Lead NewsNEWS

കാപ്പന്‍ കോണ്‍ഗ്രസില്‍ വന്നാല്‍ സന്തോഷം: മുല്ലപ്പള്ളി

മാണി.സി.കാപ്പനെ യുഡിഎഫ് സ്വാഗതം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കോണ്‍ഗ്രസിലേക്ക് വരികയാണെങ്കില്‍ അത്രയും സന്തോഷമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.ആലുവയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

മാണി സി കാപ്പന്‍ കോണ്‍ഗ്രസിലേക്ക് വന്നാല്‍ കൈപ്പത്തി ചിഹ്നം നല്‍കാന്‍ സാധിക്കും. സീറ്റ് വിഭജനം സംബന്ധിച്ച് ഘടകകക്ഷികളുമായി ചര്‍ച്ച നടത്തും.ഇത് സംബന്ധിച്ച് കൃത്യമായ ധാരണയുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഏങ്ങനെയായിരിക്കണമെന്ന പൊതുമാനദണ്ഡം കോണ്‍ഗ്രസ് ദേശീയ നേതൃത്വം നിര്‍ദ്ദേശിച്ചിട്ടുണ്ട്. അത് പ്രകാരമാണ് സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നത്. ജനസ്വീകാര്യതയാണ് അടിസ്ഥാനഘടകം. മറ്റൊന്നും ബാധകമല്ല. തദ്ദേശതെരഞ്ഞെടുപ്പിലേത് പോലെ അനവധാനതയോടുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ആയിരിക്കില്ല നിയമസഭയിലേത്. തെരഞ്ഞെടുപ്പില്‍ യുവാക്കള്‍-മഹിളകള്‍-പിന്നോക്ക-ന്യൂനപക്ഷ വിഭാഗങ്ങള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും അര്‍ഹമായ പ്രാതിനിധ്യം നല്‍കും. എന്നും യുവജനങ്ങള്‍ക്ക് അര്‍ഹമായ പരിഗണന കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

Signature-ad

അനുകൂല രാഷ്ട്രീയ സാഹചര്യം

യുഡിഎഫിന് അനുകൂല രാഷ്ട്രീയ സാഹചര്യമാണ് കേരളത്തിലേത്.യുവാക്കള്‍ ക്ഷുഭിതരാണ്.അനര്‍ഹരെ പിന്‍വാതില്‍ വഴി നിയമിക്കുന്നു.തലസ്ഥാന നഗരിയില്‍ പിഎസ്സ്‌സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ പ്രതിഷേധം ഇരമ്പുമ്പോഴും മനുഷ്യത്വം തെല്ലുമില്ലാത്ത മുഖ്യമന്ത്രി സ്ഥിരനിയമനം നടത്തി.ഈ സര്‍ക്കാര്‍ നടത്തിയ എല്ലാ അനര്‍ഹമായ നിയമനങ്ങളും യുഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കും.പിഎസ്സ്‌സി റാങ്ക് ഹോള്‍ഡേഴ്‌സിനെ കലാപകാരികളായി ചിത്രീകരിക്കുന്ന ഇന്റെലിജെന്‍സ് റിപ്പോര്‍ട്ട് അസംബന്ധമാണ്. ഇത്തരം ഒരു റിപ്പോര്‍ട്ട് ഉണ്ടാക്കിയ ഉദ്യോഗസ്ഥന്റെ പേര് വെളിപ്പെടുത്തണം. പരാജയപ്പെട്ട ഇന്റെലിജെന്‍സ് സംവിധാനമാണ് കേരളത്തിലുള്ളത്. ഗ്യാരേജില്‍ നിന്നും കെഎസ്ആര്‍ടിസി ബസ്സ് മോഷണം പോയിട്ടു പോലും സര്‍ക്കാരും പോലീസും അറിഞ്ഞില്ലെന്നും മുല്ലപ്പള്ളി പരിഹസിച്ചു.

കേരള ബാങ്കിലെ നിയമനം പ്രൊഫഷണല്‍ ഗുണ്ടകള്‍ക്കായി

കണ്ണൂരിലെ സിപിഎമ്മിന്റെ പ്രൊഫഷണല്‍ ഗുണ്ടകള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്നു.അതിന്റെ ഭാഗമാണ് കേരള ബാങ്കില്‍ നടക്കുന്ന നിയമനങ്ങള്‍.ഭരണഘടനാ തത്വങ്ങള്‍ക്കെതിരെയും അനധികൃതമായും ഈ സര്‍ക്കാര്‍ രൂപീകരിച്ച കേരള ബാങ്ക് യുഡിഎഫ് സര്‍ക്കാര്‍ പിരിച്ചുവിടും.സഹകരണ ബാങ്കും കൊമേഴ്ഷ്യല്‍ ബാങ്കും തമ്മില്‍ അജഗജാന്തരമുണ്ട്.കേരള ബാങ്ക് രൂപീകരിച്ചത് തന്നെ സഹകരണ ബാങ്കുകളിലെ കോടികളുടെ നിക്ഷേപം വകമാറ്റാനാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

Back to top button
error: