തിരുവനന്തപുരം: നയതന്ത്ര സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് അൽപ്പസമയത്തിനകം ജയിലിൽ നിന്ന് പുറത്തിറങ്ങും. ജാമ്യവുമായി ബന്ധപ്പെട്ട രേഖകൾ സ്വപ്നയുടെ അമ്മ അട്ടക്കുളങ്ങര ജയിലിലെത്തിച്ചു. 25 ലക്ഷം രൂപയുടെ ബോണ്ടിലാണ് എൻഐഎ കേസിൽ സ്വപ്നയക്ക് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
ആറു കേസുകളിലും സ്വപ്ന സുരേഷിൻെറ ജാമ്യ ഉപാധികള്‍ ഇന്നലെ വൈകുന്നേരത്തോടെ കോടതിയിൽ സമർപ്പിച്ചിരുന്നു. എൻഐഎ കേസുൾപ്പെടെ എല്ലാ കേസുകളിലും സ്വപ്നക്ക് ജാമ്യം ലഭിച്ച് മൂന്ന് ദിവസം പിന്നിട്ടും ജയിലിൽ നിന്നും പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല. ജാമ്യ ഉപാധികള്‍ സമർപ്പിക്കാൻ കഴിയാത്തുകൊണ്ടാണ് ജയിൽ നിന്നും ഇറങ്ങാനാകാത്തത്. ഇന്നലെ വൈകുന്നേരത്തോടെ എല്ലാ നടപടികളും പൂർത്തിയാക്കി.
കേസിലെ മറ്റൊരു പ്രതിയായ സരിത്തിൻ്റെ കോഫോപോസെ കാലാവധി കുറച്ചുദിവസങ്ങൾ കൂടി ബാക്കിയുണ്ട്. മറ്റുള്ള പ്രതികൾക്കും കോഫോപോസെയിൽ കുറച്ചു ദിവസം കൂടി ജയിലിൽ തുടരേണ്ടി വരും. ഇതിനു ശേഷമേ പുറത്തിറങ്ങാനാവൂ.
സ്വർണ കടത്തു കേസിൽ അറസ്റ്റിലായി ഒരു വർഷത്തിന് ശേഷമാണ് സ്വപ്ന പുറത്തിറങ്ങുന്നത്. ജയിലിൽ നിന്നും പുറത്തിറങ്ങുന്ന സ്വപ്ന മുഖ്യമന്ത്രിയുടെ ഓഫീസിലെ ബന്ധം ഉള്‍പ്പെടെ എന്തു പ്രതികരിക്കുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.