NEWS

ചെറിയാന്‍ ഫിലിപ്പിനോടു തെറ്റ് ചെയ്തെന്ന് ഉമ്മൻ ചാണ്ടി, ഉമ്മന്‍ ചാണ്ടിയുടെ രക്ഷകര്‍തൃത്വം തനിക്കിനിയും വേണമെന്നും വിധി എടുത്തുചാട്ടക്കാരന്റെ എല്ലൊടിച്ചേ വിടൂ എന്ന ചൊല്ല് സ്വന്തം കാര്യത്തില്‍ യാഥാര്‍ഥ്യമായെന്നും ചെറിയാൻ്റെ കുമ്പസാരം

തിരുവനന്തപുരം: ചെറിയാൻ ഫിലിപ്പ് കോൺഗ്രസിൻ്റെ വരാന്തയിലെത്തി, ഇനി അകത്തേയ്ക്കുള്ള പ്രവേശനം ഔപചാരികം മാത്രമെന്ന് പ്രഖ്യാപിക്കുന്നതായി ഇന്നലെ തലസ്ഥാനത്ത് അവുക്കാദർകുട്ടിനഹ പുരസ്കാര വിതരണചടങ്ങ്

ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് വിട്ടതിന്റെ ഉത്തരവാദിത്തം തനിക്കാണെന്നും അന്നും ഇന്നും ചെറിയാന്‍ ഫിലിപ്പിനോട് തനിക്ക് വിദ്വേഷമില്ലെന്നും ഉമ്മന്‍ ചാണ്ടി പൊതുവേദിയിൽ സമ്മതിച്ചു.

Signature-ad

“പുതുപ്പള്ളിയിൽ ചെറിയാന്‍ ഫിലിപ്പ് മത്സരിച്ചപ്പോള്‍ എല്ലാര്‍ക്കും അതൊരു അത്ഭുതമായിരുന്നു. അവരൊക്കെ ധരിച്ചത് ഞാനും ചെറിയാനുമായിട്ടുള്ള സൗഹൃദം അവസാനിച്ചെന്നാണ്. എന്നാല്‍, അങ്ങനെയായിരുന്നില്ല ഞാൻ. ഏത് പ്രശ്നം വന്നാലും ഞാന്‍ എതിരെയുള്ള ആളുടെ കാഴ്ചപ്പാടില്‍ കൂടി നോക്കും. അങ്ങനെ നോക്കുമ്പോള്‍ എനിക്ക് ചെറിയാനോട് വിദ്വേഷമല്ല. എന്തോ   തെറ്റ് എന്റെ ഭാഗത്ത് വന്നു എന്ന മനോഭാവമായിരുന്നു. ചെറിയാന്‍ ഫിലിപ്പിനെ പോലെയുള്ള ഒരു വ്യക്തിക്ക് ജയിച്ചുവരാന്‍ കഴിയുന്ന സീറ്റ് പാര്‍ട്ടിക്ക് കൊടുക്കാന്‍ സാധിക്കാതെ പോയി. തെറ്റ് ചെറിയാന്റെ ഭാഗത്തല്ല, ഞാന്‍ കൂടി ഉള്‍പ്പെടുന്ന സംവിധാനത്തിന്റെ തെറ്റായാണ് കാണുന്നത്. അതുകൊണ്ട് അന്നും ഇന്നും ചെറിയാനോട് വിദ്വേഷമില്ല. ഈ തെറ്റ് ആത്മപരിശോധനയ്ക്കുള്ള അവസരമായി കാണണം .”
ഉമ്മൻചാണ്ടി പറഞ്ഞു.

കേരള സഹൃദയ വേദിയുടെ അവുക്കാദർകുട്ടിനഹ പുരസ്കാരം ചെറിയാൻ ഫിലിപ്പിന് സമ്മാനിച്ചശേഷം സംസാരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി. 20 വർഷത്തിന് ശേഷം സമാന ചിന്താഗതിക്കാർ ഒരു വേദിയിലെത്തുന്നു എന്ന ആമുഖത്തോടെയാണ് ഉമ്മൻ ചാണ്ടി പ്രസംഗം തുടങ്ങിയത്.
ഉമ്മന്‍ ചാണ്ടിയുടെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി ചെറിയാന്‍ ഫിലിപ്പും രംഗത്തെത്തി.
“എന്റെ രക്ഷകര്‍ത്താവാണ് ഉമ്മന്‍ ചാണ്ടി. ആ രക്ഷകര്‍തൃത്വം ഇനിയും എനിക്കു വേണം. എടുത്തുചാട്ടക്കാരന്റെ എല്ലൊടിച്ചേ വിടൂ വിധി എന്ന ചൊല്ല് എന്റെ കാര്യത്തില്‍ യാഥാര്‍ഥ്യമായി.”

ഇടതുപക്ഷവുമായി ഇടഞ്ഞ ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക് മടങ്ങുന്നു എന്ന അഭ്യൂഹങ്ങൾക്കിടയിലാണ് പൊതുവേദിയിലെ ഇരുവരുടെയും കുറ്റസമ്മതം. ചെറിയാന്‍ ഫിലിപ്പ് 20 വര്‍ഷം മുമ്പാണ് കോണ്‍ഗ്രസ് വിട്ടത്. ഒരുതവണ അദ്ദേഹം പുതുപ്പള്ളിയില്‍ ഇടതു പിന്തുണയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ മല്‍സരിച്ചിരുന്നു. മറ്റൊരു വേളയില്‍ കെ. മുരളീധരനെതിരെയും മല്‍സരിച്ചു. രാഷ്ട്രീയ ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ചെറിയാന്‍ കടന്നാക്രമിക്കുകയും ചെയ്തു. എങ്കിലും അദ്ദേഹം പല കോണ്‍ഗ്രസ് നേതാക്കളുമായും അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്നു.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴക്കെടുതിയിൽ ഇടതു സർക്കാരിനെ വിമർശിച്ച് ചെറിയാൻ ഫിലിപ്പ് രംഗത്തെത്തിയിരുന്നു. ഭരണാധികാരികൾ ദുരന്തനിവാരണത്തിൽ ശ്രദ്ധിക്കാതെ ദുരന്തം വന്നതിനു ശേഷം ദുരിതാശ്വാസ ക്യാമ്പിൽ കണ്ണീർ പൊഴിക്കുകയും വിലാപകാവ്യം രചിക്കുകയും ചെയ്യുന്നത് ജനവഞ്ചനയാണെന്നും മുൻ വർഷങ്ങളിലെ പ്രളയത്തിന് പിന്നാലെ നെതർലൻഡ് മാതൃക അവിടെപോയി പഠിച്ചിട്ടും തുടർനടപടിയെക്കുറിച്ച് ഇപ്പോഴും ആർക്കുമറിയില്ലെന്നും ഫെയ്സ്ബുക്കിലൂടെ അദ്ദേഹം പരിഹസിച്ചിരുന്നു.

Back to top button
error: