Lead NewsNEWS

സമഗ്ര പാലിയേറ്റീവ് വയോജന പരിചരണത്തിന് ‘അരികെ’ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു

തിരുവനന്തപുരം: സമഗ്ര പാലിയേറ്റീവ് വയോജന പരിചരണത്തിന് ആരോഗ്യ വകുപ്പ് തയ്യാറാക്കിയ ‘അരികെ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു.

പരിഷ്‌കരിച്ച പാലിയേറ്റീവ് പരിചരണ നയത്തില്‍ പറഞ്ഞിരിക്കുന്ന പ്രകാരം 16 പദ്ധതികള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് അരികെ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഇത് പാലിയേറ്റീവ് പരിചരണ രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കും. സാമൂഹ്യ നീതി വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ പ്രയാസമനുഭവിക്കുന്ന വയോജനങ്ങള്‍ക്ക് വേണ്ടി വയോമിത്രം തുടങ്ങിയ നിരവധി പദ്ധതികളാണ് നടപ്പിലാക്കിവരുന്നത്. ആയൂര്‍വേദ ഹോമിയോ വകപ്പുകളുടെയും നേതൃത്വത്തില്‍ പാലീയേറ്റീവ് വയോജന പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. മെഡിക്കല്‍ നേഴ്‌സിംഗ് കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുളള പാഠ്യപദ്ധതിയില്‍ പാലിയേറ്റീവ് പരിചരണം ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളുടെ ആഭിമുഖ്യത്തില്‍ ചില ജില്ലകളില്‍ പാലിയേറ്റീവ് കെയര്‍ ഇന്‍ ക്യാമ്പസ് പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

പ്രാഥമിക പാലിയേറ്റീവ് വയോജന പരിചരണ പദ്ധതി, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ തലത്തില്‍ വിദഗ്ദ പാലിയേറ്റീവ് വയോജന പരിചരണ പദ്ധതി, മേജര്‍ ആശുപത്രികള്‍ വഴി വിദഗ്ധ പാലിയേറ്റീവ് വയോജന പരിചരണ പദ്ധതി, വിദഗ്ധ ആയുര്‍വേദ പാലിയേറ്റീവ് വയോജന പരിചരണ പദ്ധതി, വിദഗ്ധ ഹോമിയോ പാലിയേറ്റീവ് വയോജന പരിചരണ പദ്ധതി, മെഡിക്കല്‍ കോളേജ് തലത്തില്‍ വിദഗ്ധ പാലിയേറ്റീവ് വയോജന പരിചരണ പദ്ധതി, എന്‍.ജി.ഒ., സി.ബി.ഒ. നടത്തുന്ന പാലിയേറ്റീവ് വയോജന പരിചരണ പ്രവര്‍ത്തന ഏകോപനം, സ്വകാര്യ ആശുപത്രികള്‍ വഴി നടത്തുന്ന പാലിയേറ്റീവ് വയോജന പരിചരണ പ്രവര്‍ത്തന ഏകോപനം, ക്യാമ്പസ് പാലിയേറ്റീവ് കെയര്‍, പരിശീലന കേന്ദ്രങ്ങള്‍, കെയര്‍ ഹോം കേന്ദ്രങ്ങളൂടെ ശാക്തികരണം, വയോമിത്രം പദ്ധതി, തൊഴിലധിഷ്ഠിത പുനരധിവാസ പ്രവര്‍ത്തനങ്ങള്‍, പകല്‍ വീട്, ഡേ കെയര്‍ കേന്ദ്രങ്ങളൂടെ ശാക്തീകരണം, നഴ്‌സ് സ്‌കൂള്‍, കോളേജുകളീല്‍ പാലിയേറ്റീവ് വയോജന പരിചരണ പരിശീലനം, സാന്ത്വനമേകാന്‍ അയല്‍ കണ്ണികള്‍ തുടങ്ങിയ 16 പദ്ധതികളാണ് അരികെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുനന്ത്.

ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത സ്വാഗതം ആശംസിച്ച ചടങ്ങില്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ പദ്ധതി അവതരണം നടത്തി. എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, മുന്‍ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, ഐ.എസ്.എം. ഡയറക്ടര്‍ ഡോ. കെ.എസ്. പ്രിയ, ഹോമിയോ ഡയറക്ടര്‍ ഡോ. എം.എന്‍. വിയജാംബിക, ഡോ. സുരേഷ് കുമാര്‍, എന്‍.എച്ച്.എം. സോഷ്യല്‍ ഡെവലപ്‌മെന്റ് ഹെഡ് ഡോ. മാത്യൂസ് നുമ്പേലി എന്നിവര്‍ പങ്കെടുത്തു.

Back to top button
error: