ആലപ്പുഴയിലും അങ്കമാലിയിലും മയക്കുമരുന്ന് വേട്ട, ഒരു യുവതി ഉൾപ്പടെ പത്ത് പേർ അറസ്റ്റിൽ
സിന്തറ്റിക് വിഭാഗത്തിൽ പെട്ട എം.ഡി.എം.എ ആണ് ആലപ്പുഴയിൽ നിന്നു പിടിച്ചെടുത്തത്. അങ്കമാലിയിൽ 200 കിലോ കഞ്ചാവുമായി യുവതിയുൾപ്പടെയുള്ള മൂന്നംഗ സംഘത്തെയാണ് പോലീസ് അറസ്റ്റ് ചെയ്തത്
ആലപ്പുഴയിൽ മയക്കുമരുന്നുമായി ഏഴ് യുവാക്കൾ പിടിയിൽ. സിന്തറ്റിക് വിഭാഗത്തിൽ പെട്ട എം.ഡി.എം.എ ആണ് യുവാക്കളിൽ നിന്ന് പിടിച്ചെടുത്തത്. ഹരിപ്പാടുള്ള റിസോർട്ടിലേക്കാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് ഇവർ പോലീസിനോട് പറഞ്ഞു.
ഹരിപ്പാട് സ്വദേശികളായ പ്രണവ്, സജിൻ, ശ്രാവൺ, അക്ഷയ്, സച്ചിൻ, അർജുൻ, രഘുരാമൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടര ലക്ഷത്തിലേറെ രൂപയുടെ മൂല്യമുള്ളതാണ് പിടിച്ചെടുത്ത മയക്കുമരുന്ന്.
ഇന്ന് തന്നെ അങ്കമാലി കറുകുറ്റിയിൽ 200 കിലോ കഞ്ചാവുമായി യുവതിയുൾപ്പടെ മൂന്നംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുൾപ്പടെ മൂന്നു പേരടങ്ങുന്ന സംഘം രണ്ടു കാറുകളിലായി കടത്തുകയായിരുന്ന 200 കിലോ കഞ്ചാവാണ് അങ്കമാലി, കറുകുറ്റി പഴയ ചെക്പോസ്റ്റിനു പരിസരത്തു നിന്ന് ഇന്ന് ഉച്ചയോടെ പിടികൂടിയത്.
രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഡാൻസാഫ് നടത്തിയ പരിശോധനയിലാണ് ആന്ധ്രയിൽ നിന്നു കൊണ്ടുവന്ന കഞ്ചാവ് പിടിച്ചെടുത്തത്.
പെരുമ്പാവൂർ കാഞ്ഞിരക്കാട് കളപ്പുരക്കൽ സ്വദേശി അനസ്, ഫൈസൽ എന്നിവരാണ് ഈ കേസിൽ യുവതിക്കൊപ്പം പിടിയിലായത്. അനസും ഫൈസലും നേരത്തെയും കഞ്ചാവു കടത്തു കേസുകളിൽ പിടിയിലായിട്ടുള്ളവരാണ്. ഇവർ സഞ്ചരിച്ചിരുന്ന രണ്ടു വാഹനങ്ങളും പൊലീസ് പിടികൂടി.