സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിനെ നായകനാക്കി ബ്രഹ്മാണ്ട സംവിധായകന്‍ ശങ്കര്‍ സംവിധാനം ചെയ്ത ശിവാജി 2007 ലാണ് പ്രദര്‍ശനത്തിനെത്തിയത്. ശങ്കറും രജനികാന്തും ആദ്യമായി ഒരുമിച്ച സിനിമ ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായിരുന്നു. 60 കോടി ബഡ്ജറ്റിലൊരുങ്ങിയ സിനിമ ലോകവ്യാപകമായി വലിയ കളക്ഷന്‍ നേടിയിരുന്നു. തമിഴ്‌നാട്ടിലൊന്നാകെ ശിവാജി തരംഗം അലയടിപ്പിക്കാന്‍ ചിത്രത്തിന് സാധിച്ചിരുന്നു. ചിത്രത്തില്‍ രജനികാന്തിനൊപ്പം സുമന്‍, വിവേക്, ശ്രിയ ശരണ്‍, മണിവര്‍ണന്‍, രഘുവരന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
തമിഴ്‌നാട്ടില്‍ നടക്കുന്ന രാഷ്ട്രീയ അസമത്വത്തിനും അനീതിക്കുമെതിരെ പോരാടുന്ന ശിവാജിയുടെ കഥയാണ് ചിത്രം സംസാരിക്കുന്നത്. സാധാരണ കഥയെ മികച്ച തിരക്കഥ കൊണ്ടും ഗംഭീര മേക്കിംഗ് കൊണ്ടുമാണ് ശങ്കര്‍ മികച്ചതാക്കിയത്. AVM Productions ആണ് ചിത്രം നിര്‍മ്മിച്ചത്. എ.ആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ ഗാനങ്ങളെല്ലാം ഇപ്പോഴും ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചു നില്‍ക്കുന്നവയാണ്. ചിത്രത്തിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് കെ.വി.ആനന്ദാണ്. ആന്റണിയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്.
ഇപ്പോഴിതാ ദൃശ്യമികവോടെ ശിവാജി ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. 2007 ല്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ ഏറ്റവും മികച്ച പ്രിന്റാണ് ഇപ്പോള്‍ ആമസോണില്‍ എത്തിയിരിക്കുന്നത്. ആമസോണ്‍ പുറത്ത് വിട്ട ചിത്രത്തിലെ രംഗങ്ങള്‍ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു.