LIFETRENDING

സ്വന്തം കുടുംബത്തെ സംരക്ഷിക്കാൻ നിങ്ങൾ ഏതറ്റം വരെ പോകും.? ചോദ്യവുമായി ജോർജുകുട്ടി

മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ജീത്തു ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ദൃശ്യം 2013ലെ ഏറ്റവും വലിയ ഹിറ്റായിരുന്നു. ജിത്തു ജോസഫ് എന്ന സംവിധായകന്റെയും മലയാള സിനിമയുടെയും മാറ്റത്തിന് തുടക്കമാവുകയായിരുന്നു ദൃശ്യം. സ്വന്തം കുടുംബത്തെ സംരക്ഷിക്കാൻ ഒരു കൊലപാതകം മറച്ചു വെക്കേണ്ടി വരുന്ന ജോർജ്ജുകുട്ടി എന്ന സാധാരണക്കാരന്റെയും അയാൾക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളുടെയും കഥയാണ് ദൃശ്യത്തിലൂടെ ജിത്തു ജോസഫ് പ്രേക്ഷകരോട് സംവദിച്ചത്. ചിത്രം അവസാനിക്കുമ്പോൾ ഒരു വലിയ രഹസ്യം ജോർജ്ജുകുട്ടിയുടെ മനസ്സിലും സിനിമ കണ്ടിറങ്ങിയ ഓരോ പ്രേക്ഷകന്റെ മനസ്സിലും അവശേഷിക്കുന്നു. ജോർജുകുട്ടിയുടെ മകൾ കൊലപ്പെടുത്തിയ ചെറുപ്പക്കാരന്റെ മൃതശരീരം രാജാക്കാട് പോലീസ് സ്റ്റേഷനിലാണ് കുഴിച്ചിട്ടിരിക്കുന്നതെന്ന് ജോർജുകുട്ടിയെ പോലെ അറിയാവുന്നത് പ്രേക്ഷകർക്ക് മാത്രമാണ്.

ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറപ്രവർത്തകർ പ്രഖ്യാപിക്കുമ്പോൾ ഓരോ പ്രേക്ഷകന്റെയും മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന ചിത്രം രാജാക്കാട് പോലീസ് സ്റ്റേഷന്‍ ആയിരിക്കും. ജോര്‍ജുകുട്ടി അവശേഷിപ്പിച്ച ആ വലിയ രഹസ്യം നിയമപാലകർ കണ്ടെത്തുമോ എന്ന ചോദ്യം തന്നെയാണ് ദൃശ്യം 2 ലേക്കുള്ള പ്രധാന ആകർഷക ഘടകം. ദൃശ്യം 2 എന്ന ചിത്രത്തിലേക്ക് പ്രേക്ഷകരെ അടുപ്പിക്കുന്നതും ഈ കാരണം തന്നെയാണ്.

Signature-ad

ചിത്രത്തിന്റെ സംവിധായകനായ ജിത്തു ജോസഫ് ഇതിനോടകം തന്നെ പല അഭിമുഖങ്ങളിലും ഇതൊരു ത്രില്ലർ ചിത്രം ആയിരിക്കില്ല എന്ന് പറഞ്ഞുകഴിഞ്ഞു. ഒരു കൊലപാതകവും അതിൽ പ്രതിയാക്കപ്പെട്ട ജോർജ്ജ് കുട്ടിയുടെയും കുടുംബത്തിന്റെയും ഏഴ് വർഷങ്ങൾക്ക് ശേഷം ഉള്ള ജീവിതമാണ് ദൃശ്യം 2. നാട്ടുകാരും സഹപ്രവർത്തകരും ബന്ധുക്കളും പിന്നീട് എങ്ങനെയായിരിക്കും ജോർജുകുട്ടിയേയും കുടുംബത്തെയും സമൂഹത്തിൽ പരിഗണിക്കുക എന്നൊക്കെയാണ് ദൃശ്യം ചർച്ച ചെയ്യുന്നതെന്ന് സംവിധായകൻ വെളിപ്പെടുത്തുന്നു. ചിത്രത്തിന്റെ ആദ്യഭാഗത്തിൽ ഉണ്ടായിരുന്ന മിക്ക താരങ്ങളും രണ്ടാം ഭാഗത്തിലും പ്രത്യക്ഷപ്പെടുന്നുണ്ട്. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം ഫെബ്രുവരി 19 ന് തിയേറ്ററിലെത്തുന്നത്.

ഇപ്പോഴിതാ ദൃശ്യം2 ന്റെ റിലീസിംഗുമായി ബന്ധപ്പെട്ട്‌ അണിയറപ്രവർത്തകർ പുറത്ത് വിട്ട റീ ക്യാപ് വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്. ഏഴു വർഷങ്ങൾക്കു മുൻപുള്ള ജോർജുകുട്ടിയുടേയും കുടുംബത്തിന്റേയും കഥ നായകനായ മോഹൻലാൽ തന്നെ വിവരിക്കുകയാണ് റീ ക്യാപ് വീഡിയോയിലൂടെ. ജോർജ്കുട്ടിക്കും കുടുംബത്തിനും ഇനി എന്താണ് സംഭവിക്കുക എന്നുള്ള ചിന്ത നിങ്ങളുടെ മനസ്സിൽ ഉണ്ടെങ്കിൽ ദൃശ്യം2 ടീമിന്റെ ഭാഗമായി നിങ്ങൾക്കും വരാമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. #GEORGEKUTTYISBACK
എന്ന ഹാഷ് ടാഗിലൂടെ നിങ്ങളുടെ ചിന്തകളും ആശയങ്ങളും അവരെ അറിയിക്കാം. ചിത്രത്തിന് എല്ലാത്തരത്തിലും പുതിയ മാർക്കറ്റിംഗ് സ്ട്രാറ്റജി പരീക്ഷിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

Back to top button
error: