NEWS

പിന്‍വാതില്‍ നിയമനങ്ങള്‍ തടയാന്‍ ബില്ല്: രമേശ് ചെന്നിത്തല

സര്‍ക്കാരിന്റെ നാലര വര്‍ഷത്തെ ഭരണത്തില്‍  മൂന്നു ലക്ഷത്തോളം പിന്‍വാതില്‍ നിയമനങ്ങളും താത്ക്കാലിക നിയമനങ്ങളും നടത്തിയിട്ടുണ്ട്. ഇതു കാരണം കുറഞ്ഞത് 3 ലക്ഷം ചെറുപ്പക്കാര്‍ക്കെങ്കിലും വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങളിലൂടെയുള്ള തൊഴില്‍ നിഷേധിക്കപ്പെട്ടിട്ടുണ്ട്.

ലക്ഷകണക്കിന് ചെറുപ്പക്കാര്‍ തൊഴിലില്ലാതെ കഷ്ടപെടുമ്പോഴാണ് ഇങ്ങനെ വന്‍തോതില്‍ താത്കാലിക നിയമനങ്ങളാണ് സംസ്ഥാനത്തു നടക്കുന്നത്. പി എസ് സി പരീക്ഷയെഴുതി റാങ്ക് ലിസ്റ്റില്‍ പേര് വന്നിട്ടും തസ്തികകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തത് കാരണം ജോലി നിഷേധിക്കപെടുകയാണ്. പകരം പിന്‍വാതില്‍ വഴിയും കണ്‍സള്‍ട്ടന്‍സി വഴിയും ഇഷ്ടക്കാരെയും ബന്ധുക്കളെയും പാര്‍ട്ടിക്കാരെയും  തിരുകികയറ്റുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. പി.എസ്.സി ക്ക് വിട്ട തസ്തികകളല്‍ നിയമനം നടക്കുന്നില്ലെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും അവയില്‍ ഇഷ്ടം പോലെ നിയമനവും സ്ഥിരപ്പെടുത്തലും നടത്തുകയാണ്.

പിന്‍വാതില്‍ നിയമനങ്ങളുടെ കുഭമേളയാണ് നടക്കുന്നത്.

റാങ്ക് ലിസ്റ്റില്‍ പേരു വന്നിട്ടും ജോലി കിട്ടാതെ തിരുവനന്തപുരത്ത് കാരക്കോണത്ത് അനു എന്ന് ചെറുപ്പക്കാരന്‍ ജീവനൊടുക്കി. റാങ്ക് ലിസ്റ്റുകാര്‍ കണ്ണീരും കൈയ്യുമായി നടക്കുന്നു. ആത്മഹത്യയുടെ വക്കത്ത് എത്തി നില്‍ക്കുകയാണവര്‍.

യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ഈ ദുസ്ഥതി പരിപൂര്‍ണ്ണമായി അവസാനിപ്പിക്കും. ഇതിനായി സമഗ്രമായ നിയമനിര്‍മാണമാണ് യൂ ഡി എഫ് മുന്നോട്ടുവയ്ക്കുന്നത്. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നതും  അനധികൃത നിയമനവും ക്രിമിനല്‍ കുറ്റമാക്കി നിബന്ധന ചെയ്യുന്നതാണ് ഈ ബില്ല്.

ഈ നിയമപ്രകാരം ഓരോ വകുപ്പിലെ Head of department, അല്ലെങ്കില്‍ appointing authority ആ വകുപ്പില്‍ ഉണ്ടാകാന്‍ പോകുന്ന തസ്തികകള്‍ 6 മാസത്തിലൊരിക്കല്‍ പി എസ് സി ക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടേതാണ്.

 Head of department, അല്ലെങ്കില്‍ appointing authority  റിപ്പോര്‍ട്ട് ചെയ്യുന്ന തസ്തിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കേണ്ടതാണ്.

പി എസ് സി യുടെ റാങ്ക് ലിസ്റ്റ് നിലനില്‍ക്കെ താത്കാലിക നിയമനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെയും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത  വകുപ്പ് തലവന്‍മാര്‍ക്കെതിരെ,  ക്രിമിനല്‍  കേസ് രജിസ്റ്റര്‍ ചെയ്യുന്നതാണ് . ഈ കുറ്റങ്ങള്‍ കോഗ്‌നിസബ്ള്‍ ആയിരിക്കും. ഇതിന്റെ ശിക്ഷ 3 മാസം മുതല്‍ 2 വര്‍ഷം വരെയായിരിക്കും.

താത്ക്കാലിക നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി മാത്രം താത്കാലിക നിയമനങ്ങള്‍ നടത്താന്‍ പാടുള്ളൂ. കാരണം എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ധാരളം ആളുകള്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നുണ്ട്. അവര്‍ക്ക് ഒരവസരവും കിട്ടുന്നില്ല. കാരണം കരാര്‍ നിയമനവും പിന്‍വാതില്‍ നിമനങ്ങളും വന്‍തോതില്‍ നടന്നു കൊണ്ടിരിക്കുകയാണ്. അവ് അവസാനിപ്പിക്കുന്നതിനാണ് ഈ ബില്ല്.

ഈ കരട് ബില്ല് യു.ഡി.എഫില്‍ ചര്‍ച്ച ചെയ്ത് അന്തിമമാക്കും.

എം.ബി രാജേഷ് പ്രശ്‌നം

പാര്‍ട്ടി സഖാക്കളുടെ ബന്ധുക്കള്‍ക്കും  മുന്‍ എം.പിമാരുടെ ഭാര്യമാര്‍ക്കും  എന്തു കൊണ്ടാണ് ഇത്ര വ്യാപകമായി പിന്‍വാതില്‍ നിയമനം ലഭിക്കുന്നത്? കമ്യൂണിസ്റ്റുകാരയത് കൊണ്ട് അവര്‍ക്ക് നിയമനം കിട്ടുന്നത് പാതകമാണെന്നും ഞാന്‍ പറയില്ല. നിയമാനുസൃതം ലഭിക്കണം. അനധികൃതമായ നിയമനങ്ങളെയാണ് ഞങ്ങള്‍ എതിര്‍ക്കുന്നത്.

കാലടി സര്‍വ്വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറായി എം.ബി രാജേഷിന്റെ ഭാര്യയ്ക്ക് നിയമനം കിട്ടിയത് റാങ്ക് ലിസ്റ്റ് അട്ടിമറിച്ചാണെന്ന് ആരോപണമുന്നയിച്ചത് ഇന്റര്‍വ്യൂ ബോര്‍ഡിലുണ്ടായിരുന്ന മൂന്ന് സബ്ജക്ട് എക്‌സപെര്‍ട്ടുകളാണ്. അവര്‍ കോണ്‍ഗ്രസുകാരുമല്ല. കടുത്ത ഇടതു പക്ഷ സഹയാത്രികര്‍.

 സത്യം തുറന്നു പറയാന്‍ ധൈര്യം കാണിച്ച ആ ഇന്റര്‍വ്യൂ ബോര്‍ഡ് അംഗങ്ങളെ തേജോവധം ചെയ്യാന്‍ മുന്‍ എം.പി കൂടിയായ രാജേഷ് തയ്യാറായത് ഇടതു പക്ഷവും ഈ സര്‍ക്കാരും എത്രത്തോളം ജീര്‍ണ്ണിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ്.

മോഷണം കൈയോടെ  പിടികൂടപ്പെടുമ്പോള്‍  അത് കണ്ടു പിടിക്കുന്നയാളെ മോഷ്ടാവാക്കുന്ന സ്ഥിരം മോഷ്ടാക്കളുടെ പരിപാടിയാണിത്.

 രാജേഷ് പറയുന്ന ഉപജാപ സിദ്ധാന്തം അപഹാസ്യമാണ്.  മൂന്ന് സബ്ജക്ട് എക്‌സപെര്‍ട്ടുകളും ചേര്‍ന്ന് സര്‍വ്വകാലാശാലാ വൈസ് ചാന്‍സലര്‍ക്ക് നല്‍കിയ കത്ത് അന്ന് രാത്രി തന്നെ ഉദ്യോഗാര്‍ത്ഥിക്ക് അയച്ചു കൊടുത്തത് ഉപജാപത്തിനാണെന്നാണ് രാജേഷ് പറയുന്നത്. ഉദ്യോഗാര്‍ത്ഥിയെ  സമ്മര്‍ദ്ദത്തിലാക്കി ജോലിയില്‍ ജോയിന്റ് ചെയ്യുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാനാണ് സിദ്ധാന്തം. ഇത് എന്തിന് വേണ്ടിയാണെന്ന് എല്ലാവര്‍ക്കും മനസിലാവും.

 ഒരു നുണ പറയുമ്പോള്‍ അല്പം വിശ്വാസ യോഗ്യമായി പറയണ്ടേ?

 വി.സിക്ക് നല്‍കിയ കത്ത് ആരാണ് ചോര്‍ത്തിയത്. അതിനെക്കുറിച്ച് അന്വേഷിക്കാമോ?  

ഇത്  സംബന്ധിച്ച് സി.പി.എമ്മിന്റെ നിലപാട് എന്താണ്?

പിന്‍വാതില്‍ നിയമനങ്ങളെ മാനുഷിക പരിഗണനയോടെ കാണണമെന്ന് പറഞ്ഞ് മന്ത്രി ഇ.പി.ജയരാജന്‍ എതിര്‍ക്കുകയാണ്. അങ്ങനെയെങ്കില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാനുഷിക പരിഗണന ഇല്ലേ?

 ഈ സര്‍ക്കാരന് കീഴില്‍ ബന്ധു നിയമനവും പിന്‍വാതില്‍ നിയമനവും എല്ലാ സീമകളെയും ലംഘിച്ച് മുന്നേറുകയാണ്. അധികാരം വിട്ടൊഴിയും മുന്‍പ് പരാമാവധി സ്വന്തക്കാരെ തിരുകി കയറ്റാനാണ് ശ്രമിക്കുന്നത്. സുപ്രീംകോടതി വിധി മറികടന്നാണ് ഈ നീക്കമെന്ന വകുപ്പ് മേധാവികളുടെ എതിര്‍പ്പ് വക വയ്ക്കാതെയാണ് ഇത് ചെയ്യുന്നത്.

പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ സമരം ചെയ്ത സി.പി.എം നേതാക്കളുടെ ഭാര്യമാര്‍ക്ക് ഇപ്പോള്‍ പിന്‍വാതില്‍ നിയമനങ്ങള്‍ ലഭിക്കുകയാണ്.

യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഈ അനധികൃത നിയമനങ്ങള്‍ പുനപ്പരിശോധിക്കും.

ശബരിമല വിഷയം

വിശ്വാസികളെ മാറ്റി നിര്‍ത്തി മുന്നോട്ട് പോകാനാവില്ലെന്നാണ് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഗോവിന്ദന്‍ മാസ്റ്റര്‍ പറയുന്നത്. അതാണ് പാര്‍ട്ടി നയമെന്നും അദ്ദേഹം പറയുന്നു. അങ്ങനെയെങ്കില്‍ ശബരിമല കേസില്‍ ഇടതു സര്‍ക്കാര്‍ നല്‍കിയ തെറ്റായ സത്യവാങ്മൂലം പിന്‍വലിച്ച് നേരത്തെ യു.ഡി.എഫ് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം നല്‍കാമോ? അതിന് എന്തു കൊണ്ട് സര്‍ക്കാര്‍ തയ്യാറാവുന്നില്ല?
പാര്‍ട്ടി നിലപാട് അതാണെങ്കില്‍ പാര്‍ട്ടി അതിന് മുന്‍കൈ എടുക്കുമോ?

 വിധി വന്നു കഴിഞ്ഞ ശേഷം എല്ലാവരുമായും ചര്‍ച്ച ചെയ്ത് എന്തു വേണമെന്ന് തീരുമാനിക്കുമെന്ന് സി.പി.എം പറയുന്നു. അത് തന്നെ വിശ്വാസി സമൂഹത്തെ കബളിപ്പിക്കലാണ്. അന്ന് സുപ്രീം കോടതി വിധി വന്നപ്പോള്‍ എല്ലാവരുമായും ചര്‍ച്ച ചെയ്യണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടതാണ്. ഗവണ്‍മെന്റ് തയ്യാറായില്ല.

സര്‍ക്കാര്‍ ഒരു കാര്യത്തില്‍ വ്യക്തത വരുത്തണം. ശബരിമലയില്‍ സര്‍ക്കാര്‍ ഭക്തരോടൊപ്പമാണോ? അവിടെ ആചാരങ്ങള്‍ സംരക്ഷിക്കണോ, അതോ ചവിട്ടി മെതിക്കണോ? ഈ കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തണം.

നിലപാട് എന്താണെന്ന് പറയാതെ വിശ്വസി സൂഹത്തെ കബളിപ്പിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റെത്.

ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും തകര്‍ക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. അത് തെറ്റാിയപ്പോയെന്ന് ഏറ്റു പറഞ്ഞ് മാപ്പു പറയാന്‍ മുഖ്യമന്ത്രി തയ്യാറാവണം.

 ആചാര സംരക്ഷണത്തിനായി നിയമം നിര്‍മ്മിക്കുമെന്ന് യു.ഡി.എഫ് പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രത്തിനും ചെയ്യാം. എന്തു കൊണ്ടു ചെയ്യുന്നില്ല? ബി.ജെ.പിയുടെ കാപട്യമാണ് പുറത്തു വരുന്നത്.

ശബരിമലയുടെ കാര്യത്തിലെ നിയമ നിര്‍മ്മാണക്കാര്യം യു.ഡി.എഫ് പാര്‍ലമെന്റിലോ നിയമസഭയിലോ ഉന്നയിച്ചിരുന്നില്ലെന്ന് കുമ്മനം രാജശേഖരന്‍ ആക്ഷേപം ഉന്നയിച്ചു. എന്നാല്‍ പാര്‍ലമെന്റില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ ശബരിമലയിലെ ആചാര്യ സംരക്ഷണത്തിനായി അനൗദ്യോഗിക ബില്ല് അവതരിപ്പിച്ചതാണ്. കേന്ദ്രം അതിനെ എതിര്‍ത്തു. ബി.ജെ.പി സര്‍ക്കാര്‍ ഭക്തജനങ്ങള്‍ക്കെതിരായ നിലപാടാണ് പാര്‍ലമെന്റില്‍ സ്വീകിരച്ചത്. നിയമസഭിയല്‍ എം. വിന്‍സെന്റ് ശബരിമലയിലെ ആചാര്യ സംരക്ഷണത്തിന് സ്വകാര്യ ബില്ല് കൊണ്ടു വരാന്‍ നോട്ടീസ് നല്‍കിയതാണ്. നിയമസഭാ സെക്രട്ടേറിയറ്റ് അനുമതി നിഷേധിച്ചു. യു.ഡി.എഫ് നേരത്തെ തന്നെ ഈ ബില്ലിന് വേണ്ടി ശ്രമിക്കുകയായിരുന്നു. ശബരിമലയിലെ ആചാര സംരക്ഷണത്തിന് കേന്ദ്ര  സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ആത്മാര്‍ത്ഥത ഉണ്ടായിരുന്നെങ്കില്‍ ഈ ബില്ലുകള്‍ സ്വീകരിച്ചാല്‍ മതിയായിരുന്നു.

വൈരുദ്ധ്യാത്മക ഭൗതികവാദം

 ഇന്ത്യയില്‍ വൈരുദ്ധ്യാത്മക ഭൗതികവാദം പ്രായോഗകമല്ലെന്ന സി.പി.എം കേന്ദ്ര കമ്മറ്റി അംഗം എം.വി.ഗോവിന്ദന്‍ മാസ്റ്ററുടെ വിലയിരുത്തല്‍ പിണറായി വിജയന്റെ ഭരണത്തിന്റെ വിലയിരുത്തലാണ്.

 ഭരണവര്‍ഗ്ഗം ധനമൂലധന ശക്തികളുടെ താത്പര്യ സംരക്ഷണത്തിനായി നിലകൊള്ളുന്നു എന്ന് ഗോവിന്ദന്‍മാസ്റ്റര്‍ പറഞ്ഞത് പിണറായിയെ ഉദ്ദേശിച്ചു തന്നെയാണ്.

 മൂതലാളിത്തത്തിന്റെ കൂര്‍ത്തുമൂര്‍ത്ത പല്ലുകള്‍ എന്ന് കമ്യൂണിസ്റ്റു ആചാര്യന്മാര്‍ വിശേഷിപ്പിക്കുന്ന ലണ്ടന്‍ സ്റ്റോക്ക് എക്‌സചേഞ്ചില്‍ പോയി പിണറായി മണി അടിച്ചതും മൂലധന ശക്തികള്‍ക്ക് അടിമപ്പെട്ട് കൂടിയ പലിശയ്ക്ക് മസാലാ ബോണ്ടിറക്കി നാടിനെ അടിമപ്പെടുത്തിയതും ഗോവിന്ദന്‍മാസ്റ്ററെ ദുഖിപ്പിച്ചിട്ടുണ്ടാകണം.

 സ്പ്രിംഗ്‌ളര്‍ കാരാറാണ് മറ്റൊരു ഉദാഹരണം. സാമ്രാജ്യത്വ കുത്തക കമ്പനിയുടെ താത്പര്യത്തിനടിമപ്പെട്ട് കേരളത്തിലെ ജനങ്ങളുടെ ആരോഗ്യവിവരം തന്നെ മറിച്ചു വില്‍ക്കാനാണ് കരാറുണ്ടാക്കിക്കളഞ്ഞത്. അതും അമേരിക്കന്‍ നിയമം അടിസ്ഥാനപ്പെടുത്തി.

 എന്തിന് ഏറെ പറയുന്നു. ബഹുരാഷ്ട്ര കുത്തകയായ പി.ഡബളിയു.സിക്ക് നമ്മുടെ സെക്രട്ടേറിയറ്റില്‍ ഓഫീസ് തുടങ്ങാന്‍ പോലും തയ്യാറായ സര്‍ക്കാരാണ് പിണറായിയുടേത്. പ്രതിപക്ഷമാണ് അത് തടഞ്ഞത്.

 സ്വന്തം പാര്‍ട്ടി തന്നെ അഞ്ചു വര്‍ഷത്തേക്ക് ഭരണം  കിട്ടിയപ്പോള്‍ ഇത്രയൊക്കെ ചെയ്‌തെങ്കില്‍ വൈരുദ്ധ്യാത്മക ഭൗതിക വാദം എങ്ങനെ നടപ്പാവാനാണ് എന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ ചിന്തിച്ചെങ്കില്‍ തെറ്റു പറയാനില്ല. ഇന്ന് ശത കോടീസ്വരന്മാരുടെയും മൂലധന ശക്തികളുടെയും ഏറ്റവും വലിയ വക്താവായി കേരളത്തിലെ ഭരണാധികാരികള്‍ മാറിയിരിക്കുന്നു.

സ്വര്‍ണ്ണക്കടത്ത് കേസ്

സ്വര്‍ണ്ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് കൂട്ടു വിലങ്ങിട്ടിരിക്കുകയാണ്. ഈ കേസ് അട്ടിമറിക്കാന്‍ ബി.ജി.പിയും സി.പി.എമ്മും ധാരണയായിട്ടുണ്ട്. ഇ.ഡിയുടെ അന്വേഷണം ഇപ്പോള്‍ എവിടെയെന്നറിയില്ല, എന്‍.ഐ.എയുടെ അന്വേഷണം എവിടെയെന്നറിയില്ല. ശിവശങ്കരന്റെ ജാ്മ്യത്തെ കസ്റ്റംസ് എതിര്‍ത്തില്ല. പുതിയ ബി.ജെ.പി – സി.പി.എം ബാന്ധവത്തില്‍ കേസ് അട്ടിമറിക്കപ്പെടുകയാണ്. പക്ഷേ അത്ര എളുപ്പത്തില്‍ അത് അട്ടിമറിക്കാനാവില്ല. അത്രയ്ക്ക ശക്തമായ തെളിവുകളുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button