ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പില്‍ അറസ്റ്റിലയതിനെക്കുറിച്ച് പ്രതികരിച്ച് ജയില്‍ മോചിതനായ എംഎല്‍എ എം.സി ഖമറുദ്ദീന്‍. തന്നെ മനപൂര്‍വ്വം കുടുക്കുകയായിരുന്നു ലക്ഷ്യമെന്നും താന്‍ അറസ്റ്റിലായതോടെ മാനേജിങ് ഡയറക്ടര്‍ പൂക്കോയ തങ്ങള്‍ ഒളിവില്‍ പോയെന്നും ഖമറുദ്ദീന്‍ പറയുന്നു. മാത്രമല്ല തന്നെ അറസ്റ്റ് ചെയ്തപ്പോള്‍ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ തന്നോട് പറഞ്ഞത് ഒരാളെ പിടിക്കാന്‍ പിണറായിയുടെ പോലീസ് വിചാരിച്ചാല്‍ നടക്കില്ലേ എന്നും നിങ്ങളെ മാത്രമാണ് അവര്‍ക്ക് ആവശ്യം എന്നുമായിരുന്നു.
അയാളെ ആരോ ഒളിപ്പിച്ചു എന്നാണ് ജനസംസാരം എന്നും എംഎല്‍എ ജയിലിലായത് മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പിനെ ബാധിക്കില്ല എന്നും രാഷ്ട്രീയത്തില്‍ സജീവമായി ഉണ്ടാകും എന്ന് അദ്ദേഹം പറഞ്ഞു. അറസ്റ്റിനു പിന്നില്‍ തന്നെ രാഷ്ട്രീയമായി തകര്‍ക്കാന്‍ ഉള്ള വലിയ ഗൂഢാലോചന ആയിരുന്നു എന്ന് അദ്ദേഹം പറഞ്ഞു നിക്ഷേപകര്‍ക്ക് പണം കിട്ടാനുള്ള താല്‍പര്യങ്ങളും ഇതിനുപിന്നില്‍ ഉണ്ടായിരുന്നില്ല തന്നെ പൂട്ടുക എന്നതിന്റെ ഭാഗമായിട്ടാണ് അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം, ജൂലൈയില്‍ നിക്ഷേപമായി സ്വീകരിച്ച് പണം തിരിച്ചു നല്‍കാതെ വിശ്വാസവഞ്ചനകാട്ടിയ എന്ന കേസിലാണ് എം സി ഖമറുദ്ദീന് എംഎല്‍എയെ അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട് ജയിലിലും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുമായി 96 ദിവസത്തെ ജയില്‍വാസത്തിനുശേഷമാണു പുറത്തിറങ്ങിയത്.
പ്രത്യേക അന്വേഷണ സംഘത്തിന്റെ കണക്കനുസരിച്ച് 155 കേസുകളാണ് എംഎല്‍എയ്‌ക്കെതിരെ ഉള്ളത്. ഇതില്‍ അറസ്റ്റ് രേഖപ്പെടുത്തിയ 148 കേസുകളിലും ജാമ്യം ലഭിച്ചതോടെയാണ് ഇദ്ദേഹം ജയില്‍ മോചിതനായത്. കേസുള്ള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം, സമാന കേസുകളില്‍ പെടരുത് തുടങ്ങിയവയാണ് ജാമ്യ വ്യവസ്ഥകള്‍. ജാമ്യ വ്യവസ്ഥ പ്രകാരം സ്വദേശമായ തൃക്കരിപ്പൂരിലേക്ക് ഇദ്ദേഹത്തിന് പ്രവേശിക്കാനാവില്ല. എന്നാല്‍ ഇദ്ദേഹത്തിന്റെ മണ്ഡലമായ മഞ്ചേശ്വരത്ത് പ്രവേശിക്കുന്നതിന് തടസ്സമില്ല.