തെലുങ്ക് ചിത്രം ‘ഏജന്റി’ന്റെ ഹംഗറി ഷൂട്ടിംഗ് പൂര്‍ത്തിയാക്കി മമ്മൂട്ടിയും സംഘവും തിരികെ നാട്ടിലേക്ക്. നിര്‍മ്മാതാക്കളായ ആന്റോ ജോസഫ്, ജോര്‍ജ്, ഫോട്ടോഗ്രാഫര്‍ ഷാനി, പേഴ്‌സണല്‍ മേക്കപ്പ്മാന്‍ സലാം എന്നിവരും ഈ യാത്രയില്‍ മമ്മൂട്ടിയെ അനുഗമിച്ചിരുന്നു. അവരിപ്പോള്‍ ദുബായിലാണുള്ളത്. വ്യാഴാഴ്ച കേരളത്തിലെത്തും.
അഞ്ച് ദിവസമായിരുന്നു ഹംഗറിയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ്. പട്ടാളക്കാരന്റെ വേഷത്തിലാണ് താരം എത്തുന്നത്. മമ്മൂട്ടിയുടെ ഇന്‍ട്രോ സീനും സിനിമയുടെ ആദ്യ ഷെഡ്യൂളും ഇവിടെയാണ് ചിത്രീകരിച്ചത്. ഹംഗറിയുടെ തലസ്ഥാനമായ ബൂഡാപെസ്റ്റിലൂടെ നടന്നു നീങ്ങുന്ന മമ്മൂട്ടിയുടെ റീല്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.
താരപുത്രനും യുവതാരവുമായ അഖില്‍ അക്കിനേനിയാണ് ചിത്രത്തിലെ നായകന്‍. ഹോളിവുഡ് ത്രില്ലര്‍ ബോണ്‍ സീരിസില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കുന്ന ചിത്രമാണിത്. സുരേന്ദര്‍ റെഡ്ഡിയാണ് ചിത്രത്തിന്റെ സംവിധായകന്‍. ഹൈദരാബാദ് വിശാഖപട്ടണം, കശ്മീര്‍, ഡല്‍ഹി എന്നിവിടങ്ങളിലായിട്ടാണ് ബാക്കി ഷെഡ്യൂള്‍ തീരുമാനിച്ചിരിക്കുന്നത്. ഹിപ്പോപ്പ് തമിഴയാണ് സംഗീതസംവിധായകന്‍. രാകുല്‍ ഹെരിയ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ നവീന്‍ നൂലിയാണ്.
വൈആര്‍എസിന്റെ ജീവിതം ആസ്പദമാക്കിയിറങ്ങിയ യാത്രയാണ് ഇതിന് മുമ്പ് മമ്മൂട്ടി അഭിനയിച്ച തെലുങ്ക് ചിത്രം. സ്വാതി കിരണം, സൂര്യ പൊട്രുളു തുടങ്ങിയ തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ‘ഏജന്റ്ി’ന്റെ ഷൂട്ടിങിനായി കഴിഞ്ഞ ഒക്ടോബര്‍ 24 നാണ് മമ്മൂട്ടി ഹംഗറിയിലേക്ക് തിരിച്ചത്. എം.ടിയുടെ തിരക്കഥയില്‍ ലിജോ പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇനി ജോയിന്‍ ചെയ്യുന്നത്. ആറാംതീയതി ഷൂട്ടിംഗ് ആരംഭിക്കും.