Lead NewsNEWS

സമൂഹത്തില്‍ ക്രിയാത്മക ചലനങ്ങള്‍ സൃഷ്ടിക്കുവാന്‍ ഇനി പ്രതീക്ഷ ഇടതുപക്ഷം; തിരക്കഥാകൃത്ത്‌ പ്രവീൺ ഇറവങ്കര കേരള കോൺഗ്രസ് (എം)ൽ ചേരുന്നു

തിരക്കഥാകൃത്തും കെപിസിസി കലാസാംസ്‌കാരിക വിഭാഗം സംസ്ഥാനക്കമ്മിറ്റി അംഗവും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ പ്രവീണ്‍ ഇറവങ്കര കേരള കോണ്‍ഗ്രസ് (എം)ല്‍ ചേരുന്നു.

ആലപ്പുഴയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കോണ്‍ഗ്രസ് മതേതരത്വവും ജനാധിപത്യവും വര്‍ഗ്ഗീയ തീവ്രവാദികള്‍ക്ക് അടിയറ വെച്ചു. അധികാരം മാത്രം അജണ്ടയാക്കിയ ആദര്‍ശം കൈവിട്ട ആള്‍ക്കൂട്ടമായി കോണ്‍ഗ്രസ് അധഃപതിച്ചു.കാലത്തെ ആദരിക്കുന്ന ഒരു എഴുത്തുകാരനെന്ന നിലയില്‍ തികഞ്ഞ നിരാശയോടെ പ്രസ്ഥാനം ഉപേക്ഷിച്ച് എല്‍ഡിഎഫ് ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് (എം)ല്‍ ചേരുന്നു. പ്രവീണ്‍ പറഞ്ഞു.

കഴിഞ്ഞ നാലു പതിറ്റാണ്ടായി കോണ്‍ഗ്രസ്സ് വിശ്വാസിയും നീണ്ട 22 വര്‍ഷം കെപിസിസി കലാസാംസ്‌കാരിക വിഭാഗം സംസ്‌കാരസാഹിതി സംസ്ഥാനക്കമ്മിറ്റി അംഗവും 8 വര്‍ഷമായി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിച്ച കലാകാരനായിരുന്ന പ്രവീണ്‍ പ്രസ്ഥാനം ഉപേക്ഷിക്കുന്ന വാര്‍ത്ത ഏറെ വേദനയോടെയാണ് പങ്കുവെച്ചത്.

നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഹൃദയത്തിലേറ്റിയ കോണ്‍ഗ്രസ് ബന്ധമായിരുന്നു പ്രവീണിന്റേത്. ഒരു എഴുത്തുകാരനായതിനാല്‍ ഗാന്ധിജിയുടേയും നെഹ്‌റുവിന്റേയും പുസ്തകങ്ങള്‍ കാഴ്ചപ്പാടുകളേയും ദര്‍ശനങ്ങളേയും മാറ്റിയതായി പ്രവീണ്‍ പറയുന്നു. എന്നാല്‍ ഇന്നത്തെ കോണ്‍ഗ്രസിന്റെ അവസ്ഥ നിരാശ ജനിപ്പിക്കുന്നതാണെന്നും ഒരു മതേതര വിശ്വാസിക്കും ജനാധിപത്യ വിശ്വാസിക്കും ഒരു തരത്തിലും സംഘടനയുമായി ചേര്‍ന്ന് പോകാന്‍ കഴിയുന്ന അവസ്ഥയല്ല നിലവില്‍ നിലനില്‍ക്കുന്നതെന്നും പത്രസമ്മേളനത്തില്‍ പ്രവീണ്‍ പറഞ്ഞു. അതിനാല്‍ സമൂഹത്തില്‍ ക്രിയാത്മക ചലനങ്ങള്‍ സൃഷ്ടിക്കുവാന്‍ ഇനി പ്രതീക്ഷ ഇടതുപക്ഷം മാത്രമാണെന്ന് പ്രവീണ്‍ പറയുന്നു.

ചിന്തിക്കുന്നവര്‍-എഴുതുന്നവര്‍-പ്രതികരിക്കുന്നവര്‍ ആ വഴിയില്‍ എത്തേണ്ടത് കാലത്തിന്റെ അനിവാര്യതയാണഞന്നു ഞാന്‍ വിശ്വസിക്കുന്നു.കേരളത്തില്‍ വര്‍ഗ്ഗീയതയെ പ്രതിരോധിക്കാനും പുരോഗമനാശയങ്ങള്‍ പങ്കുവെയ്ക്കാനും ഇടതുപക്ഷത്തിന്റെ ഭാഗമായി നിന്നുകൊണ്ട് ഘടകകക്ഷിയായ മണ്ണിന്റെ മണമുളള കര്‍ഷപ്രസ്ഥാനം കേരള കോണ്‍ഗ്രസ് (എം)ല്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു. മണ്ണില്ലാതെ മനുഷ്യനില്ല. മണ്ണിനും മനുഷ്യനും വേണ്ടി സംസാരിക്കുന്ന അപൂര്‍വ്വ സംഘടനയായി കേരള കോണ്‍ഗ്രസ് (എം) നെ ഞാന്‍ അടയാളപ്പെടുത്തുന്നു. പ്രവീണ്‍ പറഞ്ഞു.

Back to top button
error: