NEWS

‘ജയ് ഭീം’-ല്‍ ഹിന്ദി സംസാരിച്ച ആളെ തല്ലി, പ്രകാശ് രാജിന്റെ പ്രൊപ്പഗാണ്ട എന്ന് വിമര്‍ശനം

സൂര്യ ശക്തമായ വക്കീല്‍ വേഷത്തില്‍ എത്തിയ ചിത്രമാണ് ‘ജയ് ഭീം’. നവംബര്‍ 2 നാണ് ആമസോണ്‍ പ്രൈമിലൂടെ ചിത്രം പ്രദര്‍ശനത്തിനെത്തിയത്. മികച്ച പ്രേക്ഷകരപ്രതികരണവുമായി ചിത്രം മുന്നേറുകയാണ്. ഇതിനിടയിലാണ് ചിത്രത്തിലെ ഒരു രംഗത്തിന്റെ പേരില്‍ നടന്‍ പ്രകാശ് രാജിനുനേരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.

ചിത്രത്തില്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ പെരുമാള്‍സ്വാമി എന്ന കഥാപാത്രത്തെയാണ് പ്രകാശ് രാജ് അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ കഥാപാത്രം ഹിന്ദി സംസാരിക്കുന്ന ആളെ തല്ലുകയും തമിഴില്‍ സംസാരിക്കാന്‍ ആവശ്യപ്പെടുന്നതുമായ രംഗമാണ് വിവാദമായത്. ഹിന്ദി വിരുദ്ധവികാരം പ്രചരിപ്പിക്കുന്നതാണ് ഈ രംഗം എന്നാണ് ആരോപണം. സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ നടന്‍ രൂക്ഷവിമര്‍ശനത്തിന് ഇരയാകുകയാണ്.

ചിത്രത്തിലൂടെ പ്രകാശ് രാജ് തന്റെ പ്രൊപ്പഗാണ്ട പ്രചരിപ്പിക്കുകയാണെന്ന് ആരോപിക്കുന്നവരുമുണ്ട്. ഹിന്ദിയോ മറ്റേതെങ്കിലും പ്രാദേശിക ഭാഷകളോ സംസാരിക്കാത്തതിന്റെ പേരില്‍ ഒരു വ്യക്തിയെ കയ്യേറ്റം ചെയ്യാന്‍ ഭരണഘടനയുടെ ഏത് ആര്‍ട്ടിക്കിളാണ് അനുവദിക്കുന്നതെന്നാണ് പലരുടേയും ചോദ്യം.

ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ജയ് ഭീം ജാതി വിവേചനത്തെക്കുറിച്ചും ഇരുള ഗോത്രം നേരിടുന്ന വിവേചനങ്ങളെക്കുറിച്ചുമുള്ള യഥാര്‍ത്ഥ പ്രശ്‌നങ്ങളാണ് സംസാരിക്കുന്നത്. മലയാളി താരം ലിജോ മോളാണ് ജയ്ഭീമില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. 2ഡി എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സൂര്യയും ജ്യോതികയുമാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Back to top button
error: