വയനാട്ടിൽ മാവോവാദി കീഴടങ്ങിയതായി ഐ.ജി അശോക് യാദവ്
പതിറ്റാണ്ടുകൾക്കു മുമ്പ് കർണാടകയിലേക്കു ഇഞ്ചിപ്പണിക്കുപോയ നിർധന കുടുംബത്തിലെ അംഗമാണ് നാലാം ക്ലാസ് വരെ പഠിച്ചിട്ടുള്ള ലിജേഷ്. ബാലനായിരിക്കെ കർണാടകയിലെത്തിയ ലിജേഷ് ഏഴു വർഷമായി മാവോയിസ്റ്റ് കബനി ദളത്തിലെ അംഗമാണ്. മാവോയിസ്റ്റ് പ്രവർത്തകയായ ഭാര്യ കീഴടങ്ങിയിട്ടില്ല
കൽപ്പറ്റ: വയനാട്ടിൽ മാവോവാദി കീഴടങ്ങിയതായി പൊലീസ്. സിപിഐ മാവോയിസ്റ്റ് കബനി ദളത്തിലെ ഡപ്യൂട്ടി കമൻഡാന്റ് പുൽപ്പള്ളി അമരക്കുനി പണിക്കപ്പറമ്പിൽ ലിജേഷ് (രാമു 37) ആണ് കീഴടങ്ങിയത്. കേരള സർക്കാരിന്റെ മാവോയിസ്റ്റ് പുനരധിവാസ പാക്കേജ് പ്രകാരമുള്ള ആദ്യ കീഴടങ്ങലാണിത്.
മാവോയിസ്റ്റ് ആശയങ്ങൾക്ക് പ്രസക്തി നഷ്ടപ്പെട്ടെന്ന് ലിജേഷ് പറഞ്ഞു. മാവോയിസ്റ്റ് സംഘടനകളിലേക്ക് പോയ യുവാക്കൾ ജീവിതത്തിലേക്ക് തിരിച്ചുവരണമെന്നും ലിജേഷ് പറഞ്ഞു. ലിജേഷ് സ്വമനസാലെയാണ് കീഴടങ്ങിയതെന്നു ജില്ലാ പോലീസ് ഓഫീസിൽ വാർത്താസമ്മേളനത്തിൽ ഉത്തര മേഖല ഐജി അശോക് യാദവ് അറിയിച്ചു.
പുൽപ്പള്ളിയിൽനിന്നു പതിറ്റാണ്ടുകൾക്കു മുമ്പ് കർണാടകയിലേക്കു ഇഞ്ചിപ്പണിക്കുപോയ നിർധന കുടുംബത്തിലെ അംഗമാണ് നാലാം ക്ലാസ് വരെ പഠിച്ചിട്ടുള്ള ലിജേഷ്. ബാലനായിരിക്കെ കർണാടകയിലെത്തിയ ലിജേഷ് ഏഴു വർഷമായി മാവോയിസ്റ്റ് കബനി ദളത്തിലെ അംഗമാണ്. ഭാര്യയും മാവോയിസ്റ്റ് പ്രവർത്തകയാണ്. ഇവർ കീഴടങ്ങിയിട്ടില്ല.
2018 മെയ് മാസത്തിലാണ് സംസ്ഥാന സർക്കാർ മാവോയിസ്റ്റ് പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചത്. മാവോയിസ്റ്റുകളുടെ സ്വാധീനത്തിൽ കുടുങ്ങിയവരെ തീവ്രവാദത്തിൽ നിന്ന് മോചിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അറസ്റ്റ് വരിക്കുന്ന മാവോവാദികൾക്ക് സർക്കാർ 5 ലക്ഷം രൂപ വരെ സഹായധനവും ജോലിയും നൽകും. എന്നാൽ 5 വർഷക്കാലം പൊലീസ് നിരീക്ഷണത്തിലായിരിക്കും.