NEWS

18 ആശുപത്രികള്‍ക്ക് കിഫ്ബി 1107 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളുടേയും പ്രധാന ആശുപത്രികളുടേയും വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 1107 കോടി രൂപയുടെ കിഫ്ബി അനുമതി ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജനറല്‍ ആശുപത്രി 137.28 കോടി, കൊല്ലം ജില്ലാ ആശുപത്രി 104.49 കോടി, തൃശൂര്‍ മെഡിക്കല്‍ കോളേജ് 153.25 കോടി, കണ്ണൂര്‍ തലശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ 344.81 കോടി, കണ്ണൂര്‍ തലശേരി സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി 53.66 കോടി, കാസര്‍ഗോഡ് ബേഡഡുക്ക താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി 10.17 കോടി, ചേര്‍ത്തല താലൂക്ക് ആശുപത്രി 61.53, ഇരിട്ടി താലൂക്ക് ആശുപത്രി 49.71, കാസര്‍ഗോഡ് നീലേശ്വരം താലൂക്ക് ആശുപത്രി 9.98 കോടി, പാലക്കാട് ജില്ലാ ആശുപത്രി 72.38 കോടി, വര്‍ക്കല താലൂക്ക് ആശുപത്രി 33.26 കോടി, മലപ്പുറം പൊന്നാനി താലൂക്ക് ആശുപത്രി 9.06 കോടി, തിരൂരങ്ങാടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി 10.42, കാസര്‍ഗോഡ് മങ്കല്‍പാടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി 13.73, പാലക്കാട് പട്ടാമ്പി താലൂക്ക് ആശുപത്രി 9.89, ആലത്തൂര്‍ താലൂക്ക് ആശുപത്രി 11.03, മണ്ണാര്‍ക്കാട് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി 10.47 കോടി, ഒറ്റപ്പാലം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി 11.35 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ മേഖലയുടെ വികസനത്തില്‍ കിഫ്ബി വലിയ പങ്കാണ് വഹിച്ചത്. മെഡിക്കല്‍ കോളേജുകള്‍, കാന്‍സര്‍ കെയര്‍ ഇന്‍സ്റ്റിറ്റിയുട്ടുകള്‍, ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികള്‍ ഉള്‍പ്പെടുന്ന 85 പ്രൊജക്ടുകളില്‍ 7500 ഓളം കോടി രൂപയ്ക്കുള്ള ഭരണാനുമതി നല്‍കുകയുണ്ടായി. ഇതില്‍ വിവിധ സ്ഥാപനങ്ങള്‍ക്കായി ആകെ 4,300 കോടി രൂപയുടെ കിഫ്ബി അനുമതി ലഭിക്കുകയും നിര്‍മ്മാണ പ്രവര്‍ത്തികള്‍ പുരോഗമിച്ച് വരികയുമാണ്.

Signature-ad

.

Back to top button
error: