ് തന്ത്രി കണ്ഠര് മഹേഷ് മോഹനര് ദീപം തെളിച്ചു.
തന്ത്രിയുടേയും മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരിയുടെയും കാര്‍മികത്വത്തില്‍ സന്നിധാനത്തും മേല്‍ശാന്തി ശംഭു നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ മാളികപ്പുറത്തും ചടങ്ങുകള്‍ നടന്നു. സന്നിധാനത്ത് വിളക്കുകളിലും മണ്‍ചെരാതുകളിലും കാര്‍ത്തികദീപം തെളിയിച്ചതോടെ തിരുസന്നിധി ദീപാലംകൃതമായി.
കിഴക്കേ മണ്ഡപത്തില്‍ പ്രത്യേകം തയാറാക്കിയ നെയ് വിളക്ക് തന്ത്രി തെളിച്ചതോടെ തൃക്കാര്‍ത്തിക ചടങ്ങുകള്‍ക്ക് തുടക്കമായി. ദീപാരാധനയ്ക്കു ശേഷം ക്ഷേത്ര പരിസരത്ത് കര്‍പ്പൂര ദീപം തെളിച്ചായിരുന്നു കാര്‍ത്തിക ആഘോഷം.
അങ്കി ചാര്‍ത്തിയുള്ള പ്രത്യേക ദീപാരാധനയായിരുന്നു തൃക്കാര്‍ത്തിക ദിനത്തിലെ പ്രധാന ചടങ്ങ്. ശ്രീകോവിലിനു സമീപത്തെ ഗണപതി ഹോമത്തട്ടില്‍ അരിപ്പൊടിയും മഞ്ഞള്‍പൊടിയും കളം വരച്ച് അതില്‍ തെറ്റി, ജമന്തിപൂക്കള്‍, പനിനീര്‍ പൂക്കള്‍ നിരത്തി മണ്‍ചെരാതുകളും വച്ചായിരുന്നു കാര്‍ത്തിക ദീപം തെളിച്ചത്.
കലശാഭിഷേകം, കളഭാഭിഷേകം, ഉദയാസ്തമന പൂജ, പടി പൂജ എന്നിവയും നടന്നു. ക്ഷേത്ര ജീവനക്കാരും സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥരും അയ്യപ്പന്മാരും ചേര്‍ന്നാണ് കാര്‍ത്തിക ദീപം തെളിച്ചത്.

Back to top button
error: