ശബരിമലയിൽ UDF പ്രഖ്യാപനം ജനങ്ങളെ പറ്റിക്കാനെന്ന് എ വിയരാഘവൻ
ശബരിമല യുവതീപ്രവേശനത്തിനെതിരെ നിയമം നിര്‍മിക്കുമെന്ന യുഡിഎഫിന്റെ പ്രഖ്യാപനം ജനങ്ങളെ പറ്റിക്കുന്ന പരിപാടിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരായഘവന്‍. ഒന്നാമതായി യുഡിഎഫ് അധികാരത്തിലെത്താന്‍ പോകുന്നില്ല. മറ്റൊന്ന് സുപ്രീംകോടതിയുടെ വിശാലബെഞ്ചിന്റെ പരിഗണനയിലുള്ള ഒരു വിഷയത്തില്‍ നിയമം ഉണ്ടാക്കാന്‍ സാധിക്കില്ല. അതിന് നിയമപരമായി അധികാരമില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.
1995ല്‍ സുപ്രീംകോടതിവിധിയെ മറികടക്കാന്‍ എ കെ ആന്റണിയുടെ നേതൃത്വത്തില്‍ ക്രീമിലെയര്‍ സംബന്ധിച്ച് പാസാക്കിയ നിയമം നിലനിന്നില്ല. കോടതി എടുക്കേണ്ട തീരുമാനം നിയമസഭയ്ക്ക് എടുക്കാന്‍ കഴിയില്ല. കോടതി തീരുമാനിച്ചാല്‍ അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അതാണ് നിയമവാഴ്ച്ച.
യുഡിഎഫിന്റേത് ജനങ്ങളെ പറ്റിക്കുന്ന സ്ഥിരം കാര്യപരിപാടിയുടെ ഭാഗമാണ് പുതിയ പ്രഖ്യാപനം. നാട്ടുകാരെ പറ്റിച്ച ഉപജീവനം നടത്തുന്ന രാഷ്ട്രീയനേതൃത്വമാണ് കോണ്‍ഗ്രസിനുള്ളത് എന്ന് വീണ്ടും വ്യക്തമാകുകയാണ്. ഇതൊക്കെ ജനങ്ങള്‍ തള്ളിക്കളയുമെന്നും വിജയരാഘവന്‍ പറഞ്ഞു.