LIFETRENDING

സലിംകുമാർ ഒരാത്മ ചിന്ത…: ഡോ. ആസാദ്

പ്രിയപ്പെട്ട സലിംകുമാർ, ഇന്ന്, വാളുകളിൽ നിറയുന്ന ചിത്രമായ് നിങ്ങളെ കണ്ട് സങ്കടം വന്നിട്ടാണ് ഇതെഴുതുന്നത്. അച്ഛനുറങ്ങാത്ത വീട്ടിലെ അച്ഛനായ് നിങ്ങളെ കണ്ടിട്ട് സങ്കടം വന്നപോലെയല്ല, ആദാമിന്റെ മകൻ അബുവായ് നിങ്ങളെ കണ്ടിട്ട് സങ്കടം വന്നപോലെയല്ല,
ദേശീയ അവാർഡ് കിട്ടി നാൾ ‘ഇനിയെന്താണ് പരിപാടികൾ…?’ എന്ന ചോദ്യത്തിനുത്തരമായി ‘പഴയതുപോലെ ചെറിയ കോമഡി വേഷങ്ങൾ ചെയ്ത് ഇങ്ങനെ കഴിഞ്ഞുപോയാൽ മതി’ യായിരുന്നു’ എന്ന മറുപടി കേട്ട് സങ്കടം വന്നപോലെയല്ല…

ചാണകക്കുഴിയിൽ വീഴാനും പേപ്പട്ടിക്കടി കൊള്ളാനും മാത്രം നിങ്ങളെ കാസ്റ്റ് ചെയ്തിരുന്ന ‘സൂപ്പർ’ സിനിമകൾ കണ്ട് സങ്കടം വന്നപോലെയല്ല…. നിങ്ങൾക്കറിയാം
നമ്മുടെ IFFK, 25 കൊല്ലം പൂർത്തിയാക്കുന്നു. ഉദ്ഘാടനം നടന്നത് തിരുവനന്തപുരത്ത്; സമാപനം പാലക്കാട്. കൊച്ചിയിലെ സ്‌ക്രീനിങ്ങിന് മുൻപേ മറ്റൊരു ചടങ്ങ്. അതിന്റെ ക്ഷണക്കത്തിൽ എഴുതിയത് നിങ്ങളും വായിച്ചു കാണുമല്ലോ? 25 young luminaries from Malayalam Cinema led by Shri. KG George will light the lamp to mark the 25th edition of IFFK.

Luminary എന്നതിന്റെ മലയാളം, തേജസ്വി എന്നാണല്ലോ. അഭിനയപ്രതിഭ എന്ന നിലയിൽ അങ്ങയുടെ തേജസ്സിൽ മലയാളത്തിലാർക്കും സംശയമുണ്ടാവുമെന്ന് തോന്നുന്നില്ല.
അതിനെന്ത് പാർട്ടിഭേദം പ്രിയപ്പെട്ട സലിംകുമാർ? പക്ഷേ, ഈ young luminaries എന്ന കൂട്ടത്തിലാണ് നിങ്ങളെന്ന് നിങ്ങൾക്ക് ശങ്ക തോന്നിപ്പോയത് എന്തേയെന്ന് കണ്ടിട്ട്
സങ്കടം വന്നിട്ടാണ് ഇതെഴുതുന്നത്. കെ.ജി.ജോർജിൽ നിന്ന് മലയാള സിനിമയുടെ വെളിച്ചം ഏറ്റുവാങ്ങാനുള്ള young luminaries ന്റെ കൂട്ടത്തിലല്ല ശ്രീ. സലിം കുമാർ താങ്കളുടെ സ്ഥാനം.
ജോർജിനെപ്പോലെ പുതുതലമുറയ്ക്ക് വെളിച്ചമാവേണ്ട തലമുതിർന്നവരുടെ കൂട്ടത്തിലാണ് നിങ്ങൾ.
എന്ന് പറഞ്ഞാൽ, നിങ്ങൾ കിളവനാണെന്നല്ലെന്ന് ‘പ്രതിഷേധിക്കുന്നവർ’ക്കറിയില്ലെന്നാലും നിങ്ങൾക്കെന്തായാലുമറിയാമല്ലോ.

ഒരു വിധപ്പെട്ട സിനിമാക്കാരൊക്കെ ചാണക വഴികളിലേക്കിറങ്ങുന്ന ഈ കെട്ട കാലത്ത്,
ഡൽഹിയിലെ തണുപ്പിൽ പൊരുതുന്ന കർഷകർക്ക് വേണ്ടി എഴുതിയ നിങ്ങൾ…
അതേ… മരണം വരെ കോൺഗ്രസുകാരനായിരിക്കുമെന്ന് അഭിമാനത്തോടെ പറയുന്ന നിങ്ങൾ… കോൺഗ്രസുകാരല്ലാത്തവർക്കും ഏറെ പ്രിയപ്പെട്ടൊരാളാണെന്ന് നിങ്ങളറിയാതെ പോയതെന്തേയെന്ന് കണ്ടിട്ട് സങ്കടം വന്നിട്ടാണ് ഇതെഴുതുന്നത്.

പ്രിയപ്പെട്ട സലിംകുമാർ, ‘കോൺഗ്രസുകാരനായതുകൊണ്ടാണ് എന്നെ ഒഴിവാക്കിയതെ’ന്ന് പറയുമ്പോൾ നിങ്ങളറിയാതെ പറഞ്ഞുപോവുന്നൊരു കാര്യമുണ്ട്; സങ്കടകരമായൊരു കാര്യം.
അബുവായി പകർന്നാടി ഞങ്ങളെയൊക്കെ വിസ്മയിപ്പിച്ചതിന്, 2010 ൽ, ഏറ്റവും നല്ല നടനുള്ള ദേശീയ അവാർഡ് നിങ്ങളിലൂടെ മലയാളത്തിൽ എത്തിയത് ‘നിങ്ങൾ കോൺഗ്രസുകാരനായതുകൊണ്ടാണോ?’ എന്നൊരാൾ ചോദിച്ചാൽ ഉത്തരമില്ലാതെ നിൽക്കേണ്ടി വരുന്ന പ്രിയപ്പെട്ട സലിംകുമാറിനെ ഓർത്ത് സങ്കടം വന്നിട്ടാണ് ഇതെഴുതുന്നത്.
ഇത്രയെങ്കിലും എഴുതിയിട്ടില്ലെങ്കിൽ, മനം മടുപ്പിക്കുന്ന വിരസതയുടെ പകലുകളിൽ
പലവട്ടം ഞാൻ കണ്ടു ചിരിക്കുന്ന അറബിയുടെ ഇടം കൈയായ മണവാളനെ കണ്ടാൽ,
അഡ്വക്കേറ്റ് മുകുന്ദനുണ്ണിയെ കണ്ടാൽ, കണ്ണൻ സ്രാങ്കിനെ കണ്ടാൽ,
ഇനിയെനിക്ക് ചിരിക്കാൻ കഴിഞ്ഞില്ലെങ്കിലോ എന്നോർത്ത് സങ്കടം വന്നിട്ടാണ് ഇതെഴുതുന്നത്.
പ്രിയപ്പെട്ട സലിംകുമാർ, ‘അഥവാ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ’ എന്നോർത്ത് വീണ് കിട്ടുന്നതെന്തുമിട്ടലക്കുന്ന കൂട്ടരുടെ വാളുകളിൽ നിറയുന്ന ചിത്രമായ് നിങ്ങളെ കണ്ട് സങ്കടം വന്നിട്ടാണ് ഇതെഴുതുന്നത്. ഇനി ഞാൻ പോയിട്ട് നിങ്ങടെ നാല് കോമഡി കാണട്ടെ, സലിംകുമാർ…

Back to top button
error: