NEWS

ലാൽ മാജിക്ക്… സമൂഹമാധ്യമങ്ങളിലെ എഴുത്തുകാരനും സ്വതന്ത്ര ചിന്തകനുമായ സനൂജ് സുശീലൻ എഴുതുന്നു..

മലയാളത്തിലെ ഏറ്റവും നല്ല ഫിലിം പ്രൊമോഷനും പി. ആർ കാമ്പയിനും നടത്തുന്നത് മോഹൻലാലിനൊപ്പമുള്ളവരാണ് എന്നാണ് എനിക്ക് തോന്നുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കുള്ളിൽ മോഹൻലാൽ എന്ന നടനിൽ നിന്ന് മോഹൻലാൽ എന്ന മെഗാ താരമായി അദ്ദേഹം മാറിയത് അതിശയിപ്പിക്കുന്ന വഴികളിലൂടെയാണ്.
പുതിയ സാങ്കേതിക വിദ്യകൾ, സോഷ്യൽ മീഡിയ, അച്ചടി മാധ്യമങ്ങൾ തുടങ്ങി എല്ലാ മേഖലയിലും ലാൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത് വെറുതെയല്ല. വമ്പൻ ബ്രാൻഡുകളുടെ ടി വി കമേഴ്സ്യൽസ് മാത്രമല്ല ലോക്കൽ ആയ ബ്രാൻഡുകളുടെ പ്രചാരകനായും അദ്ദേഹം ഒരേ സമയം പ്രവർത്തിക്കുന്നു.
ബിഗ് ബോസ് പോലുള്ള വലിയ ടി. വി ഷോകളും ഫ്‌ളവേഴ്‌സ് ചാനലിലേതു പോലുള്ള മലയാളം ടി. വി ഷോകളും ഒരേ ലാൽ തന്നെ അവതരിപ്പിക്കുന്നു. സോഷ്യൽ മീഡിയ ശ്രദ്ധിക്കുന്നവർക്കറിയാം, മലയാളത്തിൽ ഏറ്റവും കൂടുതൽ ഹേറ്റേഴ്‌സ് ഉള്ള സെലിബ്രിറ്റികളിൽ ഒരാൾ കൂടിയാണ് ലാൽ.
പക്ഷെ അതേ സോഷ്യൽ മീഡിയ തന്നെ അദ്ദേഹത്തിന്റെ പുതിയ സിനിമകളെക്കുറിച്ചുള്ള ഓരോ വാർത്തയും ഉത്സവം പോലെ ആഘോഷിക്കുന്നു. സോഷ്യൽ മീഡിയയിൽ വരുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങൾ, ട്രെയിലറുകൾ തുടങ്ങി എന്തും എത്തും വൈറലായി മാറുന്നു. അദ്ദേഹം ഒരു ബ്ലോഗ് തുടങ്ങിയപ്പോൾ അത് മറ്റൊരാളാണ് എഴുതിക്കൊടുക്കുന്നത് എന്ന ആരോപണം വന്നപ്പോൾ സ്വന്തം കൈപ്പടയിലുള്ള കുറിപ്പുകൾ തന്നെ അവിടെ പ്രസിദ്ധീകരിക്കാൻ തുടങ്ങി. മാത്രമല്ല അതിലെ ഓരോ പോസ്റ്റും വാർത്തകൾ സൃഷ്ടിച്ചു.
നാടിനെ പിടിച്ചു കുലുക്കിയ സംഭവങ്ങൾ നടന്നപ്പോൾ എന്തുകൊണ്ട് ലാൽ അതിനെക്കുറിച്ചു ബ്ലോഗിൽ എഴുതിയില്ല എന്നത് പോലും ചർച്ചയായി.
നേരത്തെ പറഞ്ഞ ആക്ഷേപങ്ങൾ ഉന്നയിച്ചിരുന്നവർ പോലും അതിൽ പരാതി പറഞ്ഞു എന്നതാണ് തമാശ.
‘ഒടിയൻ’ എന്ന ചിത്രത്തിന് വേണ്ടി നടത്തിയ മേക്കോവർ അദ്ദേഹത്തിന്റെ ഫാൻസ് പോലും തള്ളിക്കളഞ്ഞിരുന്നു. എന്നാൽ ആ വിമർശനങ്ങളിൽ നിന്ന് പുറത്തു വരുന്ന ലാലിനെയാണ് ഇപ്പോൾ നമ്മൾ കാണുന്നത്. അല്ലെങ്കിലും അദ്ദേഹം ഒരിക്കലും സുന്ദരനായിരുന്നില്ല. കണ്ടു കണ്ടു മലയാളികൾ ലാലിനെ ഇഷ്ടപ്പെടുകയായിരുന്നു.
മലയാളത്തിൽ ചെറിയ പെൺകുട്ടികളെ മാത്രം നായികയാക്കുന്നു, പ്രായം മറച്ചു വയ്ക്കാൻ ശ്രമിക്കുന്നു എന്നൊക്കെയുള്ള ആരോപണങ്ങൾ നിലനിൽക്കുമ്പോൾ തന്നെ തമിഴിലും തെലുങ്കിലുമൊക്കെ അവിടത്തെ വലിയ താരങ്ങളുടെ ജ്യേഷ്ഠൻ, അച്ഛൻ തുടങ്ങിയ കഥാപാത്രങ്ങൾ ചെയ്യാൻ ലാൽ മടിക്കുന്നുമില്ല.
ഇത്രയും എഴുതിയത് ഇപ്പോൾ ദൃശ്യം രണ്ടാം ഭാഗം അവർ ലോഞ്ച് ചെയ്യുന്നത് ശ്രദ്ധിച്ചപ്പോളാണ്. തീയറ്ററുകളിൽ റിലീസ് ചെയ്യാതിരുന്നപ്പോളുണ്ടായ വിവാദം, ഫിലിം ചേമ്പറിന്റെയും തീയറ്റർ മുതലാളിമാരുടെയും എതിർപ്പ് എന്നിവയൊക്കെ മറികടന്ന ഈ ചിത്രം ആമസോൺ പ്രൈം വിഡിയോയിൽ വരാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി.
രണ്ടു മിനിട്ടുള്ള അതിന്റെ ട്രെയ്‌ലർ ഇതിനോടകം പതിനേഴു മില്യൺ ആൾക്കാരാണ് കണ്ടിരിക്കുന്നത്. ചിത്രത്തിന് വേണ്ടി ഒരു വെബ്സൈറ്റ് അവർ തുറന്നിട്ടുണ്ട്. അതിലെ ചെറിയൊരു ഗെയിം കളിച്ചാൽ നിങ്ങൾക്ക് ലാലേട്ടൻ നന്ദി പറയുന്ന തരത്തിലുള്ള ഒരു പോസ്റ്റർ അതിൽ നിന്നും ഡൌൺലോഡ് ചെയ്തെടുക്കാൻ കഴിയും. സാങ്കേതികമായി അതൊരു വലിയ കാര്യമല്ല. പക്ഷെ സൈറ്റ് ലോഞ്ച് ചെയ്ത ദിവസം സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ നിറഞ്ഞു നിന്നത് ആ പോസ്റ്ററുകളായിരുന്നു. ‘ഒടിയൻ’ ഇറങ്ങിയപ്പോൾ ഇതുപോലെ ഒരു ഗെയിമിംഗ് ആപ്പ് അവർ പുറത്തിറക്കിയതെന്ന് ഓർമയുണ്ടാവുമല്ലോ. അപ്പൊൾ പറഞ്ഞു വന്നത് ഇതാണ്, മലയാളത്തിലെ ഇപ്പോളുള്ള ഏറ്റവും മികച്ച നടൻ അദ്ദേഹമാണോ എന്ന് ചോദിച്ചാൽ പലർക്കും വിയോജിപ്പുണ്ടാവും. പക്ഷെ മലയാളം കണ്ട ഏറ്റവും വലിയ താരം മോഹൻലാൽ തന്നെയാണ്. മലയാളം പോലുള്ള ഒരു കൊച്ചു ഇൻഡസ്ട്രിയിൽ നിന്ന് ഇങ്ങനെ ശ്രദ്ധിക്കപ്പെടുന്ന മറ്റു നടൻമാർ ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെ പറയേണ്ടി വരും. അദ്ദേഹത്തിലെ നടൻ മരിച്ചു, താരം മാത്രമാണ് ഇപ്പോളുള്ളത് എന്ന് വിമർശിക്കുന്നവർ ഒന്നോർക്കണം. അദ്ദേഹത്തിന് ശേഷം വന്ന ഒരു നടനും അഭിനയിച്ചു ഫലിപ്പിക്കാൻ പറ്റാത്ത തരം സങ്കീർണമായ വേഷങ്ങൾ തന്റെ കരിയറിന്റെ ആദ്യ പാദത്തിൽ തന്നെ അഭിനയിച്ചു വിജയിപ്പിച്ച, ഒരുവിധമുള്ള എല്ലാ അംഗീകാരങ്ങളും നേടിയ ഒരു അഭിനേതാവാണ് ലാൽ. അദ്ദേഹം മാത്രമല്ല മമ്മൂട്ടിയും.
മറ്റുള്ള ഭാഷകളിൽ നിന്ന് വ്യത്യസ്തമായി നമ്മുടെ സൂപ്പർ താരങ്ങൾ മികച്ച നടൻമാർ കൂടിയാണ്. പക്ഷെ വാണിജ്യപരമായി ഇപ്പോളും ഈ മേൽക്കൈ നിലനിർത്താൻ കഴിയുക ചില്ലറക്കാര്യമല്ല. അവിടെയാണ് ലാൽ വ്യത്യസ്തമാക്കുന്നത്. ഇതും നമ്മുടെ സിനിമാ വ്യവസായത്തിന്
ആവശ്യമാണ്. ഫഹദിനെയും സുരാജിനെയും പോലുള്ള മിടുക്കന്മാർ മാത്രമല്ല വലിയ താരങ്ങളും നമുക്ക് വേണം…

Back to top button
error: