KeralaLead NewsNEWS

ശബരിമല തീര്‍ഥാടകര്‍ക്ക് പ്രതിരോധ ശക്തിക്കായി ആയുര്‍വേദ കുടിവെള്ളം വിതരണം, സുരക്ഷിത യാത്രയ്ക്ക് സേഫ് സോണ്‍ നിര്‍ദേശങ്ങള്‍

ഭാരതീയ ചികിത്സാ വകുപ്പും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സംയുക്തമായി ശബരിമല തീര്‍ഥാടകര്‍ക്ക് പ്രതിരോധ ശക്തിക്കായി ആയുര്‍വേദ കുടിവെള്ളം വിതരണം ചെയ്യുന്നു. ഇതിന്റെ ഭാഗമായി വെള്ളം തിളപ്പിക്കുന്നതിനുള്ള ആയുര്‍വേദ ഔഷധങ്ങള്‍ സന്നിധാനം ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറി ചാര്‍ജ് മെഡിക്കല്‍ ഓഫീസര്‍ ഡോ. വിനോദ് കൃഷ്ണന്‍ നമ്പൂതിരി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്‍ഡ് എന്‍ജിനീയര്‍ സുനില്‍ കുമാറിന് കൈമാറി.

നടപ്പന്തലിന് സമീപം നിലവില്‍ ചുക്കുവെള്ളം നല്‍കുന്നതോടൊപ്പം ആയുര്‍വേദ ഔഷധ ജലവും നല്‍കാനാണ് ഉദ്ദേശിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ തീര്‍ഥാടകര്‍ക്കും ജീവനക്കാര്‍ക്കും ഇത് ഏറെ പ്രയോജനകരമാകും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ എല്ലാ ആയുര്‍വേദ സ്ഥാപനങ്ങള്‍ വഴിയും ഭാരതീയ ചികിത്സാ വകുപ്പ് വിജയകരമായി നടപ്പാക്കിയ പ്രതിരോധ പദ്ധതിയില്‍ ഉപയോഗിച്ച ഷഡംഗം ചൂര്‍ണമാണ് ഇതിനായി ഉപയോഗിക്കുന്നത്. ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍ എം. മനോജിന്റെ നിര്‍ദേശപ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്.

അതേസമയം, തീര്‍ഥാടകരുടെ സുരക്ഷിത യാത്രയ്ക്ക് നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പിന്റെ സേഫ് സോണ്‍ പദ്ധതി. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: അമിത വേഗം പാടില്ല. വളവുകളില്‍ ഓവര്‍ടേക്കിംഗ് പാടില്ല. റോഡ് അരികുകളില്‍ അപകടകരമാം വിധം വാഹനം പാര്‍ക്ക് ചെയ്യരുത്. രാത്രി യാത്രയില്‍ ഡിം ലൈറ്റ് ആവശ്യാനുസരണം ഉപയോഗിക്കുക. ഉന്മേഷവാനായി ഉണര്‍ന്നിരുന്ന് മാത്രം വാഹനം ഓടിക്കുക. ഇടതുവശം ചേര്‍ന്ന് വാഹനം ഓടിക്കുക. രാത്രി വൈകി ഉറക്കക്ഷീണത്തോടെ വാഹനം ഓടിക്കാതിരിക്കുക.

വാഹനങ്ങളുടെ സാങ്കേതിക തകരാറുകള്‍ ഇല്ലെന്ന് ഉറപ്പു വരുത്തുക. മാലിന്യങ്ങള്‍ അലക്ഷ്യമായി തുറസായ സ്ഥലങ്ങളില്‍ വലിച്ചെറിയാതിരിക്കുക. വലതുവശം ഓവര്‍ടേക്കിംഗിന് മാത്രമുള്ളതാണ്. സ്ഥിരമായി വലതുവശം ചേര്‍ന്ന് വാഹനമോടിക്കുന്നത് ഗതാഗത തടസത്തിനും റോഡ് അപകടത്തിനും കാരണമാകുന്നതും ശിക്ഷാര്‍ഹവുമാണ്.
അടിയന്തിര സാഹചര്യങ്ങളില്‍ സഹായത്തിനായി സേഫ് സോണ്‍ ഹെല്‍പ്പ് ലൈനുമായി ബന്ധപ്പെടാം. ഇലവുങ്കല്‍: 09400044991, 09562318181, എരുമേലി: 09496367974, 08547639173. കുട്ടിക്കാനം: 09446037100, 08547639176.

Back to top button
error: