Lead NewsNEWSVIDEO

സിപിഐഎം നേതാവ് എം ബി രാജേഷിന്റെ ഭാര്യ നിനിതയുടെ നിയമനം അനധികൃതമോ ?എന്താണ് യാഥാർഥ്യം ?

കാലടി സർവകലാശാല മലയാളം വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിലേക്ക് നടന്ന നിയമനത്തിൽ ക്രമക്കേട് ഉണ്ടെന്ന വാർത്ത രണ്ടു ദിവസമായി കേരളത്തിൽ വലിയ ചർച്ച ആയിരിക്കുകയാണ് .ആ വിവാദത്തിന്റെ നെല്ലും പതിരും അന്വേഷിക്കുക ആണ് ന്യൂസ്ദെൻ മീഡിയ .

വിസി ചെയർമാനായ ഇൻ്റർവ്യൂ ബോർഡ് ആണ് ഉദ്യോഗാർഥികളുടെ അഭിമുഖം നടത്തിയത് ,വിസിയെ കൂടാതെ ഗവർണറുടെ നോമിനിയായ ഭാഷാ വിദഗ്ധൻ ,ഫാക്വൽറ്റി ദീൻ ,വകുപ്പ് മേധാവി ,മൂന്ന് ഭാഷ വിദഗ്ധരായ അധ്യാപകർ എന്നിവരായിരുന്നു ബോർഡിൽ .ഇവർ നൽകിയ മാർക്കിന്റെ അടിസ്ഥാനത്തിൽ പട്ടിക തയ്യാറാക്കി .പട്ടികയിൽ ഒന്നാം സ്ഥാനം നിനിത ആർ -നായിരുന്നു .ഇവർ മൂന്നാം തിയ്യതി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു .


തൊട്ടടുത്ത ദിവസം ഉമർ തറമ്മേൽ എന്ന വിഷയ വിദഗ്ധൻ റാങ്ക് ലിസ്റ്റിൽ അട്ടിമറി നടന്നു എന്ന് കാണിച്ചു പോസ്റ്റ് ഇട്ടു .ഇതോടെ സംഭവം വിവാദമായി .


മാധ്യമങ്ങൾ ചർച്ചകൾ ആരംഭിച്ചു .ഏഴു വർഷം  മുമ്പ് പ്രസിദ്ധീകരിക്കപ്പെട്ട ഒരു റാങ്ക് ലിസ്റ്റ് കാണിച്ചായിരുന്നു വിചാരണ .എന്നാൽ ഈ റാങ്ക് ലിസ്റ്റിന് ഈ തസ്തികയുമായി യാതൊരു ബന്ധവുമില്ല എന്നതാണ് വാസ്തവം .

ജനുവരി 28 നാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത് .ഇതിനു പിന്നാലെ എം ബി രാജേഷിന്റെ സെക്രട്ടറിയ്ക്ക് അജിത് എന്ന എംജി സർവകലാശാലയിൽ ജോലി ചെയ്യുന്ന അദ്ധ്യാപകൻ ഒരു സന്ദേശം അയച്ചു .നിനിത ജോലിയിൽ ജോയിൻ ചെയ്താൽ വിവാദമാകും എന്നായിരുന്നു ഉള്ളടക്കം .അന്വേഷണത്തിൽ അജിത് ഉമർ തറമ്മേൽ എന്ന ഫേസ്ബുക് പോസ്റ്റ് ഇട്ട അധ്യാപകന്റെ ശിഷ്യനാണ് എന്ന് വ്യക്തമായി .മാത്രമല്ല നിനിത ജോലിയ്ക്ക് ചേർന്നില്ലെങ്കിൽ ജോലി ലഭിക്കാൻ സാധ്യത ഹസീന കെ പി എ എന്ന രണ്ടാം റാങ്കുകാരിയ്ക്കാണ് .ഇവർ ഉമർ തറമ്മേലിന്റെ കീഴിൽ താൽക്കാലിക അടിസ്ഥാനത്തിൽ അധ്യാപികയായി ജോലി ചെയ്യുക ആണെന്നും വ്യക്തമായി .

ഇന്ന് ഉമർ തറമ്മേൽ അടക്കമുള്ള മൂന്നു വിഷയ വിദഗ്ധർ കാലടി സർവകലാശാല വി സിയ്ക്ക് എഴുതിയ കത്ത് പുറത്ത് വന്നു .മൂന്നു പേരും ഒറ്റക്കത്താണ് നൽകിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം .കത്തിൽ ധാർമികതയ്ക്കാണ് ഊന്നൽ .എന്നാൽ തന്റെ കീഴിൽ ജോലി ചെയ്യുന്ന ഉദ്യോഗാർത്ഥി പങ്കെടുക്കുന്ന അഭിമുഖത്തിൽ ഉമർ തറമ്മേൽ പാനലിൽ ഇരുന്നത് എന്ത് ധാർമികതയുടെ പേരിലാണ് എന്ന ചോദ്യം നിലനിൽക്കുന്നു .

കത്തിന്റെ പൂർണരൂപം –

മലയാളം അസിസ്റ്റന്റ് അസോസിയേറ്റ് പ്രൊഫസര്‍ ഇന്റര്‍വ്യൂ ബോര്‍ഡില്‍ വിഷയ വിദഗ്ധരായി പങ്കെടുത്ത അദ്ധ്യാപകര്‍ തയ്യാറാക്കി അയക്കുന്ന കത്ത്.

കാലടി ശ്രീ ശങ്കര സംസ്‌കൃത സര്‍വകലാശാലാ ബഹു. വൈസ് ചാന്‍സലര്‍ക്ക്

സര്‍,  

വിവിധ മലയാള അധ്യാപക തസ്തികകളില്‍ ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം 21.01.21 ന് കാലടിയിലെ സര്‍വകലാശാലാ ഭരണ വിഭാഗം കാര്യാലയത്തില്‍ നടന്നിരുന്നല്ലോ. അതില്‍ പങ്കെടുത്ത വിഷയ വിദഗ്ദ്ധര്‍ എന്ന നിലയ്ക്കാണ് ഈ കത്തെഴുതുന്നത്. അഭിമുഖം അവസാനിച്ച ശേഷം വിഷയ വിദഗ്ധരുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍, സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്തും വിലയിരുത്തിയും ഒരു ധാരണയിലെത്തിയ ശേഷമാണ് ഉദ്യോഗാര്‍ത്ഥികളെ പട്ടികപ്പെടുത്തി മാര്‍ക്ക് നല്‍കിയത്.

എന്നാല്‍, അസി.പ്രൊഫസര്‍ (മുസ്ലിം സംവരണം) തസ്തികയില്‍ ഇപ്പോള്‍ പ്രസിദ്ധീകരിച്ച പട്ടിക ഈ ധാരണയ്ക്ക് വിരുദ്ധമാണെന്ന് അറിയുന്നു. കോളേജ് / സര്‍വകലാശാലാ തലത്തിലുള്ള അധ്യാപന പരിചയമോ കാര്യമായ പ്രസിദ്ധീകരണങ്ങളോ ഒരു ഉദ്യോഗാര്‍ഥി തന്റെ മുന്നിലുള്ള രണ്ടോ അതിലധികമോ മികച്ച ഉദ്യോഗാര്‍ഥികളെ മറികടന്ന് ലിസ്റ്റില്‍ ഒന്നാമതായി മാറിയതായും കഴിഞ്ഞ സിണ്ടിക്കേറ്റില്‍ നിയമനം നടത്താന്‍ തീരുമാനിച്ചതായും അറിഞ്ഞു. സര്‍വകലാശാല നിയമിച്ച വിഷയ വിദഗ്ധര്‍ എന്ന നിലയ്ക്ക് ഈ തീരുമാനവും നിയമനവും തെറ്റാണെന്നും സര്‍വകലാശാല എത്തിക്‌സിനു എതിരാണെന്നും ഞങ്ങള്‍ ബോധ്യ പ്പെടുത്തട്ടെ. സര്‍വകലാശാല അധികാരികള്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് നിയമനം നല്‍കാനായിരുന്നു എങ്കില്‍ യു ജി സി ഇക്കാര്യത്തില്‍ നിര്‍ദ്ദേശിക്കുന്ന വിഷയവിദഗ്ധരുടെ ആവശ്യം, ബോര്‍ഡില്‍ എന്താണെന്ന് ഞങ്ങക്ക് മനസ്സിലാവുന്നില്ല.ആയത് കൊണ്ട് നിയമനത്തോട് ശക്തമായ വിയോജിപ്പ് ഞങ്ങള്‍ രേഖപ്പെടുത്തുന്നു.

ഇരുപതും മുപ്പതും വര്‍ഷത്തെ അധ്യാപന പരിചയം ഉള്ളവരായ അദ്ധ്യാപകര്‍ എന്ന നിലയ്ക്ക് അക്കാദമിക് സമൂഹത്തോടും വിദ്യാര്‍ഥി സമൂഹത്തോടും ചില ധാര്‍മികമായ ഉത്തരവാദിത്തങ്ങള്‍ ഞങ്ങള്‍ക്കുണ്ട്. ഞങ്ങളെ മുന്നില്‍ നിര്‍ത്തിയുള്ള ഈ തെറ്റായ നിയമനം ഞങ്ങളുടെ ധാര്‍മികമായ ഉത്തരവാദിത്വത്തിനു മേല്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുന്നു, എന്നു മാത്രമല്ല സര്‍വകലാശാലയുടെ സല്‍പ്പേരിനും അന്തസ്സിനും കളങ്കമേല്‍പ്പിക്കുകയും ചെയ്തതായും ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു.

ആയതിനാല്‍, സര്‍വകലാശാല അധികൃതരുടെ ഈ തെറ്റായ നയത്തില്‍ ഞങ്ങള്‍ കടുത്ത പ്രതിഷേധവും വിയോജിപ്പും രേഖപ്പെടുത്തുന്നതോടൊപ്പം അനധികൃതമായ ഈ നിയമനം മരവിപ്പിച്ച് ഇന്റര്‍വ്യൂ ബോര്‍ഡിന്റെ കൂട്ടായ തീരുമാനം നടപ്പിലാക്കണമെന്നു ബഹു. വൈസ്ചാന്‍സലറോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.

വിശ്വാസപൂര്‍വ്വം

മലയാളം ഇന്റര്‍വ്യൂ ബോര്‍ഡിലെ വിഷയ വിദഗ്ധര്‍,
ഡോ.ടി.പവിത്രന്‍
ഡോ.ഉമര്‍ തറമ്മേല്‍
ഡോ.കെ.എം.ഭരതന്‍

ഇന്റർവ്യൂ ബോർഡിൽ ഉള്ള ആരെങ്കിലുമായി നിനിത കാണിച്ചേരിയ്ക്ക് ബന്ധം ഉണ്ട്‌ എന്ന് ആരോപണം ഇല്ല. നിനിതയ്ക്ക് യോഗ്യത ഇല്ല എന്ന ആരോപണവും ഇല്ല. ഈ പശ്ചാത്തലത്തിൽ ആണ് വിവാദം വെള്ളത്തിൽ വരയ്ക്കുന്ന വര ആകുന്നത്.എന്തായാലും സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് നിനിത തന്നെ ആവശ്യപ്പെട്ടിരിക്കുകയാണ് .

“അർഹതയിൽ ആരും എന്റെ മുകളിലോ താഴെയോ അല്ല. കേരളത്തിലെ സ്ത്രീകൾക്ക് സ്വന്തം മേൽവിലാസവും ജീവിതവും ഉണ്ട്‌.”നിനിതയുടെ പ്രതികരണം ഇതാണ്.

Back to top button
error: