ഏറ്റുമാനൂർ വള്ളോംകുന്ന് വീടിന്റെ പടി കയറുമ്പോൾ ജുവൽ ഒരു ദീർഘനിശ്വാസം എടുത്തിരിക്കണം. അനാഥാലയത്തിൽ നിന്ന് ഒരു വീടിന്റെ സുരക്ഷിതത്വത്തിലേയ്ക്കുള്ള പറിച്ചുനടലിന് ആ നിശ്വാസത്തേക്കാൾ ചൂടുണ്ടായിരുന്നു. എന്നാൽ ജുവലിന്റെ സ്വപ്നങ്ങളെയാണ് പാഞ്ഞു വന്ന കാർ തട്ടിത്തെറുപ്പിച്ചത്.
രണ്ടാഴ്ച മുമ്പാണ് വള്ളോംകുന്നിൽ എം പി ജോയിയും ഭാര്യ സാലിയും ജുവലിനെ ദത്തെടുക്കുന്നത്.നിയമപ്രകാരമുള്ള നടപടികൾ പൂർത്തിയാക്കി ഡൽഹിയിൽ നിന്നാണ് കുഞ്ഞിനെ ദത്തെടുത്തത്.
പെൺകുഞ്ഞ് ജനിച്ചാൽ ജോയിയും സാലിയും ഇടാൻ വച്ച പേരായിരുന്നു ജുവൽ.ഹിന്ദി മാത്രം പറയാൻ അറിയുന്ന ആ കുഞ്ഞ് മിടുക്കിക്ക് അവർ ജുവൽ എന്ന് പേരിട്ടു.
ജുവലിനെയും കൂട്ടി ബന്ധുവീട്ടിൽ പോയി വരുമ്പോൾ ആണ് സാലിയെ കാർ ഇടിക്കുന്നത്.കാർ പാഞ്ഞടുക്കുന്നത് കണ്ട് മമ്മി തന്നെ തള്ളി മാറ്റുകയായിരുന്നുവെന്ന് ജുവൽ പറയുന്നു. സാലി മരണത്തിന് കീഴടങ്ങിയപ്പോൾ ജുവലിന് നിസാര പരിക്കുകളെ ഉളളൂ.
അപകടസമയത്ത് കാർ ഓടിച്ചിരുന്നത് മൂന്നുതൊട്ടിയൽ എംഎം രഞ്ജിത്ത് ആണ്.സുഹൃത്തിന്റെ കാർ ആണ് രഞ്ജിത്ത് ഓടിച്ചിരുന്നത്. രഞ്ജിത്ത് ഇന്നലെ കാറുമായി ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ എത്തി. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് രഞ്ജിത്തിനെതിരെ കേസ്.