പത്തനംതിട്ടയുടെ നെറ്റിയിലെ ചുട്ടിയായി ചുട്ടിപ്പാറ, 39-മത് പിറന്നാൾ നിറവിൽ ജില്ല
രാജ്യത്തെ ആദ്യ പോളിയോ വിമുക്ത ജില്ല, ഏറ്റവും സാക്ഷരതയുള്ള ജില്ല, ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ ദാരിദ്ര്യമുള്ള 5 ജില്ലകളിലൊന്ന് (2013-ലെ സെൻസസ് പ്രകാരം 1.17 ശതമാനം മാത്രമാണ് ഇവിടെ ദാരിദ്ര്യം), കേരളത്തിൽ ഏറ്റവും കൂടുതൽ ശുദ്ധവായു ലഭിക്കുന്ന ജില്ല ( ടിബറ്റുമായി അതിർത്തി പങ്കിടുന്ന കിനൗറിലാണ് ഇന്ത്യയിലെ ഏറ്റവും കൂടുതൽ ശുദ്ധമായ വായു ലഭിക്കുന്നത്), ആദ്യമായി ഷുഗർ ഫാക്ടറി സ്ഥാപിച്ച ജില്ല, ലോകത്തിലെ ഏക ചിലന്തിയമ്പലം സ്ഥിതിചെയ്യുന്ന ജില്ല… പത്തനംതിട്ടയ്ക്ക് സവിശേഷതകൾ ഏറെയാണ്
ആനയുടെ മസ്തിഷ്കം പോലെ ഉയർന്നു നിൽക്കുന്ന ഒരു പാറയുണ്ട് പത്തനംതിട്ടയിൽ.
ദൂരെയെങ്ങുമല്ല, കെ.എസ്.ആർ.ടി.സിയുടെയും പ്രൈവറ്റ് ബസ് സ്റ്റാൻഡിന്റെയും സമീപം, ടൗണിന്റെ ഹൃദയഭാഗത്തു തന്നെ… ചുട്ടിപ്പാറ.
പത്തനംതിട്ടയുടെ നെറ്റിയിലെ ചുട്ടിയാണ് ഈ ചുട്ടിപ്പാറ. ജില്ലയുടെ പ്രധാന അടയാളങ്ങളിലൊന്ന്.
ഈ കുന്നിൻ്റെ നിറുകയിൽ നിന്നാല്‍ പത്തനംതിട്ട ടൗൺ മുഴുവന്‍ ഒറ്റ ഫ്രെയിമിൽ കാണാം.
സബ് ജയിലിന് സമീപം നഗരത്തെ നോക്കി തലയുയര്‍ത്തി നില്‍ക്കുന്ന ചുട്ടിപ്പാറ ഒരടയാളമാണ്. കഴിഞ്ഞ കാലത്തിന്റെ മായാത്ത ഒരേയൊരു അടയാളവും പത്തനംതിട്ട ടൗണിൽ അതു മാത്രമാണ്.
രാഷ്ട്രീയ പടയോട്ടങ്ങളും ചോരതെറിക്കുന്ന മുദ്രാവാക്യങ്ങളും ഏറെ കാണുകയും കേൾക്കുകയും ചെയ്ത ചുട്ടിപ്പാറയുടെ പ്രായം എത്രയെന്ന് ആർക്കുമറിയില്ലെങ്കിലും പത്തനംതിട്ട ജില്ലയ്ക്ക് പ്രായം 39 എന്ന് ചുട്ടിപ്പാറ കണ്ണുംപൂട്ടി പറയും.
1982 നവംബർ ഒന്നാം തീയതിയാണ് കേരളത്തിലെ പതിമൂന്നാമത്തെ ജില്ലയായി പത്തനംതിട്ട രൂപീകൃതമായത്. പുതിയ മന്ത്രിസഭ രൂപീകരിക്കാൻ കെ കരുണാകരൻ ഏറെ ബുദ്ധിമുട്ടിയ ഘട്ടത്തിൽ തനിക്ക് മന്ത്രിസ്ഥാനം വേണ്ട പകരം ജില്ല മതിയെന്ന് ഉറപ്പിച്ചു പറഞ്ഞ അന്നത്തെ എം.എൽ.എ, കെ.കെ നായരുടെ നിശ്ചയദാർഢ്യമാണ് ഇന്നത്തെ പത്തനംതിട്ട ജില്ല.
പ്രായം കൊണ്ട് ഇന്നും യൗവ്വനം വിട്ടുമാറാത്ത ജില്ലയാണെങ്കിലും പത്തനംതിട്ട അത്ര നിസ്സാരക്കാരനല്ല. ശബരിമലയും മാരാമണ്ണും ആറൻമുളയും ഗവിയുമൊക്കെ ചേർന്ന പത്തനംതിട്ടയുടെ പ്രശസ്തി ഈരേഴ് ലോകവും കടന്നതാണ്.
ചരിത്രവും ഐതിഹ്യങ്ങളും ഇഴചേർന്നു കിടക്കുന്ന ഭൂപ്രകൃതിയാണ് പത്തനംതിട്ടയുടേത്.
ക്ഷേത്രങ്ങളും പടുകൂറ്റൻ കരിമ്പാറകളും മലകളും വെള്ളച്ചാട്ടങ്ങളും പുൽമേടുകളും തടാകങ്ങളുമൊക്കെ ഇഴചേർന്ന് അതങ്ങനെ പരിലസിക്കുന്നു.
സമുദ്രനിരപ്പില്‍ നിന്നും 400 അടിയോളം ഉയരത്തില്‍ മൂന്ന് പാറകളുടെ കൂട്ടമാണ് ചുട്ടിപ്പാറ. താഴെ നിന്നും കുത്തനെയുള്ള പടികള്‍ കയറിവേണം മുകളിൽ എത്താൻ.
ഇവിടെ നിന്നുള്ള കാഴ്ച അവിസ്മരണീയമാണ്. പാറയുടെ മുകളില്‍ നിന്നും നോക്കുമ്പോള്‍ അച്ചന്‍കോവിലാറും താഴെ പത്തനംതിട്ട നഗരവും ഒരു വർണ ചിത്രം പോലെ കാണാം.
പാറയ്ക്ക് മുകളിൽ ഒരു മഹാദേവ ക്ഷേത്രവുമുണ്ട്.
താഴെ നിന്ന് നോക്കിയാല്‍ രണ്ട് പാറമാത്രമേ കാണുകയുള്ളൂ. മുകളിലെത്തുമ്പോഴാണ് മൂന്നാമതൊരു പാറ കൂടിയുണ്ടെന്ന് വ്യക്തമാവുക. ചേലവരിപ്പാറ, കാറ്റാടിപ്പാറ, പുലിപ്പാറ എന്നിവയാണ് ഇത്.
വനവാസക്കാലത്ത് ചേലവിരിപ്പാറയിലാണ് സീത തന്റെ വസ്ത്രങ്ങള്‍ കഴുകി വിരിച്ചിരുന്നത് എന്നാണ് ഐതിഹ്യം. അതുപോലെ കാറ്റാടിപ്പാറയിലെ ഗുഹയായിരുന്നു അവരുടെ താമസമെന്നും വിശ്വസിക്കപ്പെടുന്നു. ഓരോ പാറയിലും ഓരോ ചെറിയ വിഗ്രഹങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിനിടയില്‍ ഒരു ചെറിയ ഗുഹയും കാണാം. വൈകുന്നേരങ്ങളില്‍ ഈ കുന്നിൻ മുകളിൽ ചെലവഴിക്കാനായും മറ്റും നിരവധിപ്പേരാണ് എത്താറുള്ളത്.
രാജ്യത്തെ ആദ്യ പോളിയോ വിമുക്ത ജില്ലയായി പ്രഖ്യാപിക്കപ്പെട്ട പത്തനംതിട്ട 2011-ലെ സെൻസസ് പ്രകാരം കേരളത്തിലെ ഏറ്റവും സാക്ഷരതയുള്ള ജില്ലയുമാണ്. 2013-ലെ സെൻസസ് പ്രകാരം 1.17 ശതമാനം മാത്രം ദാരിദ്ര്യമുള്ള പത്തനംതിട്ട ഇന്ത്യയിലെ തന്നെ ഏറ്റവും കുറഞ്ഞ ദാരിദ്ര്യമുള്ള 5 ജില്ലകളിലൊന്നുമാണ്.
കേരളത്തിൽ ഏറ്റവും കൂടുതൽ ശുദ്ധവായു ലഭിക്കുന്ന ജില്ലയും ( ടിബറ്റുമായി അതിർത്തി പങ്കിടുന്ന നാടായ കിനൗറിലാണ് ഇന്ത്യയിലെ ഏറ്റവും കൂടുതൽ ശുദ്ധമായ വായു ലഭിക്കുന്നത്) പത്തനംതിട്ടയാണ്. കൂടാതെ ആദ്യമായി ഷുഗർ ഫാക്ടറി സ്ഥാപിച്ച ജില്ല, ലോകത്തിലെ ഏക ചിലന്തിയമ്പലം സ്ഥിതിചെയ്യുന്ന ജില്ല തുടങ്ങി നിരവധി കാര്യങ്ങൾക്ക് പേര് കേട്ട പത്തനംതിട്ടയുടെ തിലകക്കുറി തന്നെയാണ് നഗരമധ്യത്തിലെ ഈ ചുട്ടിപ്പാറ…!
തയ്യാറാക്കിയത്: ഏബ്രഹാം വറുഗീസ്