NEWS

പത്തനംതിട്ടയുടെ കിഴക്കൻ മലയോരത്ത് വീണ്ടും ഉരുൾപൊട്ടൽ, തോരാതെ മഴ; ജനം ഭീതിയിൽ

റാന്നി: നാറാണംമുഴി പഞ്ചായത്തിലെ കുറുമ്പൻമുഴിയിൽ വീണ്ടും ഉരുൾപൊട്ടൽ. പടിവാതിക്കൽ അരുവിയിലാണ് ഉരുൾ പൊട്ടിയിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച ഉരുൾപൊട്ടൽ ഉണ്ടായ പനംങ്കുടന്ത വെള്ളച്ചാട്ടത്തിന് സമീപമാണിത്. ശബ്ദം കേട്ട് ആളുകൾ പെട്ടന്ന് സുരക്ഷിത സ്ഥലത്തേക്ക് മാറിയതിനാൽ ആളപായമില്ല. മേഖലയിൽ വൻ കൃഷിനാശം സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച ഉണ്ടായ ഉരുൾപൊട്ടലിൽ അഞ്ച് വീടുകൾ ഇവിടെ ഒലിച്ചു പോയിരുന്നു. ഒറ്റ മഴയിൽ പോലും വെള്ളം കയറി യാത്ര മുടങ്ങുന്ന, വെച്ചൂച്ചിറ നാറാണംമൂഴി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കോസ് വേ മാത്രമാണ് ഇവിടെ എത്തിപ്പെടാനുള്ള ഏക മാർഗ്ഗം.

രക്ഷാ പ്രവർത്തനത്തിനായി എത്തുന്നവർ കല്ലും ചെളിയും കുത്തുകയറ്റവും ഇറക്കവും കാട്ടാനകളുമൊക്കെയുള്ള പെരുന്തേനരുവി വഴിയുള്ള കാനന പാതയിലൂടെ കിലോമീറ്റർ നടക്കുക എന്നതാണ് മറ്റ് ഏക പോംവഴി.

Signature-ad

മൂന്നര പതിറ്റാണ്ട് മുമ്പ് എം.സി.ചെറിയാൻ എം.എൽ.എ ആയിരുന്ന കാലത്ത് ജനകീയ പങ്കാളിത്തത്തോടെ പമ്പാനദിക്ക് കുറുകെ നിർമിച്ച പാലം (കോസ് വെ) മാത്രമാണ് ഈ നാട്ടുകാർക്ക് പുറം ലോകവുമായി ബന്ധപ്പെടാനുള്ള ഏക മാർഗ്ഗം. നദിയിൽ ജലനിരപ്പ് ഉയർന്നാൽ വലിയ താമസമില്ലാതെ ഇത് വെള്ളത്തിലുമാകും. ഇതിന് പരിഹാരമായാണ് വനത്തിലൂടെ പെരുന്തേനരുവിയിലെത്തുന്ന വഴി നിർമിച്ചത്. ഈ വഴിയിൽ രണ്ട് വർഷം മുമ്പ് ആർപ്പുംപാറ തോടിനുകുറുകെ പാലം നിർമിച്ചെങ്കിലും അപ്രോച്ച് റോഡില്ലാതെ ഏറെക്കാലം കിടന്നു. പിന്നീട് ഇതും നിർമിച്ചെങ്കിലും റോഡിന്റെ ശോച്യാവസ്ഥ കാരണം യാത്ര ചെയ്യാനാകാതെയുമായി.പെരുന്തേനരുവി, നാവീണരുവി, പനങ്കുടന്ത എന്നീ വെള്ളച്ചാട്ടങ്ങൾ സ്ഥിതി ചെയ്യുന്ന പ്രദേശം കൂടിയാണ് ഇത്.
ഉയരത്തിൽനിന്നു പതിനൊന്നു തട്ടുകളായി അത്യഗാധതയിലേയ്ക്കു പതിക്കുന്ന മനോഹരമായ പനംകുടുന്ത അരുവി വെള്ളച്ചാട്ടം പൂർണമായും ആസ്വദിക്കണമെങ്കിൽ കുരുമ്പൻമൂഴിയിൽ എത്തണം. കാടും മേടും കയറിയാണ് സഞ്ചാരികൾ നിലവിൽ ഇവിടെ എത്തുന്നത്. പെരുന്തേനരുവിയിൽനിന്ന് ഏകദേശം ആറു കിലോമീറ്റർ അകലെ നാറാണംമൂഴി പഞ്ചായത്തിൽ കൊല്ലമുള വില്ലേജിൽപ്പെട്ട ഒരു ആദിവാസി ഗ്രാമമാണ് കുരുമ്പൻമൂഴി.

Back to top button
error: