തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന്റെതെന്ന് ജോസ് കെ മാണി
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന്റെതെന്ന് ജോസ് കെ മാണി. എല്‍ഡിഎഫുമായി ചര്‍ച്ച ചെയ്ത് ഉചിതമായ സമയത്ത് പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, തെരഞ്ഞെടുപ്പില്‍ താന്‍ തന്നെ മത്സരിച്ചേക്കുമെന്ന സൂചനയും ജോസ് കെ മാണി നല്‍കി. ആര് മത്സരിക്കണം എന്നതില്‍ പാര്‍ട്ടി തീരുമാനം എടുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുഡിഎഫിന്റെ ഭാഗമായിരിക്കെ ലഭിച്ച രാജ്യസഭാംഗത്വം മുന്നണി മാറ്റത്തെ തുടര്‍ന്ന് ജോസ് കെ മാണി രാജിവച്ചതോടെയാണ് തെരഞ്ഞെടുപ്പ് ആസന്നമായത്.
നിലവില്‍, ഘടകക്ഷികളുടെ സീറ്റുകള്‍ സിപിഐഎം ഏറ്റെടുക്കുന്നത് ഉചിതമല്ലെന്നാണ് എല്‍ഡിഎഫിലെ ധാരണ എന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ രാജ്യസഭ സീറ്റില്‍ കേരള കോണ്‍ഗ്രസ് എം തന്നെ മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സീറ്റിന് അവകാശവാദം ഉന്നയിച്ച് ജോസ് കെ മാണി തന്നെ രംഗത്ത് എത്തുന്നത്.