തിരുവനന്തപുരം: ശമ്പളപരിഷ്‌കരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നു. മെഡിക്കല്‍ കോളേജ് അധ്യാപകരുടെ 2016 ല്‍ നടക്കേണ്ടിയിരുന്ന ശമ്പളപരിഷ്‌കരണം 2020 സെപ്റ്റംബര്‍ മാസത്തില്‍ പുറത്തിറങ്ങിയെങ്കിലും ഭൂരിഭാഗം അധ്യാപകര്‍ക്കും പുതുക്കിയ ശമ്പളം അനുസരിച്ചുള്ള പേ സ്ലിപ് പോലും നല്‍കിയിട്ടില്ല. ഇതാണ് സമരത്തിലേക്ക് നീങ്ങാനുള്ള പ്രധാന കാരണം.
ശമ്പള പരിഷ്‌കരണത്തിലെ അപാകതകള്‍ ചൂണ്ടിക്കാണിച്ചിട്ടും പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്ന പരാതിയും ഇവര്‍ക്കുണ്ട്. മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരോട് സര്‍ക്കാര്‍ കാണിക്കുന്ന വഞ്ചനയാണിതെന്ന് കെജിഎംസിടിഎ പറയുന്നു. സര്‍ക്കാരിന്റെ അവഗണനക്കെതിരെ നവംബര്‍ 9 ന് എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെയും പ്രിന്‍സിപ്പല്‍ ഓഫീസിലേക്ക് അധ്യാപകര്‍ പ്രതിഷേധജാഥയും ഓഫീസുകള്‍ക്ക് മുന്‍പില്‍ ധര്‍ണയും നടത്തും.