NEWSTRENDING

കേരളത്തിൽ കളം പിടിക്കാൻ ബിജെപി: മിഷൻ കേരള തന്ത്രവുമായി ജെ പി നദ്ദ

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തിൽ ഇത്തവണ വിജയം നേടാനുള്ള ശ്രമത്തിലാണ് ബിജെപി. ഏറ്റവും കുറഞ്ഞത് അഞ്ചു സീറ്റെങ്കിലും ഇത്തവണ കേരളത്തിൽ നിന്ന് ഉണ്ടാവണം എന്നാണ് കേന്ദ്രനേതൃത്വത്തിന്റെ ആവശ്യം. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ആദ്യപടി എന്നോണമാണ് ബിജെപിയുടെ ദേശീയ അധ്യക്ഷൻ ജെ പി നദ്ദ കേരളത്തിൽ എത്തിയത്. കേരളത്തിലെ മുഴുവൻ മണ്ഡലങ്ങളിലെയും പ്രതിനിധികളെ ഏകോപിപ്പിച്ച് മിഷൻ കേരള തന്ത്രവുമായിട്ടാണ് ജെപി നദ്ദയുടെ വരവ്. ശനിയാഴ്ച തൃശ്ശൂരിൽ ജെപി നദ്ദ 140 നിയമസഭാ മണ്ഡലങ്ങളിൽ നിന്നുള്ള പ്രതിനിധികളുമായി ചർച്ച നടത്തും. തൃശൂർ കാസിനോ ഹോട്ടലിൽ നടക്കുന്ന പരിപാടിയിൽ നിയോജകമണ്ഡലം ചുമതല ഇല്ലാത്ത സംസ്ഥാന ഭാരവാഹികളും മോർച്ച അധ്യക്ഷൻമാരും ജില്ലാ അധ്യക്ഷന്മാരും പങ്കെടുക്കുമെന്നാണ് വിവരം.
യോഗത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളെ പറ്റിയുള്ള ചർച്ചകൾ നടക്കുമെന്ന സൂചനയുണ്ട്.

ലഭിക്കാൻ സാധ്യതയുള്ള വോട്ടിന്റെ അടിസ്ഥാനത്തിൽ ബിജെപി മണ്ഡലങ്ങളെ വിവിധ ഗ്രൂപ്പുകളായി തരം തിരിച്ചിട്ടുണ്ട്. ഇതില്‍ എ ക്ലാസ് ആയി നിശ്ചയിച്ച മണ്ഡലങ്ങളുടെ പ്രതിനിധികളുമായി അധ്യക്ഷന്‍ പ്രത്യേക ആശയവിനിമയം നടത്തുമെന്നും വാർത്തകളുണ്ട്. പാര്‍ട്ടി അധ്യക്ഷനായതിനുശേഷം ആദ്യമായി നടക്കുന്ന കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ശ്രദ്ധേയമായ വിജയം നേടണമെന്ന് ജെ പി നദ്ദയ്ക്ക് വ്യക്തിപരമായ ആഗ്രഹമുണ്ട്. അതുകൊണ്ടുതന്നെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള ഏതു മാർഗ്ഗത്തിലൂടെയും പാർട്ടിയെ സഞ്ചരിപ്പിക്കാൻ അദ്ദേഹം തയ്യാറാണ്. അതുകൊണ്ട് തന്നെയാണ് കേരളത്തിലെ എൺപതോളം സാമുദായിക സംഘടനകളുടെ പ്രതിനിധികളുമായി ജെ പി നദ്ദ ഈ വരവിൽ കൂടിക്കാഴ്ച നടത്തുന്നത്.

സംഘപരിവാർ-ബിജെപി ഭാരവാഹികൾ നടത്തിയ ആശയവിനിമയത്തിന്റെ രൂപരേഖ പാർട്ടി അധ്യക്ഷന് മുന്‍പാകെ കോർ കമ്മിറ്റിയിൽ അവതരിപ്പിച്ചിരുന്നു. ഇതിന്റെ കൂടെ അടിസ്ഥാനത്തിലാണ് സാമുദായിക നേതാക്കളെ കാണാനുള്ള തീരുമാനം അധ്യക്ഷന്റെ ഭാഗത്തു നിന്നും ഉണ്ടായത്. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയും കർണ്ണാടക ഉപമുഖ്യമന്ത്രി ഡോക്ടർ അശ്വധ് നാരായണനേയുമാണ് പ്രഭാരിമാരായി ഇത്തവണ കേരളത്തിലേക്ക് കേന്ദ്രം അയച്ചിരിക്കുന്നത്. കേരളത്തിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് നേതൃത്വം നൽകുക ഇവരായിരിക്കും. കേരളത്തിലെ തെരഞ്ഞെടുപ്പു പ്രചരണം വിലയിരുത്തുവാനും പുതിയ തന്ത്രങ്ങൾ ചർച്ച ചെയ്യുവാനും ഇവരും വരും ദിവസങ്ങളിൽ കേരളത്തിലെത്തും എന്നാണ് സൂചന

Back to top button
error: