NEWS

മാന ഇന്ത്യയിലെ അവസാനത്തെ ഗ്രാമം, അവസാനത്തെ ചായക്കടയും ഇവിടെ തന്നെ

അളകനന്ദയുടെ കരയിലെ മാന വർഷത്തിൽ ആറു മാസവും മഞ്ഞിനടിയിലാകുന്ന ഗ്രാമമാണ്. ഇന്ത്യയുടെ അവസാനത്തെ ഗ്രാമമായ ഇവിടെയാണ് ‘ഇന്ത്യാസ് ലാസ്റ്റ് ടീ ഷോപ്പ്’

തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന ഇന്ത്യയുടെ അവസാനത്തെ ഗ്രാമമാണ് മാന.
ഉത്തരാഖണ്ടിലാണ് ഇത്. ബദ്രിയിൽ നിന്ന് മൂന്ന് കിലോമീറ്റർ ദൂരം മാത്രം. മാനയിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ ഇന്ത്യയിലെ അവസാനത്തെ ഗ്രാമത്തിലേക്ക് സ്വാഗതം എന്ന വലിയ ബോർഡ് കാണാം. റോഡിന്റെ ഇടതുവശത്തുകൂടി അളകനന്ദ ഒഴുകുന്നു.

വലതുവശത്ത് ഹിമവൽസാനുക്കൾ മഞ്ഞുമൂടി തല ഉയർത്തി നിൽക്കുന്നു. റോഡിനോട് ചേർന്ന് പലയിടത്തും പട്ടാള ക്യാമ്പുകൾ.

വർഷത്തിൽ ആറു മാസവും മഞ്ഞിനടിയിലാകുന്ന ഗ്രാമമാണ് മാന. വളരെ കുറച്ച് വീടുകൾ മാത്രമേ മാനയിലുള്ളു. ഉരുളക്കിഴങ്ങും കാബേജുമാണ് പ്രധാന കൃഷികൾ. ഗ്രാമീണരുടെ മറ്റൊരു ജീവനോപാധിയാണ് കമ്പിളി വസ്ത്രങ്ങളുടെ നിർമാണം. പരവതാനികളും സ്വെറ്ററുകളും തൊപ്പികളും ഉടുപ്പുകളും ഷാളുകളുമെല്ലാം ഇവരുണ്ടാക്കുന്നു.

മാനയിലെ കാഴ്ചകളിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ടെണ്ണമാണ് വ്യാസഗുഹയും ഗണേശഗുഹയും. ലോകേതിഹാസമായ മഹാഭാരതത്തിന്റെ രചനയുമായി ബന്ധപ്പെട്ടതാണ് ഈ ഗുഹകൾ. മഹാഭാരത രചനയിൽ, തന്നെ സഹായിക്കാൻ ഒരാളെ തേടിയുള്ള യാത്രക്കിടെ വ്യാസൻ ഗണപതിയെ സമീപിച്ചു. നിബന്ധനകളോടെ ഗണപതി ആ ദൗത്യം ഏറ്റെടുത്തു. വ്യാസൻ ഗണപതിക്ക് മഹാഭാരതം ഓതിക്കൊടുത്ത ഗുഹയാണ് വ്യാസഗുഹ. ഇതിന് 5321 വർഷം പഴക്കമുണ്ടത്രേ.
അടുക്കുകളായി ഉയർന്നുപോകുന്ന പാറക്കെട്ടിന്റെ അടിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

ഗുഹയ്ക്കുള്ളിലും തീർഥാടകരുടെ തിരക്കാണ്. വ്യാസമുനിയുടെ ഒരു കൽപ്രതിമ സ്ഥാപിച്ച് ഇവിടെ പൂജകൾ നടത്തുന്നു. വേദവ്യാസന് ബാദരായണൻ എന്ന പേരു ലഭിച്ചത് ബദരിയുമായുള്ള ബന്ധം മൂലമാണെന്നും കരുതപ്പെടുന്നു.

വ്യാസഗുഹയ്ക്കു കുറച്ചു താഴെയായാണ് ഗണേശ ഗുഹ സ്ഥിതി ചെയ്യുന്നത്. പടികൾ കയറി വേണം ഗണേശ ഗുഹയിലെത്താൻ. വ്യാസൻ ഓതിക്കൊടുത്ത ശ്ലോകങ്ങൾ ഗണപതി ഭൂർജ്രപത്രത്താളുകളിലേക്ക് പകർത്തിയെടുത്തത് ഈ ഗുഹയിലിരുന്നാണെന്നാണ് സങ്കൽപ്പം.

കുറച്ചു കൂടി മുന്നോട്ടു പോയാൽ ഇന്ത്യയിലെ അവസാനത്തെ ചായക്കടയുടെ മുമ്പിലെത്തും. കടയുടെ മുകളിൽ ബോർഡും വെച്ചിട്ടുണ്ട് ‘ഇന്ത്യാസ് ലാസ്റ്റ് ടീ ഷോപ്പ്’ എന്ന്. കുറച്ചുദൂരംകൂടി മുന്നോട്ടുനടന്നാൽ സരസ്വതി നദിയുടെ അടുത്തെത്താം. ഗംഗയുടെ ഏഴ് ഉപനദികളിലൊന്നായ സരസ്വതി ഏറെയും ഭൂമിക്കടിയിലൂടെ ഒഴുകുന്ന നദിയായാണ്. ഭൂമിക്കു മുകളിൽ ദർശനമേകി ഏതാനും വാരമാത്രമാണ് സരസ്വതി ഒഴുകുന്നത്. അത് മാനയിലാണ്.
സരസ്വതി നദി അളകനന്ദയുമായി സംഗമിക്കുന്ന സ്ഥാനം കേശവ് പ്രയാഗ് എന്നാണ് അറിയപ്പെടുന്നത്.

സരസ്വതി നദിക്കു കുറുകെ ഒരു വൻ പാറക്കഷ്ണം ഉണ്ട്. ഭീം ഫൂൽ എന്നാണ് ഇത് അറിയപ്പെടുന്നത്. കുരുക്ഷേത്ര യുദ്ധത്തിനു ശേഷം പഞ്ചപാണ്ഡവർ ദ്രൗപതിയോടൊപ്പം മഹാപ്രസ്ഥാനത്തിനായി ഹിമാലയത്തിലേക്ക് തിരിച്ചു എന്നും യാത്രാമധ്യേ അവർ ഈ പ്രദേശത്ത് എത്തിയെങ്കിലും ശക്തിയായി ഒഴുകുന്ന സരസ്വതി നദി മുറിച്ചുകടക്കാൻ ദ്രൗപതിക്ക് കഴിഞ്ഞില്ലെന്നുമാണ് വിശ്വാസം. അടുത്തുള്ള കുന്നിൽനിന്ന് ഭീമൻ ഒരു വലിയ പാറക്കഷണം അടർത്തിയെടുത്ത് നദിക്കു കുറുകെ പാലം തീർത്തു. അതാണത്രേ ഭീം ഫൂൽ.

ഇതുവരെ കാണാത്ത കാഴ്ചകൾ കണ്ട് മനം നിറഞ്ഞ് മലയിറങ്ങുമ്പോൾ വെറുതെയൊന്ന് തിരിഞ്ഞു നോക്കി.
ഇന്ത്യയുടെ മാനം കാത്ത് മാനം മുട്ടെ ഉയർന്നു നിൽക്കുന്ന മാന!

Back to top button
error: