ഭിന്നിപ്പിൻ്റേയും വെറുപ്പിൻ്റേയും ശക്തികൾക്കെതിരെ പോരാട്ടം കൂടുതൽ ഊർജ്ജസ്വലമാക്കണമെന്ന് മുഖ്യമന്ത്രി, മലയാളികൾക്ക് മുഖ്യമന്ത്രിയുടെ കേരളപ്പിറവി ആശംസകൾ
നാളെ കേരളപ്പിറവി ദിനം. ഐക്യ കേരളത്തിന് 65 വയസ്സ് തികയുന്ന ഈ സുദിനം ഓരോ മലയാളിയ്ക്കും ആഹ്ലാദത്തിൻ്റേയും അഭിമാനത്തിൻ്റേയും മുഹൂർത്തമാണ്. ആധുനിക കേരളത്തിൻ്റെ ചരിത്രത്തെ അഭിമാനത്തോടേയും, അതേ സമയം, വിമർശനബുദ്ധിയോടേയും വിലയിരുത്തുമെന്നും നാടിൻ്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായി സ്വയം സമർപ്പിക്കുമെന്നും ഓരോരുത്തരും ഉറക്കെ പ്രഖ്യാപിക്കേണ്ട സന്ദർഭം കൂടിയാണിത്.
1956 നവംബർ 1-നു രൂപം കൊണ്ടതു മുതൽ ഐക്യകേരളം എന്ന സങ്കല്പത്തെ അർത്ഥവത്താക്കുന്ന രീതിയിലാണ് നമ്മുടെ നാട് വളർന്നത്. വർഗീയതയും ജാതിവിവേചനവും തീർത്ത വെല്ലുവിളികൾ മറികടന്നു മതസാഹോദര്യവും ജനാധിപത്യമൂല്യങ്ങളും മുറകെപ്പിടിച്ചു മുന്നോട്ടു പോകാൻ നമുക്കായി. വിദ്യാഭ്യാസവും ആരോഗ്യവും ഭക്ഷണവും ജനക്ഷേമവും ഉൾപ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങൾ മെച്ചപ്പെട്ട രീതിയിൽ നിറവേറ്റാൻ കേരളത്തിനു സാധിച്ചു. അക്കാര്യങ്ങളിലെല്ലാം ലോകത്തിനു തന്നെ മാതൃകയായി മാറാൻ നമുക്ക് കഴിഞ്ഞു.
നവോത്ഥാന മുന്നേറ്റങ്ങളും കർഷക-തൊഴിലാളി വർഗ പോരാട്ടങ്ങളും തീർത്ത അടിത്തറയിൽ ചുവടുറപ്പിച്ചു നിന്നാണ് ഈ നേട്ടങ്ങൾ കേരളം കൊയ്തത്. ഇടതുപക്ഷ സർക്കാറുകൾ നേതൃത്വം നൽകിയ ഭൂപരിഷ്കരണവും വിദ്യാഭ്യാസ നിയമവുൾപ്പെടെയുള്ള വിപ്ലവകരമായ പരിഷ്കാരങ്ങൾ അവയ്ക്ക് പിന്നിൽ ചാലകശക്തിയി വർദ്ധിച്ചു. ഇത്തരത്തിൽ ആർജ്ജിച്ച രാഷ്ട്രീയ സാമൂഹിക ബോധമാണ് കേരളത്തിൻ്റെ ഏറ്റവും വലിയ കരുത്ത്. ആ ആർജ്ജവമാണ് ഒരു പ്രതിസന്ധിയ്ക്കു മുന്നിലും തളർന്നു പോകാതെ നമ്മളെ കാത്തത്.
ഐക്യകേരളത്തിനായി പൊരുതിയ ജനലക്ഷങ്ങൾ ഭാവികേരളത്തെ കുറിച്ചു കണ്ട സ്വപ്നങ്ങൾ നമ്മൾ ഏറ്റെടുക്കേണ്ടതുണ്ട്. ആ ദിശയിലുള്ള പ്രവർത്തനങ്ങളാണ് ഇടതുപക്ഷം നടപ്പിലാക്കുന്നത്. സമഗ്രവും സർവതലസ്പർശിയുമായ വികസന പ്രവർത്തനങ്ങൾക്കു പുറമേ സാമൂഹ്യക്ഷേമവും വിദ്യാഭ്യാസ ആരോഗ്യമേഖലകളിലെ പദ്ധതികളും മികച്ച രീതിയിൽ പ്രാവർത്തികമാക്കി. നിരവധി കാര്യങ്ങളിൽ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമാക്കി കേരളത്തെ മാറ്റി നാടിൻ്റെ യശസ്സുയർത്താൻ സാധിച്ചു.
നമ്മുടെ നാട് ഇനിയുമേറെ മുന്നേറാനുണ്ട്. കേരളത്തിൻ്റെ അഭിമാനാർഹമായ സവിശേഷതകൾ നഷ്ടപ്പെട്ടു പോകാതെ അവയെ കൂടുതൽ കരുത്തുറ്റതാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് ഈ കേരളപ്പിറവി ദിനത്തിൽ നമ്മൾ ഏറ്റെടുക്കേണ്ടത്. ഭിന്നിപ്പിൻ്റേയും വെറുപ്പിൻ്റേയും ശക്തികൾക്കെതിരെ പോരാടി നാം പടുത്തുയർത്തിയ നാടാണിത്. ആ പോരാട്ടം കൂടുതൽ ഊർജ്ജസ്വലമാക്കേണ്ടതുണ്ട്. ഐക്യത്തിൻ്റേയും സമാധാനത്തിൻ്റേയും സമൃദ്ധിയുടേയും നാളെകൾക്കായി നമുക്ക് ഒരുമിച്ച് നിൽക്കാം. ഏവർക്കും ഹൃദയപൂർവം കേരളപ്പിറവി ആശംസകൾ നേരുന്നു.