Lead NewsNEWS

മോഷണം ആരോപിച്ച്‌ വാക്കുതര്‍ക്കം,2 യുവാക്കളിൽ ഒരാൾ കൊല്ലപ്പെട്ടു, അപരൻ അറസ്റ്റില്‍; ഇരുവരും തിരുവനന്തപുരം സ്വദേശികൾ

കാസര്‍കോട്: തളങ്കര നുസ്രത്ത് റോഡിന് സമീപത്തെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന തിരുവനന്തപുരം നെടുമങ്ങാട് പാങ്ങോത്ത് സ്വദേശി ബി. സജിത്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് പിടിയിലായി. കോണ്‍ഗ്രീറ്റ് കട്ടിംഗ് തൊഴിലാളിയായ തിരുവനന്തപുരം മരത്തിക്കുന്ന് നാവായിക്കുളം ഷംന മന്‍സിലിലെ എസ്. നസീര്‍(38) ആണ് അറസ്റ്റിലായത്. ഇന്ന് രാവിലെ പതിനൊന്നു മണിയോടെ കാസര്‍കോട് സി.ഐ, പി. അജിത് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊലനടന്ന സ്ഥലത്തെത്തിച്ച് ഇപ്പോൾ തെളിവെടുപ്പ് നടത്തുകയാണ്.

വയറ്റിനേറ്റ ആഴത്തിലുള്ള കുത്താണ് മരണ കാരണമെന്ന് പരിയാരം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഒന്നാം തീയതി രാവിലെയാണ് സജിത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ കൊലപാതകത്തിന് കേസെടുക്കുകയായിരുന്നു. മോഷണം ആരോപിച്ച് സജിത്തും നസീറും തമ്മില്‍ മൂന്ന് മാസത്തോളമായി തര്‍ക്കമുണ്ടായിരുന്നു. ഇടക്കിടെ ഇരുവരും തമ്മില്‍ വഴക്ക് കൂടിയിരുന്നതായും പലരും പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. നസീര്‍ ബാങ്കോട്ടെ ക്വാര്‍ട്ടേഴ്‌സിലാണ് താമസിക്കുന്നത്. 31ന് രാത്രി നസീര്‍ സജിത്തിന്റെ ക്വാര്‍ട്ടേഴ്‌സിലെത്തുകയും ഇരുവരും തമ്മില്‍ വാക്കേറ്റത്തിലേര്‍പ്പെടുകയും ചെയ്തു. അതിനിടെ നസീര്‍ സജിത്തിന്റെ വയറ്റില്‍ കത്തികൊണ്ട് കുത്തുകയായിരുന്നു. സംഭവസമയത്ത് ശക്തമായ മഴയയുണ്ടായിരുന്നു. കുത്തേറ്റ് പ്രാണരക്ഷാര്‍ത്ഥം ഓടിയ സജിത്ത് ഗ്രൗണ്ടിന് സമീപം വീഴുകയും രക്തം വാര്‍ന്ന് മരണപ്പെടുകയുമായിരുന്നു. സംഭവത്തിന് ശേഷം നസീര്‍ മംഗളൂരുവിലേക്ക് കടന്നു. സജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് പരിസരവാസികളും സഹതൊഴിലാളികളുമടക്കം പലരില്‍ നിന്നും പൊലീസ് മൊഴി രേഖപ്പെടുത്തിയിരുന്നു.

രണ്ടുപേരില്‍ നിന്ന് കിട്ടിയ വിവരങ്ങളാണ് കൊലയ്ക്ക് പിന്നില്‍ നസീറാണെന്ന സൂചന ലഭിച്ചത്. ഇതേ തുടര്‍ന്ന് അന്വേഷണം നസീറിലേക്ക് നീങ്ങുകയും മംഗളൂരുവിലെ രഹസ്യ താവളത്തിന് നിന്ന് പിടികൂടുകയുമായിരുന്നു. എസ്.ഐമാരായ വിഷ്ണുപ്രസാദ്, എ.എം രഞ്ജിത് കുമാര്‍, വേണു, എ.എസ്.ഐമാരായ കെ. വിജയന്‍,മോഹനന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Back to top button
error: