കലാഭവന്‍ മണി മെമ്മോറിയൽ അവാർഡ് കോട്ടയം നസീറിന്

ലാഭവൻ മണിയുടെ പേരിലുള്ള ഈ വര്‍ഷത്തെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് കോട്ടയം നസീറിന് സമ്മാനിച്ചു. മിമിക്രി രംഗത്ത് 30 വർഷം പൂർത്തിയാക്കിയ കോട്ടയം നസീറിന് ഇത് അഭിമാന നിമിഷം. എറണാകുളം YMCA ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ജസ്റ്റിസ് ബി കമാൽപാഷ ഫലകവും, കെ.എസ് പ്രസാദ് പൊന്നാടയും നൽകി ആദരിച്ചു. കലാഭവൻമണി മെമ്മോറിയൽ സമിതി ചെയർമാൻ അജിൽ മണിമുത്ത്, അവാർഡ് കമ്മിറ്റി അംഗമായ ഇസ്മയിൽ കൊട്ടാരപ്പാട്ട്, ഉമർ നിസാർ, മാസ്റ്റർ എം ദർശൻ എന്നിവർ സന്നിഹിതരായിരുന്നു.

ഒരു ചലചിത്രതാരം എന്നതിനപ്പുറത്തേക്ക് കലാഭവൻ മണി മലയാളികൾക്ക് എന്നും ഒരു വികാരമാണ്. ഒരു സിനിമാതാരത്തിന്റെ വിയോഗത്തിൽ മലയാളികള്‍ ഒന്നാകെ കരഞ്ഞിട്ടുണ്ടെങ്കിൽ അത് മണിക്ക് വേണ്ടി മാത്രമായിരുന്നു. മണിയെന്ന താരത്തെയും മനുഷ്യ സ്നേഹിയെയും ഒരിറ്റ് കണ്ണീരോടെ അല്ലാതെ മലയാളികള്‍ക്കും മലയാളചലച്ചിത്ര മേഖലയ്ക്കും ഓർക്കാൻ കഴിയില്ല. ശരീരം കൊണ്ടു മാഞ്ഞു പോയാലും മണി എന്നും ഒരു ചിരിച്ച മുഖമായി മലയാളികളുടെ മനസ്സിൽ ഉണ്ടാവും. കഷ്ടപ്പെടുന്ന ആരെയും സഹായിക്കാൻ സന്നദ്ധനായിരുന്നു കലാഭവൻ മണി. തനിക്ക് മുന്‍പില്‍ നിൽക്കുന്നവന്റെ നിറമോ ഗുണമോ കുലമോ നോക്കാതെ തന്നാൽ കഴിയും വിധം കലാഭവൻ മണി എല്ലാവരെയും സഹായിച്ചിരുന്നു. കലാഭവന്‍ മണിയുടെ മരണശേഷവും അദ്ദേഹത്തിന്റെ പേരിലുള്ള വിവിധ സന്നദ്ധ സംഘടനകൾ ഇന്നും ജീവകാരുണ്യ പ്രവർത്തനങ്ങളും സേവന പ്രവർത്തനങ്ങളും തുടർന്നു പോരുന്നു.

കലാഭവന്‍ മണിയുടെ അനുവാദത്തോടെയാണ് കലാഭവൻ മണി സേവന സമിതി എന്ന സംഘടന കേരളത്തിൽ പ്രവര്‍ത്തനം ആരംഭിച്ചത്. അദ്ദേഹത്തിന്റെ മരണശേഷം സമിതിയുടെ നേതൃത്വത്തിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. കലാരംഗത്ത് കഴിവ് തെളിയിച്ച പ്രതിഭകളെ കലാഭവൻ മണിയുടെ പേരിൽ ആദരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സമിതി കലാഭവൻ മണി മെമ്മോറിയൽ അവാർഡ് നൽകി തുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *